വോയിസ് ഓഫ് ആലപ്പിയുടെ നേതൃത്വത്തില്‍ ക്രിസ്മസ്-പുതുവത്സര ആഘോഷം സംഘടിപ്പിച്ചു
ബഹ്റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ വോയിസ് ഓഫ് ആലപ്പിയുടെ നേതൃത്വത്തില്‍ ക്രിസ്മസ്-പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. ''സ്‌നേഹദൂത്'' എന്ന പേരില്‍ സല്‍മാനിയ കലവറ റെസ്റ്റോറന്റ് പാര്‍ട്ടി ഹാളില്‍ നടന്ന ആഘോഷ പരിപാടികളില്‍ ബഹ്റൈനിലെ സാമൂഹിക-സാംസ്‌കാരിക മേഖലകളില്‍ സജീവ സാന്നിധ്യമായ നിരവധി പ്രമുഖ വ്യക്തിത്വങ്ങളും വോയിസ് ഓഫ് ആലപ്പി കുടുംബങ്ങളുമടക്കം നൂറിലധികം പേര്‍ പങ്കെടുത്തു.
വോയിസ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിന്‍ സലീമിന്റെ അധ്യക്ഷതയില്‍ നടന്ന ഔദ്യോഗിക ചടങ്ങുകള്‍ക്ക് ജനറല്‍ സെക്രട്ടറി ധനേഷ് മുരളി സ്വാഗതം ആശംസിച്ചു. ക്രിസ്മസ് സന്ദേശം നല്‍കി സംസാരിച്ച റവ. ഫാദര്‍ അനീഷ് സാമുവല്‍ ജോണ്‍, മനുഷ്യന്‍ എവിടെ ജനിക്കുന്നു, എവിടെ ജീവിക്കുന്നു എന്നതിലല്ല, ജീവിക്കുന്ന ഇടത്തും കാലത്തും സമൂഹത്തിന് ഉപകാരപ്പെടുന്ന വിധത്തില്‍ ജീവിതം വിനിയോഗിക്കുന്നതിലാണ് യഥാര്‍ത്ഥ അര്‍ത്ഥമെന്ന് പങ്കെടുത്തവരെ ഉത്‌ബോധിപ്പിച്ചു.
സംഘടനയുടെ രക്ഷാധികാരി ഡോ. പി.വി. ചെറിയാന്‍ കേക്ക് മുറിച്ചുകൊണ്ട് ആഘോഷങ്ങള്‍ക്ക് ഔപചാരിക തുടക്കം കുറിച്ചു. ബഹ്റൈനിലെ വിവിധ ആശുപത്രികളില്‍ നിരാശ്രരായ രോഗികള്‍ക്കായി വര്‍ഷങ്ങളായി നിശ്ശബ്ദ സേവനം നടത്തി വരുന്ന സാമൂഹിക പ്രവര്‍ത്തകന്‍ സാബു ചിറമേല്‍ മുഖ്യാതിഥിയായി ചടങ്ങില്‍ പങ്കെടുത്തു. പ്രസിഡന്റ് സിബിന്‍ സലിം ജനറല്‍ സെക്രട്ടറി ധനേഷ് മുരളി,ട്രഷറര്‍ ബോണി മുളമ്പാപ്പള്ളിയും ചേര്‍ന്ന് വിശിഷ്ടാതിഥികളെ പൊന്നാട അണിയിച്ച് ആദരിച്ചു.
പരിപാടിയുടെ കോര്‍ഡിനേറ്റര്‍ ഗോകുല്‍ മുഹറഖ് ആശംസകള്‍ അര്‍പ്പിച്ചു. എന്റര്‍ടൈന്‍മെന്റ് സെക്രട്ടറിയും ബഹ്റൈനിലെ കലാരംഗത്തെ സജീവ സാന്നിധ്യവുമായ ദീപക് തണല്‍ നന്ദി രേഖപ്പെടുത്തി.
തുടര്‍ന്ന് നടന്ന കലാപരിപാടികളില്‍ കുട്ടികള്‍ അവതരിപ്പിച്ച നൃത്തങ്ങളും ഗാനങ്ങളും ഉള്‍പ്പെടെ വിവിധ കലാപ്രകടനങ്ങള്‍ അരങ്ങേറി. ബഹ്റൈനിലെ പ്രമുഖ കലാകാരന്മാര്‍ അവതരിപ്പിച്ച സംഗീത പരിപാടികള്‍ ആഘോഷങ്ങള്‍ക്ക് കൂടുതല്‍ വര്‍ണാഭം നല്‍കി. ക്രിസ്മസ്-പുതുവത്സരം പ്രമാണിച്ച് സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനദാനവും ചടങ്ങില്‍ നടന്നു. വിഭവസമൃദ്ധമായ സദ്യയോടെ ഈ വര്‍ഷത്തെ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്ക് സമാപനമായി.