തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ യൂത്ത് കോൺഗ്രസുകാരെ കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ ആവശ്യം ജില്ലാ സെഷൻസ് കോടതി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി. ഇന്നലെ മുതൽ കസ്റ്റഡി ആവശ്യപ്പെട്ടാണു പൊലീസ് അപേക്ഷ നൽകിയത്.

നിലവിൽ ചുമത്തിയിരിക്കുന്ന വകുപ്പുകൾ പ്രകാരം കേസ് അന്വേഷിക്കേണ്ടതു ദേശീയ അന്വേഷണ ഏജൻസിയാണെന്നും പൊലീസല്ലെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ പൊലീസിന് അന്വേഷിക്കാമെന്നു പ്രോസിക്യൂഷൻ നിലപാടെടുത്തു. ഇതോടെയാണ് ഇക്കാര്യം പരിശോധിക്കണമെന്നും തിങ്കളാഴ്ച പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കിയത്. തിങ്കളാഴ്ച പ്രതികളെയും കോടതിയിൽ ഹാജരാക്കണം.

വിമാനത്തിൽ പ്രതിഷേധിച്ച ഫർസീൻ മജീദ്, നവീൻകുമാർ, സുനിത് നാരായണൻ എന്നിവരാണ് വലിയതുറ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികൾ. ഇവരിൽ സുനിത് നാരായണൻ ഒളിവിലാണ്. മറ്റു പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്‌പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്.

തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി പി. വി.ബാലകൃഷ്ണനാണ് കേസ് പരിഗണിച്ചത്. അതേ സമയം ജാമ്യം നിരസിച്ച മജിസ്‌ട്രേട്ട് കോടതി ഉത്തരവിനെതിരെ പ്രതികൾ ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടിയിരിക്കേയാണ് പൊലീസ് കസ്റ്റഡി ആവശ്യവുമായി വിചാരണക്കോടതിയായ ജില്ലാക്കോടതിയെ സമീപിച്ചിരിക്കുന്നത്. സിവിൽ ഏവിയേഷൻ നിയമപ്രകാരം വിചാരണക്കായി സ്‌പെഷ്യൽ കോടതി രൂപീകരിക്കേണ്ടതുണ്ട്. അത് നാളിതുവരെ രൂപീകരിക്കാത്ത സാഹചര്യത്തിലാണ് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി കേസ് പരിഗണിക്കുന്നത്.

ജൂൺ 13ന് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്ത് പറന്നിറങ്ങിയ ഇൻഡിഗോ എയർ വിമാനത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുഖ്യമന്ത്രിയും കുടുംബവും കറൻസി കടത്തിയെന്നും നയതന്ത്ര ഓഫീസിൽ നിന്നും ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്പിൽ ലോഹക്കട്ടികൾ കടത്തിയെന്നും മകൾക്ക് വേണ്ടി സുൽത്താനുമായി ബന്ധപ്പെടാൻ നിർദ്ദേശിച്ചുവെന്നും ജയിലിൽ ഭീഷണിപ്പെടുത്തിയെന്നും മറ്റുമുള്ള വെളിപ്പെടുത്തൽ സ്വർണ്ണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് നടത്തിയിരുന്നു.

സ്വപ്നയുടെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് മുദ്രാവാക്യം വിളിച്ചത്. മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്നത് ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് വലിയതുറ പൊലീസ് കേസെടുത്തത്. തിരുവനന്തപുരത്ത് എത്തിയപ്പോൾ വിമാനത്തിൽ നിന്നിറങ്ങാൻ കാത്തു നിൽക്കുന്നതിനിടെ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുക മാത്രമാണുണ്ടായതെന്നും ആരോപിക്കുന്ന വധശ്രമക്കുറ്റത്തിന് തങ്ങളുടെ പക്കൽ യാതൊരു ആയുധങ്ങളുമില്ലായിരുന്നുവെന്നും മറ്റുമാണ് പ്രതികൾ ജാമ്യഹർജിയിൽ ബോധിപ്പിച്ചിട്ടുള്ളത്.

വിമാനത്തിൽ മുൻഭാഗത്താണ് പ്രതികൾക്ക് സീറ്റ് ലഭിച്ചത്. മുഖ്യമന്ത്രി എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനൊപ്പം പിറകു ഭാഗത്താണുണ്ടായിരുന്നത്. തിരുവനന്തപുരത്ത് ലാന്റ് ചെയ്തപ്പോൾ ആദ്യം തന്നെ മുഖ്യമന്ത്രി വിമാനത്തിൽ നിന്ന് പുറത്തേക്കിറങ്ങി. തുടർന്ന് ഇവർ വിമാനത്തിൽ വെച്ച് മുദ്രാവാക്യം വിളിച്ചു. മുദ്രാവാക്യം വിളി ആരംഭിച്ചപ്പോൾ സെക്യൂരിറ്റി ഓഫീസറും ഒരു ജീവനക്കാരനും ഇ.പി.ജയരാജനും എഴുന്നേറ്റു. തുടർന്ന് ജയരാജൻ ഇവരെ പിടിച്ചു തള്ളി താഴെയിടുകയായിരുന്നു.

സിവിൽ ഏവിയേഷൻ നിയമ കേസ് സ്‌പെഷ്യൽ കോടതി വിചാരണ ചെയ്യേണ്ടതിനാൽ തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി കേസ് റെക്കോർഡുകൾ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിക്ക് സമർപ്പിക്കുകയായിരുന്നു. കേസിൽ ഒളിവിൽ പോയ മൂന്നാം പ്രതി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജി സമർപ്പിച്ചിട്ടുണ്ട്. പട്ടാന്നൂർ കുന്നോത്തെ ചന്ദ്രാലയത്തിൽ സുനിത് നാരായണനാണ് ഹൈക്കോടതിയെ സമീപിച്ചത്. യൂത്ത് കോൺഗ്രസ് മട്ടന്നൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയാണിയാൾ.