- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങൾ ഇങ്ങോട്ടു വരുമോ..അതോ ഞങ്ങൾ അങ്ങോട്ടു വരണോയെന്ന് പൊലീസ്; ക്വാറന്റൈനിലിരിക്കേ കാമുകിയുമായി അതിസാഹസികമായി ഒളിച്ചോടിയ യുവാവിന് കോവിഡ്; വിവരം അറിഞ്ഞത് രജിസ്റ്റർ വിവാഹത്തിന് നിമിഷങ്ങൾക്ക് മുൻപ്; രായ്ക്കുരാമാനം ഒളിസങ്കേതം കണ്ടെത്തി പൊലീസ്; ഇത്രയും ഗതി കെട്ടവൻ വേറെ ആരെങ്കിലും കാണുമോ കർത്താവേ...ആടു സിനിമയിലെ ജയസൂര്യയുടെ മാസ് ഡയലോഗുമായി യുവാവും
മല്ലപ്പള്ളി: ഇത്രയും ഗതി കെട്ടവൻ വേറെ ആരെങ്കിലും കാണുമോ കർത്താവേ...ആടു സിനിമയിൽ ജയസൂര്യയുടെ ഈ മാസ് ഡയലോഗ് കേട്ട് ചിരിക്കാത്ത മലയാളികൾ കുറവാണ്. ഇപ്പോഴിതാ ഇത്തരമൊരു ആത്മഗതം നടത്തേണ്ടി വന്നിരിക്കുകയാണ് പരിയാരം സ്വദേശിയായ യുവാവി(27)ന്. ജമ്മുകശ്മീരിൽ നിന്നും നാട്ടിലെത്തി ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന അമൽ അതിസാഹസികമായി കാമുകിയുമായി ഒളിച്ചോടി. പക്ഷേ, രായ്ക്കുരാമാനം പൊലീസ് ഒളിസങ്കേതം കണ്ടെത്തി. നിങ്ങൾ ഇങ്ങോട്ടു വരുമോ അതോ ഞങ്ങൾ അങ്ങോട്ടു വരണോയെന്ന് പൊലീസുകാർ ചോദിച്ചു. ഞങ്ങൾ തന്നെ വന്നോളാമെന്ന് മറുപടിയും നൽകി. കാമുകിയെ രജിസ്റ്റർ വിവാഹം ചെയ്ത് ഉടൻ തിരിച്ചു വരാനിരിക്കുമ്പോഴാണ് കോവിഡ് പരിശോധനാ ഫലം പോസിറ്റീവായെന്ന് അറിയുന്നത്.
മല്ലപ്പള്ളി കീഴ്‌വായ്പൂർ സ്റ്റേഷൻ പരിധിയിൽ തുടങ്ങിയ ഒളിച്ചോട്ടം ഒടുവിൽ തിരുവനന്തപുരത്തെ കോവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ അവസാനിച്ചു. കാമുകിയെ ക്വാറന്റൈനിലേക്കും പറഞ്ഞു വിട്ടു. മല്ലപ്പള്ളി സ്വദേശിനിയായ 21 വയസുകാരിയെ കാണാനില്ലെന്ന് പറഞ്ഞ് മാതാപിതാക്കളും സഹോദരിയും ഇന്നലെ ഉച്ച കഴിഞ്ഞ് കീഴ്‌വായ്പൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിടത്തു നിന്നാണ് കഥയുടെ തുടക്കം.
രണ്ടാഴ്ച മുൻപാണ് ജോലി സ്ഥലത്ത് നിന്ന് അമൽ നാട്ടിലെത്തിയത്. പെൺകുട്ടിയുമായി ഏറെ നാളായി അടുപ്പത്തിലുമായിരുന്നു. അക്ഷയ സെന്ററിൽ പോകുന്നുവെന്ന് പറഞ്ഞാണ് പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങിയത്. ഏറെ സമയം കഴിഞ്ഞിട്ടും മടങ്ങി വരാതെ ഇരുന്നപ്പോഴാണ് പൊലീസിൽ പരാതി നൽകിയത്. അമലുമായി കുട്ടിക്ക് അടുപ്പമുള്ള കാര്യവും രക്ഷിതാക്കൾ പൊലീസിനോട് സൂചിപ്പിച്ചിരുന്നു. ഇരുവരുടെയും ഫോണുകൾ ഓഫായിരുന്നു.
അമലിന്റെ വീട്ടിൽ നേരിട്ടെത്തിയ പൊലീസ് പോകാനിടയുള്ള സ്ഥലങ്ങൾ തേടി. അങ്ങനെയാണ് തിരുവനന്തപുരത്ത് ഇരുവരും ഉണ്ടെന്ന് മനസിലായത്. രാത്രി തന്നെ തിരികെ എത്താൻ പൊലീസ് ഇൻസ്പെക്ടർ സിടി സഞ്ജയ് നിർദേശിച്ചു. രാവിലെ എത്തിക്കോളാമെന്ന് കമിതാക്കൾ വാക്കു നൽകി. രാവിലെയും കാണാതെ വന്നപ്പോൾ പൊലീസ് വീണ്ടും വിളിച്ചു. ഈ സമയം രജിസ്റ്റർ വിവാഹത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു രണ്ടു പേരും. ഇതിനിടെ രാവിലെ 11 മണിയോടെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ നിന്നും അമലിന് കോവിഡ് സ്ഥിരീകരിച്ചുവെന്ന് പൊലീസിന് വിവരം ലഭിച്ചു. 14 ദിവസത്തെ ക്വാറന്റൈന് ശേഷം സ്രവം പരിശോധനയ്ക്ക് നൽകിയായിരുന്നു അമലിന്റെ ഒളിച്ചോട്ടം. കീഴ്‌വായ്പൂർ പൊലീസ് അവിടേക്ക് വിവരം കൈമാറുകയും അമലിനെ ചികിൽസാ കേന്ദ്രത്തിലേക്ക് മാറ്റുകയുമായിരുന്നു. ക്വാറന്റൈൻ ലംഘനത്തിന് കേസും എടുത്തിട്ടുണ്ട്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്