ഇന്ത്യന്‍ സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ഫെയറില്‍ ഭാഗ്യശാലികളെ കാത്ത് ഒട്ടേറെ സമ്മാനങ്ങള്‍

Update: 2026-01-07 14:10 GMT

മനാമ: ഇന്ത്യന്‍ സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന വാര്‍ഷിക കള്‍ച്ചറല്‍ ഫെയറില്‍ എം.ജി കാര്‍ ഉള്‍പ്പെടെ ഭാഗ്യശാലികളെ കാത്തിരിക്കുന്നത് ഒട്ടേറെ സമ്മാനങ്ങള്‍. റാഫിള്‍ ഡ്രോയില്‍ ശ്രദ്ധേയമായ സമ്മാനങ്ങളുടെ ഒരു നിര തന്നെ ഒരുക്കിയിരിക്കുന്നതിനാല്‍ ടിക്കറ്റ് വില്‍പ്പന ത്വരിത ഗതിയില്‍ നടന്നുവരികയാണ്. സ്റ്റാര്‍ വിഷന്‍ ഒരുക്കുന്ന ഇന്ത്യന്‍ സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി വര്‍ഷ മേള ജനുവരി 15,16 തീയതികളിലാണ് നടക്കുന്നത്. പുത്തന്‍ എംജി കാറാണ് ഒന്നാം സമ്മാനം.

മറ്റു സമ്മാനങ്ങളില്‍ സ്വര്‍ണ്ണ നാണയങ്ങള്‍, റഫ്രിജറേറ്റര്‍, ഹോം തിയേറ്റര്‍ സിസ്റ്റം, ഫ്രണ്ട്-ലോഡ് വാഷിംഗ് മെഷീന്‍, മൈക്രോവേവ് ഓവന്‍, വാക്വം ക്ലീനര്‍, എയര്‍ ഫ്രയര്‍, ബ്ലെന്‍ഡര്‍, പ്രീമിയം ഫിലിപ്സ് വീട്ടുപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. വൈവിധ്യമാര്‍ന്ന സമ്മാന പട്ടിക പ്ലാറ്റിനം ജൂബിലി മെഗാ ഫെയറിന്റെ വ്യാപ്തിയും സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നും സ്‌കൂളിന് ലഭിക്കുന്ന മികച്ച പിന്തുണയും പ്രതിഫലിപ്പിക്കുന്നു.

ഇന്ത്യന്‍ സ്‌കൂള്‍ മെഗാ ഫെയറിലേക്കുള്ള പ്രവേശനത്തിന് ടിക്കറ്റിനു 2 ദിനാര്‍ ആയിരിക്കും. പൊതുജനപങ്കാളിത്തത്തില്‍ ഇന്ത്യന്‍ സ്‌കൂളിന്റെ ചരിത്രത്തില്‍ ഇതുവരെ സംഘടിപ്പിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ സാംസ്‌കാരിക മേളയായിരിക്കും ഇത്തവണ സംഘടിപ്പിക്കുന്ന വാര്‍ഷിക ഫെയര്‍.

രണ്ട് ദിവസത്തെ പരിപാടിയില്‍ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, സന്ദര്‍ശകര്‍ എന്നിവര്‍ ഒത്തുചേരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. മേളയുടെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങള്‍ നടക്കുന്നുവരുന്നു. ലോജിസ്റ്റിക്‌സ്, പ്രോഗ്രാമുകള്‍, സ്‌പോണ്‍സര്‍ഷിപ്പുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കമ്മിറ്റികള്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.

അധ്യാപക വിദ്യാര്‍ത്ഥി ക്ഷേമ സംരംഭങ്ങള്‍ക്കായാണ് മേള സംഘടിപ്പിക്കുന്നത്. പ്രശസ്ത കലാകാരന്മാര്‍ പങ്കെടുക്കുന്ന സംഗീത മേള പരിപാടിയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നു. ജനുവരി 15നു വ്യാഴാഴ്ച പ്രശസ്ത സംഗീതജ്ഞനും സംഗീതസംവിധായകനുമായ സ്റ്റീഫന്‍ ദേവസ്സിയും സംഘവും അവതരിപ്പിക്കുന്ന തത്സമയ സംഗീത കച്ചേരിയോടെ ആഘോഷങ്ങള്‍ ആരംഭിക്കും.

കീബോര്‍ഡിലെ വൈദഗ്ധ്യത്തിനും നൂതനമായ സംഗീത സംയോജനത്തിനും പരക്കെ പ്രശംസ നേടിയ സ്റ്റീഫന്‍ ദേവസി, തന്റെ പ്രകടനങ്ങള്‍ക്ക് ദേശീയവും അന്തര്‍ദേശീയവുമായ നിരവധി അംഗീകാരം നേടിയ കലാകാരനാണ്. ജനുവരി 16ന് വിദ്യാര്‍ത്ഥികളുടെ സാംസ്‌കാരിക പരിപാടികളോടെ ആഘോഷങ്ങള്‍ തുടരും, തുടര്‍ന്ന് പ്രശസ്ത പിന്നണി ഗായിക രൂപാലി ജഗ്ഗ നയിക്കുന്ന ഇമ്പമാര്‍ന്ന സംഗീത സായാഹ്നം അരങ്ങേറും. ഗായകന്‍ അഭിഷേക് സോണിയും സംഘവും ഒപ്പമുണ്ടാകും.

മികച്ച ആലാപന മാധുര്യത്തിനും ചലനാത്മകമായ വേദി സാന്നിധ്യത്തിനും പേരുകേട്ട രൂപാലി ജഗ്ഗ അവിസ്മരണീയമായ പ്രകടനം ഒരുക്കും. ഒരു വര്‍ഷം നീളുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഒരു പ്രധാന ആകര്‍ഷണമായിരിക്കും ഇന്ത്യന്‍ സ്‌കൂള്‍ മേള. ജനുവരി 18 ന് മന്ത്രാലയ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഔദ്യോഗിക ചട്ടങ്ങള്‍ പാലിച്ച് റാഫിള്‍ നറുക്കെടുപ്പ് നടക്കും.

ഇന്ത്യന്‍ സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി മേള വിജയമാക്കാന്‍ ഏവരുടെയും സഹകരണവും പിന്തുണയും ഉണ്ടാവണമെന്ന് സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ്, മേളയുടെ ജനറല്‍ കണ്‍വീനര്‍ ആര്‍ രമേഷ് എന്നിവര്‍ സന്ദേശത്തില്‍ അഭ്യര്‍ത്ഥിച്ചു. സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി വര്‍ഷത്തിലെ ഒരു ചരിത്രപരമായ നാഴികക്കല്ലാണ് ഈ പരിപാടി. മാതാപിതാക്കള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, അഭ്യുദയകാംക്ഷികള്‍, പൊതുജനങ്ങള്‍ എന്നിവരെ വലിയ തോതില്‍ ആഘോഷങ്ങളില്‍ പങ്കുചേരാനും അവര്‍ ക്ഷണിച്ചു.

Similar News