- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നാം റാങ്കുകാർക്ക് പോലും നിയമനം ലഭിക്കാത്ത നാട്ടിൽ സിപിഎം നേതാവിന്റെ ഭാര്യയെന്ന അധിക യോഗ്യത നൽകുന്നത് ഗസറ്റഡ് പോസ്റ്റ്; ഇടതുപക്ഷത്തിനെ അധികാരത്തിലെത്തിക്കാൻ ഉലയൂതിയ യുവാക്കൾ സിപിഎമ്മിനോട് അകലുന്നു; പിണറായി സർക്കാരിന് അവസാന നാളുകളിൽ ശനി ദശയോ?
തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സർക്കാരിന് അധികാരം നഷ്ടമാകാൻ പ്രധാന കാരണങ്ങളിൽ ഒന്ന് യുവാക്കളെ വെറുപ്പിച്ചു എന്നതായിരുന്നു. നിയമന നിരോധനവും പങ്കാളിത്ത പെൻഷനും എല്ലാം ഇടത് യുവജന സംഘടനകൾ നന്നായി ഉപയോഗിക്കുകയും ചെയ്തു. ഇടത് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം യുവാക്കളെ ഒപ്പം നിർത്താൻ ശ്രദ്ധിച്ചിരുന്നു എങ്കിലും സർക്കാരിന്റെ അവസാന നാളുകളിൽ യുവാക്കൾ ഇടതുപക്ഷത്തോട് അകലുകയും യുഡിഎഫ് അവർക്കായി വലവിരിക്കുകയും ചെയ്യുന്ന കാഴ്ച്ചയാണ് കേരളത്തിൽ. ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് സർക്കാരിന് മുന്നിൽ അവശേഷിക്കുന്നത്. യുവാക്കളെ ഒപ്പം നിർത്താൻ എന്ത് പ്രഖ്യാപനമാണ് സർക്കാർ നടത്തുന്നത് എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളും ഉറ്റുനോക്കുന്നത്.
കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് പങ്കാളിത്ത പെൻഷനെതിരെ ഇടത് യുവജന സംഘടനകൾ വലിയ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചിരുന്നു. എന്നാൽ, അധികാരത്തിൽ എത്തിയതിന് ശേഷം സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കാനുള്ള ഇടപെടൽ നടത്താൻ ഇടത് പാർട്ടികളോ യുവജന സംഘടനകളോ മൊനക്കെട്ടില്ല. ഇതോടെ പുതുതായി സർവീസിൽ പ്രവേശിക്കുന്നവർ പങ്കാളിത്ത പെൻഷന്റെ ഭാഗമായി മാറുകയായിരുന്നു.
വെല്ലുവിളി ഉയർത്തി തൊഴിൽ അന്വേഷകരും
ഇടത് സർക്കാർ ഏറ്റവുമധികം പഴി കേൾക്കുന്നത് പിൻവാതിൽ നിയമനങ്ങളുടെ പേരിലാണ്. സ്വന്തം പാർട്ടി നേതാക്കളുടെ ഭാര്യമാർക്ക് ഉന്നത പദവികൾ തരപ്പെടുത്തിയും പാർട്ടി അണികൾക്ക് താത്ക്കാലിക ജോലികൾ നൽകി പിന്നീട് അത് സ്ഥിരപ്പെടുത്തിയും സിപിഎം മുന്നോട്ട് പോകുകയാണ്. ഈ അവസരത്തിലാണ് പി എസ് സി റാങ്ക് ഹോൾഡേഴ്സ് പ്രതിഷേധവുമായി രംഗത്തെത്തുന്നത്.
