- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവാവ് ആത്മഹത്യ ചെയ്തതുകൊക്കയിലേക്ക് തള്ളിയ പെൺസുഹൃത്ത് മരിച്ചെന്ന് കരുതി; 26 മണിക്കൂറിന് ശേഷം പെൺകുട്ടിയെ രക്ഷപ്പെടുത്തി പൊലീസ്; നാടുകാണി പവലിയനിലെ ആത്മഹത്യ സുഹൃത്തുക്കൾ തമ്മിലുള്ള വഴക്കിനെത്തുടർന്ന്; യുവാവിനെ കൊലപ്പെടുത്തിയതെന്ന പരാതിയുമായി സഹോദരി രംഗത്ത്
കുളമാവ്: നാടുകാണി പവിലിയനിൽ എത്തിയ യുവാവ് തുങ്ങി മരിച്ചത് ഇയാൾ കൊക്കയിലേക്ക് തള്ളിയ പെൺകുട്ടി മരിച്ചെന്ന തെറ്റിധാരണ മൂലമെന്ന് പൊലീസ്. കഴിഞ്ഞ ദിവസമാണ് മേലുകാവ് ഇല്ലിക്കൽ (മുരിക്കൻ തോട്ടത്തിൽ) അലക്സിനെ (23) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി നാടുകാണി പവലിയനിൽ എത്തിയ അലക്സ് സമീപത്തെ മരത്തിൽ തൂങ്ങി മരിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; സുഹൃത്തുക്കളായ അലക്സും പ്ലസ് ടു വിദ്യാർത്ഥിനിയും വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് ബൈക്കിൽ നാടുകാണി പവിലിയനു സമീപം എത്തിയത്. ഇരുവരും പാറക്കെട്ടിലിരുന്നു സംസാരിക്കുമ്പോൾ വഴക്കുണ്ടാകുകയും യുവാവ് പെൺകുട്ടിയെ പാറക്കെട്ടിൽ നിന്നു താഴേക്കു തള്ളിയിടുകയുമായിരുന്നു. 250 അടി താഴേക്കു വീണുപോയ പെൺകുട്ടി ബോധരഹിതയായി. അലക്സ് പാറക്കെട്ടിലൂടെ ഇറങ്ങി താഴെയെത്തി.പെൺകുട്ടി മരിച്ചെന്നു കരുതിയ യുവാവ് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ചെന്നുമാണ് പൊലീസ് പറയുന്നു.
നാടുകാണിയിലെ വ്യൂ പോയിന്റിൽ നിന്ന് അൽപം അകലെയുള്ള ഒരു പാറക്കെട്ടിൽ നിന്നു താഴേക്കു വീണ നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. 250 അടി ആഴമുള്ള കൊക്കയിലേക്ക് വീണ പെൺകുട്ടിയെ 26 മണിക്കൂറുകൾക്കു ശേഷാണ് രക്ഷപ്പെടുത്തിയത്. മൂലമറ്റത്തുനിന്ന് അഗ്നിരക്ഷാസേന എത്തി കൊക്കയിൽ നിന്നു സ്ട്രെച്ചറിൽ വടം കെട്ടി പെൺകുട്ടിയെ റോഡിലെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിന്റെയും ഇടുപ്പെല്ലിന്റെയും അസ്ഥികൾക്കു പൊട്ടലുണ്ട്.
വ്യാഴാഴ്ച രാവിലെ മുതൽ റോഡിൽ ബൈക്കും ഹെൽമറ്റുകളും ബാഗും ഇരിക്കുന്നത് സമീപത്തുള്ള റിസോർട്ട് ജീവനക്കാരുടെ ശ്രദ്ധയിൽപെട്ടു. തുടർന്ന് കുളമാവ് പൊലീസ് നടത്തിയ തിരച്ചിലിലാണ് പരുക്കേറ്റ നിലയിൽ പെൺകുട്ടിയെയും മരിച്ച നിലയിൽ യുവാവിനെയും കണ്ടെത്തിയത്. വ്യാഴാഴ്ച മുതൽ അലക്സിനെയും പെൺകുട്ടിയെയും കാണാനില്ലെന്ന് ബന്ധുക്കൾ കാഞ്ഞാർ, മേലുകാവ് പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിരുന്നു. ഇതിനെത്തുടർന്ന് പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് റിസോർട്ട് ജീവനക്കാരുടെ ഫോൺ പൊലീസിന് ലഭിക്കുന്നത്.
അതേസമയം അലക്സിനെ കൊലപ്പെടുത്തിയതാണെന്നു സംശയമുണ്ടെന്നു പരാതിയുമായി സഹോദരി ലിജി മോൾ എം. ജോസഫ് പൊലീസിൽ രംഗത്തെത്തി.അലക്സിനെ വകവരുത്തുമെന്ന് പെൺകുട്ടിയുടെ പിതാവ് മുൻപ് ഭീഷണിപ്പെടുത്തിയിരുന്നതായും സഹോദരിയുടെ പരാതിയിൽ പറയുന്നു.മേലുകാവ് ഇല്ലിക്കൽ ജോസഫ് (സാബു)ന്റെയും ഏലിയാമ്മയുടെയും മകനാണ് അലക്സ്.അലക്സിന്റെ മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