- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വസ്തു അവകാശത്തെ ചൊല്ലിയുള്ള തർക്കം നീണ്ടത് 70ാം വർഷത്തിലേക്ക്; ലാൻഡ് ട്രിബ്യൂണലിൽ കൊടുത്ത കേസും ഇതുവരെ വിളിച്ചില്ല; നാലര കോടി മൂല്യമുള്ള വസ്തു കേസിൽ കിടക്കുമ്പോൾ വട്ടിയൂർക്കാവിൽ വേലുക്കുട്ടിയുടെ മകന്റെ കുടുംബം താമസിക്കുന്നത് തകര ഷെഡ്ഡിൽ
തിരുവനന്തപുരം: വൈകിയെത്തുന്ന നീതി അനീതിക്ക് തുല്യമാണ്. എന്നാൽ നമ്മുടെ നീതിപീഠങ്ങൾ പലപ്പോഴും അത് മറക്കുന്നു എന്നതാണ് അനന്തമായി നീണ്ടുപോകുന്ന വ്യവഹാരങ്ങൾ നമ്മെ ഓർപ്പിക്കുന്നത്. പതിറ്റാണ്ടുകളോളം നീണ്ടുപോകുന്ന കേസുകൾ അർഹരായവർക്ക് നീതി നിഷേധിക്കുന്നതിന് തുല്യമാണ്. പലപ്പോഴും കേസുകൾ അവസാനിക്കുമ്പോൾ നീതി ലഭിക്കേണ്ടവർ ജീവനോടെ പോലും ഇല്ലാത്ത അവസ്ഥയാണുള്ളത്.
അർഹരായവർക്ക് അർഹമായ സമയത്ത് അർഹതപ്പെട്ട നീതി ലഭിക്കാതെ വരുമ്പോൾ അവർ അന്ന് വരെ നടത്തിവരുന്ന നിയമപോരാട്ടങ്ങൾക്ക് പ്രസക്തി ഇല്ലാതായിമാറുകയാണ്. കാലങ്ങൾക്ക് ശേഷം വരുന്ന വിധി അവർ അന്ന് വരെ അനുഭവിക്കുന്ന അനീതികൾക്കും കഷ്ടപ്പാടുകൾക്കും പരിഹാരമാകുമോ? അത്തരത്തിൽ അനന്തമായി നീണ്ടുപോകുന്ന നീതിയുടെ കഥയാണ് വട്ടിയൂർക്കാവ് മഞ്ചാടിമൂട് ജങ്ഷനിലുള്ള ഈ പത്തൊമ്പത് സെന്റ് ഭൂമിയുടെ ചരിത്രം.
കഴിഞ്ഞ 69 വർഷത്തോളമായി സ്ഥലത്തിന്റെ അവകാശത്തെ ചൊല്ലി കേസ് നടക്കുകയാണ്. അന്ന് കേസിൽ കക്ഷികളായിരുന്നവരാരും ഇന്ന് ജീവനോടെ ഇല്ല. അവരുടെ മക്കളാണ് പാരമ്പര്യസ്വത്ത് പോലെ കേസിപ്പോൾ മുന്നോട്ടുകൊണ്ട് പോകുന്നത്. 1945 ൽ വേലുക്കുട്ടി എന്നയാൾ വിലയാധാരമായി വാങ്ങിയതാണ് ഈ ഭൂമി എന്നാണ് വേലുക്കുട്ടിയുടെ മകനും ഈ സ്ഥലത്തെ ഇപ്പോഴത്തെ താമസക്കാരനുമായ അനി പറയുന്നത്. ചാല സബ് രജിസ്ട്രാർ ഓഫീസിലായിരുന്നു ഭൂമി രജിസ്ട്രേഷൻ. തൊട്ടടുത്തുള്ള കുടിയേറ്റ ഭൂമി ഒഴിപ്പിച്ച കോടതി അമീൻ കൂടിയായ പ്രദേശവാസി ഈ ഭൂമിയും ഒഴിപ്പിക്കാനായി നോട്ടീസ് നൽകി. എന്നാൽ ഭൂമിസംബന്ധമായ രേഖകളൊക്കെ കൈവശമുള്ളതിനാൽ വേലുക്കുട്ടി കോടതിയിൽ പോയി. 1952 ൽ ആരംഭിച്ച ഈ കേസാണ് ഇപ്പോൾ സപ്തതിയിലേയ്ക്ക് കടക്കാനൊരുങ്ങുന്നത്.