പിഎസ്സിയെ നോക്കുകുത്തിയാക്കി സംസ്ഥാനത്ത് പിൻവാതിൽ നിയമനം നടക്കുകയാണെന്ന ആരോപിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ സമരത്തിന് എത്തിയ ഉദ്യോഗാർഥികൾ പ്രതിഷേധത്തിനിടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതിൽ നിന്ന് തന്നെ യുവാക്കൾക്ക് ഈ സർക്കാരിനോടുള്ള പ്രതിഷേധം വ്യക്തമാകും. എൽജിഎസ് റാങ്ക് ഹോൾഡേഴ്സ് നടത്തിയ സമരത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
സർക്കാർ പിഎസ് സി ലിസ്റ്റിൽ നിയമനം നടത്തുന്നില്ലെന്നും സംസ്ഥാനത്ത് പിൻവാതിൽ നിയമനമാണ് നടക്കുന്നതെന്നും ഉദ്യോഗാർഥികൾ കുറ്റപ്പെടുത്തി. പ്രതിഷേധ മാർച്ച് മുൻ മന്ത്രി വി എസ് ശിവകുമാർ ഉദ്ഘാടനം ചെയ്തു. മുന്മന്ത്രി ഉദ്ഘാടനം ചെയ്ത് മടങ്ങിയതിന് ശേഷമാണ് മുദ്രാവാക്യം വിളി തുടരുന്നതിനിടെ ആദ്യം ഒരു ഉദ്യോഗാർഥി ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ചത്. പൊലീസ് ഈ യുവാവിനെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുന്നതിനിടെ മറ്റൊരു ഉദ്യോഗാർഥിയും ശരീരത്തിൽ മണ്ണെയൊഴിച്ചു. സർക്കാരിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ലെന്ന് ആരോപിച്ചാണ് ഉദ്യോഗാർഥികൾ സമരം കടുപ്പിച്ചത്. വിവിധ ജില്ലകളിൽ നിന്ന് നിരവധി പേർ സമരത്തിന് എത്തി.
ഒന്നാം റാങ്കുകാർക്ക് പോലും നിയമനം ലഭിക്കാത്ത വ്യവസ്ഥിതി
സംസ്ഥാനത്തെ ചില അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിൽ ഒന്നാം റാങ്കുകാർക്ക് പോലും നിയമനം ലഭിക്കാത്ത സാഹചര്യത്തിലാണ് സിപിഎം നേതാക്കളുടെ ഭാര്യമാർ എന്ന അധിക യോഗ്യത ഉപയോഗിച്ച് പലരും കോളജ് അദ്ധ്യാപികമാർ ആകുന്നതെന്ന് ഉദ്യോഗാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു. നിലവിൽ കോടതി വിധി അനുസരിച്ച് പുതിയ റാങ്ക് ലിസ്റ്റ് നിലവിൽ വന്നാൽ ആദ്യ നിയമനം നൽകേണ്ടത് ഫിസിക്കലി ഹാൻഡിക്കേപ്ഡ് വിഭാഗത്തിലുൾപ്പെടുന്ന അന്ധരായ ഉദ്യോഗാർത്ഥിക്കാണ്. വിവിധ വിഷയങ്ങളിൽ കോളജ് അദ്ധ്യാപകരുടെ പോസ്റ്റിൽ ഒറ്റ വേക്കൻസി മാത്രമാകും റിപ്പോർട്ട് ചെയ്യുക. ഈ അവസരത്തിലും ഒന്നാം റാങ്ക് കിട്ടുന്ന ഉദ്യോഗാർത്ഥിയെ തഴഞ്ഞ് അന്ധരായുള്ള ഉദ്യോഗാർത്ഥിക്കായി വേക്കൻസി മാറ്റിവെക്കുകയാണ്. പല ലിസ്റ്റുകളിലും ആ ഒഴിവ് നികത്താൻ അന്ധരായ ഉദ്യോഗാർത്ഥികൾ ഇല്ലെങ്കിലും ജനറൽ വിഭാഗത്തിന് നിയമനം ലഭിക്കുന്നില്ല. പ്രധാനമായും ഇത്തരം സാഹചര്യങ്ങൾ കോളജ് അദ്ധ്യാപക നിയമനങ്ങളിലും അതുപോലെയുള്ള ഉയർന്ന ജോലികളിലുമാണ് എന്ന് ഉദ്യോഗാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു.
പിൻവാതിൽ നിയമനങ്ങൾ മൂലം ഏറ്റവുധികം അവസരങ്ങൽ നഷ്ടനാകുന്നത് ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കാണ്. പല വകുപ്പുകളിലും തൂപ്പുകാരായും വാച്ച്മാന്മാരായും മറ്റും താത്ക്കാലിക ജോലിക്കാരായി എടുത്ത് വെച്ചിട്ടുള്ള പാർട്ടി പ്രവർത്തകരെയാണ് സിപിഎം സ്ഥിരപ്പെടുത്തുന്നത്. ഈ വേക്കൻസികളെല്ലാം സ്ഥിരപ്പെടുത്തി പി എസ് സിക്ക് റിപ്പോർട്ട് ചെയ്താൽ പഠിച്ച് പരീക്ഷയെഴുതി റാങ്ക് പട്ടികയിൽ ഇടംപിടിച്ച നൂറുകണക്കിന് തൊഴിൽ അന്വേഷകർക്ക് സർക്കാർ ജോലി എന്ന സ്വപ്നം സഫലമാകും.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിയമന നിരോധനവും
ഉന്നത വിദ്യാഭ്യാസ മേഖലയിൽ 200 പുതിയ കോഴ്സുകൾ അനുവദിക്കുമെന്നായിരുന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നത്. പറഞ്ഞതനുസരിച്ച് കോഴ്സുകൾ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ, അഞ്ചു വർഷത്തേക്ക് നിയമനം നിരോധിച്ചുള്ള ഉത്തരവും ഇതിനൊപ്പം സർക്കാർ ഇറക്കി. ആയിരം പുതിയ പോസ്റ്റുകൾ അനിവദിക്കുമെന്ന് പറഞ്ഞതാകട്ടെ പ്രഖ്യാപിച്ചപ്പോൾ കൂടുതലും എയ്ഡഡ് മേഖലയിലും. ഇത് പണമുള്ളവർക്കും പാർട്ടിക്കാർക്കും എന്നാണ് ഉദ്യോഗാർത്ഥികൾ ചൂണ്ടിക്കാട്ടുന്നത്.
