പി.വി അന്‍വര്‍ എം.എല്‍.എ യുടെ വെളിപ്പെടുത്തല്‍ മുഖ്യമന്ത്രി രാജിവെക്കണം ഐ.വൈ.സി.സി ബഹ്റൈന്‍

Update: 2024-09-27 11:53 GMT

മനാമ : ഭരണകകക്ഷി എം.എല്‍.എ തന്നെ പിണറായി വിജയന്റെ നേതൃത്വത്തിലെ സര്‍ക്കാരിന്റെ അഴിമതിയും, ആര്‍.എസ്.എസ് വിധേയത്തവും വെളിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് തലസ്ഥാനത്ത് തുടരാന്‍ ധാര്‍മിക അവകാശമില്ലെന്ന് ഐ.വൈ.സി.സി ബഹ്റൈന്‍ ദേശീയ കമ്മിറ്റി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ കാല പിണറായി സര്‍ക്കാരിന്റെ ഭരണത്തിലെ മികച്ച നേട്ടം പൊതുപ്രവര്‍ത്തകരെ നിശബ്ദരാക്കിയതാണ് എന്നുള്ള എം.എല്‍.എ യുടെ വാദം വളരെ ഗൗരവമുള്ളതാണ്. തൃശൂര്‍ പൂരം കലക്കല്‍ കൊണ്ട് ബി.ജെ.പി സീറ്റ് നേടിക്കൊടുക്കുക എന്നുള്ള എ.ഡി.ജി.പി അജിത്കുമാറടക്കമുള്ള പോലീസിലെ ചിലരുടെയും, ബി.ജെ.പിക്കാരുടെയും പങ്ക് ഓരോ നിമിഷവും വ്യക്തമാവുമ്പോഴും, ആ ശ്രമങ്ങള്‍ക്ക് അടക്കം ഒത്താശ ചെയ്തത് പിണറായി സര്‍ക്കാര്‍ തന്നെയാണ് എന്നുള്ളതിന്റെ തെളിവാണ് എ.ഡി.ജി.പി അജിത്കുമാറിനെതിരെയടക്കം നടപടികള്‍ സ്വീകരിക്കാത്തത്.

മുഖ്യമന്ത്രി എല്ലാ നിലയിലും പരാജയമാണെന്ന് ഭരണകക്ഷി എം.എല്‍.എ തന്നെ പറയുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയെങ്കില്‍ അത് ഒരു തരത്തിലും നാടിന് ഗുണകരമല്ല.

ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്തു ജനത്തെ കോമാളിയാക്കാന്‍ നോക്കാതെ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ഐ.വൈ.സി.സി ബഹ്റൈന്‍ ദേശീയ പ്രസിഡന്റ് ഷിബിന്‍ തോമസ്, ജനറല്‍ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രെഷറര്‍ ബെന്‍സി ഗനിയുഡ് എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ ആവിശ്യപ്പെട്ടു

Tags:    

Similar News