നീണ്ടുപോകുന്ന വ്യവഹാരം മൂലം വേലുക്കുട്ടിയുടെ കുടുംബത്തിന് ഇപ്പോൾ കരമടയ്ക്കാൻ പോലും സാധിക്കുന്നില്ല. അതിന്റെ രേഖകൾക്ക് വേണ്ടി വേലുക്കുട്ടിയുടെ മകൻ അനി വില്ലേജ് ഓഫീസിൽ എത്തിയപ്പോൾ അവരുടെ പേജ് വെള്ളം വീണ് കീറിപ്പോയെന്ന മറുപടിയാണ് കിട്ടിയതത്രേ. 2006ൽ ലാൻഡ് ട്രിബ്യൂണലിനെ സമീപിച്ചെങ്കിലും ഇതുവരെയും കേസ് വാദത്തിനെടുക്കാൻ അവരും തയ്യാറായിട്ടില്ല. 15 വർഷമായി കേസ് തുടർച്ചയായി മാറ്റിവച്ചുപോകുകയാണ് ലാൻഡ് ട്രിബ്യൂണൽ.
ദളിത് വിഭാഗക്കാരനായ അനിക്ക് അലക്കാണ് ഉപജീവനമാർഗം. അലക്ക് കട തുടങ്ങുന്നതിന് 2004ൽ അനി തകരഷീറ്റുകൾ കൊണ്ട് മറച്ചുകെട്ടി ഒരു ഷെഡ് നിർമ്മിച്ചിരുന്നു. എന്നാൽ ഒരു മുന്നറിയിപ്പുമില്ലാതെ ഇരച്ചെത്തിയ പൊലീസുകാർ ആ ഷെഡ് ഭാഗികമായി പൊളിച്ചുമാറ്റുകയും അതിന് പിന്നിലുള്ള ആറര സെന്റ് കയ്യേറി എതിർകക്ഷികൾ പൊലീസ് സംരക്ഷണയിൽ ഒരു ബഹുനില കെട്ടിടം നിർമ്മിക്കുകയും ചെയ്തതായി അനി പരാതിപ്പെടുന്നു.
2006 ൽ വേലുക്കുട്ടി മരിച്ചു. 2014 ൽ കനത്ത മഴയത്ത് അനിയുടെ ചെളി കെട്ടിയ വീട് ഇടിഞ്ഞുവീണ് സഹോദരി മരണപ്പെട്ടു. അപകടാവസ്ഥയിലായ വീട്ടിൽ നിന്നും താമസം മാറ്റിയ അനിയും കുടുംബവും മുമ്പ് പൊലീസുകാർ ഭാഗികമായി പൊളിച്ചുമാറ്റിയ ഷെഡ് അടച്ചുകെട്ടിയാണ് ഇപ്പോൾ താമസിക്കുന്നത്. സ്ഥലം കേസിലായതിനാൽ ഒരു ഭാഗം വിറ്റോ പണയം വച്ചോ വീട് വയ്ക്കാമെന്ന ആഗ്രഹവും അസ്ഥാനത്താണ്. നാലരക്കോടിയിലേറെ മൂല്യമുള്ള ഈ സ്ഥലത്താണ് ഇത്തരമൊരു വീട്ടിൽ അനിയും കുടുംബവും ജീവിക്കേണ്ടി വരുന്നതെന്നാണ് വിരോധാഭാസം.
കളക്ടർ, ആർഡിഒ, റവന്യൂ- വിജിലൻസ് തുടങ്ങി നിരവധി ഉദ്യോഗസ്ഥർക്കും വകുപ്പുകൾക്കും പരാതികൾ നൽകിയെങ്കിലും ഇതുവരെ യാതൊരു അന്വേഷണത്തിനും അവർ തയ്യാറായിട്ടില്ല. കൃത്യമായി രേഖകൾ പരിശോധിച്ച് അന്വേഷണങ്ങൾ നടത്തി കോടതി ശരിയായ നിഗമനത്തിലെത്തട്ടെ. എന്നാൽ ന്യായം ആരുടെ ഭാഗത്തായാലും അതിന് വേണ്ടിയുള്ള കാത്തിരിപ്പ് ഇങ്ങനെ അനന്തമായി നീളുന്നത് ശരിയല്ല.
ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം നീതി ഉണ്ടായാലും അതനുഭവിക്കേണ്ടവർ ഇന്ന് ജീവിച്ചിരുപ്പില്ല. അതിലൊരാളുടെ കുടുംബം നല്ലകാലമത്രയും ചോർന്നൊലിക്കുന്ന കൂരയിൽ ദുരിതജീവിതം നയിക്കുകയാണ്. നീതിക്കായി ലാൻഡ് ട്രിബ്യൂണലിനെ സമീപിക്കുമ്പോൾ, 15 വർഷം ഒരു കേസ് മാറ്റിവച്ചു പോകുന്നതിന് എന്ത് ന്യായീകരണമാണുള്ളത്. നീതി നൽകേണ്ടവർ ഒരിക്കലും നീതി നിഷേധകരാകരുത്.