അവസരം പ്രയോജനപ്പെടുത്താൻ യുഡിഎഫും
യുഡിഎഫ് അധികാരത്തിൽ വന്നാൽ പിൻവാതിൽ നിയമനങ്ങൾ തടയാൻ ബില്ല് കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ച് കഴിഞ്ഞു. റാങ്ക് ലിസ്റ്റിൽ പേരു വന്നിട്ടും ജോലി കിട്ടാതെ തിരുവനന്തപുരത്ത് കാരക്കോണത്ത് അനു എന്ന് ചെറുപ്പക്കാരൻ ജീവനൊടുക്കി. റാങ്ക് ലിസ്റ്റുകാർ കണ്ണീരും കൈയുമായി നടക്കുന്നു. ആത്മഹത്യയുടെ വക്കത്ത് എത്തി നിൽക്കുകയാണവർ.പിൻവാതിൽ നിയമനങ്ങളുടെ കുഭമേളയാണ് നടക്കുന്നതെന്ന് അദ്ദേഹം പാലക്കാട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഈ ദുസ്ഥതി പരിപൂർണ്ണമായി അവസാനിപ്പിക്കും. ഇതിനായി സമഗ്രമായ നിയമനിർമ്മാണമാണ് യൂ ഡി എഫ് മുന്നോട്ടുവയ്ക്കുന്നത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുന്നതും അനധികൃത നിയമനവും ക്രിമിനൽ കുറ്റമാക്കി നിബന്ധന ചെയ്യുന്നതാണ് ഈ ബില്ല്.ഈ സർക്കാരിന്റെ നാലര വർഷത്തെ ഭരണത്തിൽ മൂന്നു ലക്ഷത്തോളം പിൻവാതിൽ നിയമനങ്ങളും താത്ക്കാലിക നിയമനങ്ങളും നടത്തിയിട്ടുണ്ട്.ഇതു കാരണം കുറഞ്ഞത് 3 ലക്ഷം ചെറുപ്പക്കാർക്കെങ്കിലും വ്യവസ്ഥാപിത മാർഗ്ഗങ്ങളിലൂടെയുള്ള തൊഴിൽ നിഷേധിക്കപ്പെട്ടിട്ടുണ്ട്.
ലക്ഷകണക്കിന് ചെറുപ്പക്കാർ തൊഴിലില്ലാതെ കഷ്ടപെടുമ്പോഴാണ് ഇങ്ങനെ വൻതോതിൽ താത്കാലിക നിയമനങ്ങളാണ് സംസ്ഥാനത്തു നടക്കുന്നത്. പി എസ് സി പരീക്ഷയെഴുതി റാങ്ക് ലിസ്റ്റിൽ പേര് വന്നിട്ടും തസ്തികകൾ റിപ്പോർട്ട് ചെയ്യപ്പെടാത്തത് കാരണം ജോലി നിഷേധിക്കപെടുകയാണ്. പകരം പിൻവാതിൽ വഴിയും കൺസൾട്ടൻസി വഴിയും ഇഷ്ടക്കാരെയും ബന്ധുക്കളെയും പാർട്ടിക്കാരെയും തിരുകികയറ്റുകയാണ് ഇപ്പോൾ ചെയ്യുന്നത്. പി.എസ്.സി ക്ക് വിട്ട തസ്തികകളൽ നിയമനം നടക്കുന്നില്ലെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും അവയിൽ ഇഷ്ടം പോലെ നിയമനവും സ്ഥിരപ്പെടുത്തലും നടത്തുകയാണ്.
