പ്ലാറ്റിനം ജൂബിലിയുടെ നിറവില്‍; ഇന്ത്യന്‍ സ്‌കൂള്‍ ഫെയര്‍ ടിക്കറ്റ് പുറത്തിറക്കി

Update: 2025-12-20 14:04 GMT

മനാമ: ഇന്ത്യന്‍ സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്റ്റാര്‍ വിഷന്‍ അവതരിപ്പിക്കുന്ന ഐ.എസ്.ബി പ്ലാറ്റിനം ജൂബിലി വര്‍ഷ സാംസ്‌കാരിക മേളയുടെ ടിക്കറ്റ് പ്രകാശനം വ്യഴാഴ്ച നടന്നു. ജനുവരി 15,16 തീയതികളില്‍ നടക്കുന്ന മേളയുടെ ടിക്കറ്റ് പ്രകാശന ചടങ്ങില്‍ സയാനി മോട്ടോഴ്സ് ജനറല്‍ മാനേജര്‍ റിസ്വാന്‍ താരിഖ് ടിക്കറ്റ് കൈമാറി. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ആര്‍ രമേശ് ടിക്കറ്റ് ഏറ്റുവാങ്ങി.

സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ്, സ്റ്റാര്‍ വിഷന്‍ ചെയര്‍മാന്‍ സേതുരാജ് കടയ്ക്കല്‍, സ്‌കൂള്‍ സെക്രട്ടറി വി. രാജപാണ്ഡ്യന്‍, പ്രിന്‍സിപ്പല്‍ വി.ആര്‍ പളനിസ്വാമി, വൈസ് ചെയര്‍മാനും സ്പോര്‍ട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസല്‍, അസി.സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹന്‍, ഫിനാന്‍സ് & ഐടി അംഗം ബോണി ജോസഫ്, പ്രോജക്ട് & മെയിന്റനന്‍സ് അംഗം മിഥുന്‍ മോഹന്‍, ട്രാന്‍സ്പോര്‍ട്ട് അംഗം മുഹമ്മദ് നയാസ് ഉല്ല, ജൂനിയര്‍ വിങ് പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍, സീനിയര്‍ സ്‌കൂള്‍ അക്കാദമിക് അഡ്മിനിസ്‌ട്രേഷന്‍ വൈസ് പ്രിന്‍സിപ്പല്‍ ജി സതീഷ്, സ്റ്റാഫ് പ്രതിനിധി പാര്‍വതി ദേവദാസ്, പ്ലാറ്റിനം ജൂബിലി ജനറല്‍ കണ്‍വീനര്‍ പ്രിന്‍സ് എസ് നടരാജന്‍, പ്ലാറ്റിനം ജൂബിലി ഫെയര്‍ അഡൈ്വസര്‍ മുഹമ്മദ് ഹുസൈന്‍ മാലിം, സ്പോണ്‍സര്‍ഷിപ്പ് ജനറല്‍ കണ്‍വീനര്‍ അജയകൃഷ്ണന്‍ വി,കോഓര്‍ഡിനേറ്റര്‍ അഷ്റഫ് കെ, വിപിന്‍ കുമാര്‍, നാസര്‍ മഞ്ചേരി, സര്‍വര്‍ ഖാന്‍, ജ്യോതി മേനോന്‍, വി ബഷീര്‍, ഇബ്രാഹിം പുറക്കാട്ടിരി, ജോര്‍ജി, മറ്റ് കമ്മ്യൂണിറ്റി നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

രണ്ടു ദിനാറാണ് മേളയുടെ പ്രവേശന ടിക്കറ്റ് നിരക്ക്. മേളയുടെ ആദ്യ ദിനമായ ജനുവരി 15നു വ്യാഴാഴ്ച പ്രശസ്ത ഇന്ത്യന്‍ സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസ്സിയും സംഘവും അവതരിപ്പിക്കുന്ന സംഗീത കച്ചേരിയോടെയാണ് സാംസ്‌കാരിക ആഘോഷങ്ങള്‍ ആരംഭിക്കുന്നത്. 16 ന്, വിദ്യാര്‍ത്ഥികളുടെ സാംസ്‌കാരിക അവതരണങ്ങളോടെ ആഘോഷങ്ങള്‍ തുടരും. തുടര്‍ന്ന് പിന്നണി ഗായിക രൂപാലി ജഗ്ഗ, അഭിഷേക് സോണി എന്നിവര്‍ നയിക്കുന്ന സംഗീത പരിപാടി അരങ്ങേറും. രണ്ട് ദിവസങ്ങളിലെയും പരിപാടികള്‍ വൈകുന്നേരം 6:00 മുതല്‍ രാത്രി 10:30 വരെ നടക്കും.

കലാപരമായ കഴിവുകളെ പ്രതിഫലിപ്പിക്കുന്ന വിദ്യാര്‍ത്ഥികളുടെ സാംസ്‌കാരിക പ്രകടനങ്ങളുടെ ശ്രദ്ധേയമായ ഒരു ശ്രേണി മേളയില്‍ പ്രദര്‍ശിപ്പിക്കും. മേളയുടെ ഒരു പ്രധാന ആകര്‍ഷണം അതിന്റെ വിപുലമായ ഭക്ഷണ, വിനോദ സ്റ്റാളുകളായിരിക്കും. ലൈസന്‍സുള്ള ഔട്ട്‌ഡോര്‍ കാറ്ററിംഗ് സ്ഥാപനങ്ങള്‍ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ജനപ്രിയ പാചകരീതികള്‍ക്കൊപ്പം ബഹ്റൈനില്‍ നിന്നുള്ള പ്രാദേശിക പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്ന വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ ഒരുക്കും.

കൂടാതെ, കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി നിരവധി ഗെയിമുകള്‍, വിനോദ സ്റ്റാളുകള്‍, വിനോദ പ്രവര്‍ത്തനങ്ങള്‍ എന്നിവ ക്രമീകരിക്കും. റാഫിള്‍ ഡ്രോയില്‍ ഒന്നാം സമ്മാനമായി ഒരു എം ജി കാര്‍ നല്‍കി സയാനി മോട്ടോഴ്സ് മേളയെ ഉദാരമായി പിന്തുണക്കുന്നു. ജനുവരി 18 ന് രാവിലെ 11 മണിക്ക് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ റാഫിള്‍ നറുക്കെടുപ്പ് നടക്കും. രണ്ടു കാമ്പസിലെയും പ്രിന്‍സിപ്പല്‍മാരുടെയും വൈസ് പ്രിന്‍സിപ്പല്‍മാരുടെയും നേതൃത്വത്തില്‍ ഐഎസ്ബി സംഘാടക സമിതി പ്രവര്‍ത്തിച്ചുവരുന്നു. ജനറല്‍ കണ്‍വീനര്‍ ആര്‍. രമേശിന്റെ നേതൃത്വത്തിലുള്ള രക്ഷാകര്‍തൃ സംഘാടക സമിതിയും മേളയുടെ വിജയത്തിനായി ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്നു. പരിപാടിയില്‍ നിന്നുള്ള വരുമാനം അടിസ്ഥാന സൗകര്യ വികസനം, വിദ്യാര്‍ത്ഥികള്‍ക്കുള്ള സാമ്പത്തിക സഹായം, ജീവനക്കാരുടെ ക്ഷേമ സംരംഭങ്ങള്‍ എന്നിവയിലേക്ക് വിനിയോഗിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

Similar News