- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചായ കുടിക്കാൻ മാസ്‌ക് താഴ്ത്തിയാൽ പെറ്റി; മാക്സിടാതെ ആഡംബര കാറിൽ കോട്ടിട്ട് എത്തിയവർക്ക് പിഴയില്ല; വിഐപികളെ കാണുമ്പോൾ കവാത്തു മറക്കുന്ന ഉദ്യോഗസ്ഥനെ ചോദ്യം ചെയ്ത് യുവാവ്; മയപ്പെടുത്തി പൊലീസ്; വീഡിയോ വൈറൽ
തിരുവനന്തപുരം: കോട്ടും സ്യൂട്ടും ധരിച്ച് ആഡംബര കാറിൽ വന്നിറങ്ങിയ വി ഐ പിക്ക് മാസ്‌കില്ലാതിരുന്നിട്ടും പിഴയീടാക്കാത്തതിനെ ചോദ്യം ചെയ്ത യുവാവിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു. യുവാവിന്റെ പ്രവൃത്തിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.
കടയിൽ കയറി നാരങ്ങാവെള്ളമോ, ചായയോ കുടിക്കാൻ മാസ്‌ക് താഴ്‌ത്തുന്നവന് പോലും വൻ തുക പെറ്റി ചുമത്തുമ്പോഴും വിഐപികളെ കാണുമ്പോൾ കവാത്ത് മറുക്കുന്ന പൊലീസിന്റെ ഇരട്ടത്താപ്പാണ് ചോദ്യം ചെയ്യപ്പെടുന്നത്.
ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായുള്ള പരിശോധന തുടരുന്നതിനിടെയാണ് സംഭവം അരങ്ങേറിയത്. മാസ്‌കിടാത്ത വി ഐ പിയോട് പൊലീസ് ഉദ്യോഗസ്ഥർ സംസാരിച്ചു നിൽക്കുന്നത് കണ്ട യുവാവ് അവിടേക്ക് എത്തിയാണ് പൊലീസുകാരുടെ നീതിബോധത്തെ ചോദ്യംചെയ്യുന്നത്.
'ഇയാൾക്കെന്താ മാസ്‌ക് വേണ്ടേ, സാധാരണക്കാരൻ നിങ്ങൾ പെറ്റി അടിക്കില്ലേ. എന്റെ ചോദ്യം ന്യായമല്ലേ എന്നാണ് യുവാവ് ചോദിക്കുന്നത്.ദൃശ്യങ്ങൾ പകർത്തുന്നുണ്ടെന്ന് വ്യക്തമായതോടെ ' നീ പറയുന്ന കേൾക്ക്, ഇങ്ങോട്ട് വന്നേ' എന്ന് സ്‌നേഹപൂർവം യുവാവിനെ പൊലീസുകാർ വിളിക്കുന്നതും വീഡിയോയിൽ കാണാം.
യുവാവ് പൊലീസിനെ ചോദ്യം ചെയ്യുന്നതിനിടെ വി ഐ പി മാസ്‌ക് ധരിക്കുന്നുണ്ട്.കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ പൊലീസ് വ്യാപക പെറ്റിയടി തുടങ്ങിയതോടെയാണ് ജനങ്ങൾ എതിർപ്പുമായി രംഗത്തെത്തിയത്.
'വേണ്ടപ്പെട്ടവരെ' കാണുമ്പോൾ നിയന്ത്രണങ്ങളും നിയമവും മറക്കുന്ന പൊലീസ് നടപടിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. പരസ്യമായി ഇക്കാര്യങ്ങൾ ചോദ്യം ചെയ്യുന്നവർക്ക് എതിരെ മാസ്‌കുവച്ചില്ല, സാമൂഹ്യ അകലം പാലിച്ചില്ല തുടങ്ങി പുതിയ പകർച്ചവ്യാധി നിയമപ്രകാരമുള്ള കേസുകൾ ചുമത്തിയാണ് പൊലീസ് പക തീർക്കാറുള്ളത്.
ഇതുപേടിച്ച് പലരും പ്രതികരിക്കാൻ മുതിരാറില്ല.ഖജനാവ് കാലിയാവാതിരിക്കാൻ ഉന്നതപൊലീസ് ഉദ്യാഗസ്ഥർ കണ്ട കുറുക്കുവഴിയാണ് ഈ പിഴചുമത്തലെന്ന് കഴിഞ്ഞദിവസം റിപ്പോർട്ടുണ്ടായിരുന്നു. ഒരോദിവസവും നിശ്ചിത തുക ഖജനാവിലേക്ക് അയക്കണമെന്നാണ് ഇവർ പൊലീസ് സ്റ്റേഷനുകൾക്ക് നൽകിയിരിക്കുന്ന കർശന നിർദ്ദേശം. സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും പെറ്റിയടിക്ക് കുറവൊന്നുമുണ്ടാകാനിടയില്ലെന്നാണ് ആക്ഷേപം ഉയരുന്നത്.
ന്യൂസ് ഡെസ്ക്