പിൻവാതിൽ നിയമനങ്ങളുടെ കുഭമേളയാണ് നടക്കുന്നത്.യുഡിഎഫ് വിഭാവനം ചെയ്യുന്ന നിയമപ്രകാരം ഓരോ വകുപ്പിലെ Head of department, അല്ലെങ്കിൽ appointing authority ആ വകുപ്പിൽ ഉണ്ടാകാൻ പോകുന്ന തസ്തികകൾ 6 മാസത്തിലൊരിക്കൽ പി എസ് സി ക്ക് റിപ്പോർട്ട് ചെയ്യേണ്ടേതാണ്.Head of department, അല്ലെങ്കിൽ appointing authority റിപ്പോർട്ട് ചെയ്യുന്ന തസ്തിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കേണ്ടതാണ്. പി എസ് സി യുടെ റാങ്ക് ലിസ്റ്റ് നിലനിൽക്കെ താത്കാലിക നിയമനങ്ങൾ നടത്തുന്നവർക്കെതിരെയും ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്ത വകുപ്പ് തലവന്മാർക്കെതിരെ, ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുന്നതാണ് . ഈ കുറ്റങ്ങൾ കോഗ്നിസബ്ൾ ആയിരിക്കും. ഇതിന്റെ ശിക്ഷ 3 മാസം മുതൽ 2 വർഷം വരെയായിരിക്കും.
താത്ക്കാലിക നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി മാത്രം താത്കാലിക നിയമനങ്ങൾ നടത്താൻ പാടുള്ളൂ. കാരണം എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിൽ ധാരളം ആളുകൾ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നുണ്ട്. അവർക്ക് ഒരവസരവും കിട്ടുന്നില്ല. കാരണം കരാർ നിയമനവും പിൻവാതിൽ നിമനങ്ങളും വൻതോതിൽ നടന്നു കൊണ്ടിരിക്കുകയാണ്. അവ് അവസാനിപ്പിക്കുന്നതിനാണ് ഈ ബില്ല്. ഈ കരട് ബില്ല് യു.ഡി.എഫിൽ ചർച്ച ചെയ്ത് അന്തിമമാക്കും.
സർക്കാരിന് മുന്നിൽ കുറച്ച് ദിവസങ്ങൾ
മാർച്ച് മാസത്തിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കപ്പെടും എന്നാണ് കരുതുന്നത്. അതുകൊണ്ട് തന്നെ സംസ്ഥാന സർക്കാരിന് തൊഴിൽ രഹിതരായ യുവാക്കളെ കയ്യിലെടുക്കാൻ പുതിയ പ്രഖ്യാപനങ്ങൾ നടത്താൻ വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമേയുള്ളൂ. ഇതിനിടയിൽ എന്താണ് സിപിഎം കാട്ടാൻ പോകുന്ന അത്ഭുതം എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളും ഉറ്റുനോക്കുന്നത്. പിൻവാതിൽ നിയമനങ്ങൾ വിവാദമായതോടെ യുവാക്കളിൽ നല്ലൊരു പങ്കും പാർട്ടിയോട് അകന്നെന്ന് പല നേതാക്കളും രഹസ്യമായി സമ്മതിക്കുന്നുണ്ട്. എന്നാൽ അവരെ ഒപ്പം കൂട്ടാൻ അവസാന ദിനങ്ങളിൽ ജനകീയ പ്രഖ്യാപനങ്ങൾ ഉണ്ടാകും എന്ന് തന്നെയാണ് ഇവർ പറയുന്നത്.
അതേസമയം, ജനകീയ പ്രഖ്യാപനങ്ങൾ പോലും നടത്താൻ പറ്റാത്ത വിധം ശനിദശയാണ് അവസാന നാളുകളിൽ സിപിഎമ്മിനെ പിടികൂടിയിരിക്കുന്നത്. പല ഫയലുകളും ധനവകുപ്പിന്റെ അനുമതിക്കായി സെക്രട്ടറിയേറ്റിലെ ധനകാര്യ വിഭാഗത്തിൽ കാത്തുകിടക്കുകയാണ്. ഇതിനിടയിലാണ് ധനവകുപ്പ് കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചത്. ഇതോടെ ഫയലുകൾ പലതും അട്ടത്തായ അവസ്ഥയിലാണ്. വർക്ക് ഫ്രം ഹോം സംവിധാനം ഏർപ്പെടുത്തി എങ്കിലും കോവിഡിനെ പഴിചാരി രക്ഷപെടുകയാണ് ഉദ്യോഗസ്ഥർ.
മറുനാടന് മലയാളി ബ്യൂറോ