അല്‍ഫോന്‍സാ കോളേജ് ഇംഗ്ലീഷ് വിഭാഗം ദ്വിദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു
പാലാ: അല്‍ഫോന്‍സാ കോളേജ് ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 30, 31 തീയതികളില്‍ ദ്വിദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. മാനവികശാസ്ത്രത്തിന്റെ സംഗമ പഥങ്ങള്‍ എന്ന വിഷയത്തെ അധികരിച്ചുള്ള സെമിനാര്‍ സ്മൃതി സാഹിത്യം, നിര്‍മിത ബുദ്ധി, ഇംഗ്ലീഷ് ഭാഷാദ്ധ്യാപനം, പുതിയ ലോകത്തിന്റെ നിഗൂഡമേഖലകള്‍ എന്നിവയെ അടയാളപ്പെടുത്തുന്നു.
ഐ സി എസ് എസ് ആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസേര്‍ച്ച്) സ്‌പോണ്‍സര്‍ ചെയ്യുന്ന സെമിനാറിന്റെ ഉദ്ഘാടന സമ്മേളനം നാളെ രാവിലെ 9:30 ന് കോളേജ് സെമിനാര്‍ ഹാളില്‍ വച്ച് നടത്തപ്പെടും. കോളേജ് പ്രിന്‍സിപ്പല്‍ റവ ഡോ ഷാജി ജോണ്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങ് ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ആക്ടിങ്ങ് വൈസ് ചാന്‍സിലറും എമെരിറ്റസ് പ്രൊഫസറുമായ ജോസഫ് ദൊരൈ രാജ് ഉദ്ഘാടനം ചെയ്യും. രണ്ടു ദിവസങ്ങളിലായി വിവിധ മാനവിക വിഷയങ്ങളെ അധികരിച്ച് ഫുള്‍ബ്രൈറ്റ് സ്‌കോളേഴ്‌സ് ഉള്‍പ്പടെയുള്ള വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും.
വിവിധ കോളേജുകളിലെ അദ്ധ്യാപകരും ഗവേഷണ വിദ്യാര്‍ത്ഥികളും ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികളും ഉള്‍പ്പടെ നൂറില്‍പ്പരം പ്രബന്ധാവതരണങ്ങള്‍ നടത്തപ്പെടുമെന്ന് വൈസ് പ്രിന്‍സിപ്പല്‍മാരായ ഡോ. സി. മിനിമോള്‍ മാത്യു, ഡോ സി. മഞ്ജു എലിസബത്ത് കുരുവിള , ബര്‍സാര്‍ റവ ഫാ കുര്യാക്കോസ് വെള്ളച്ചാലില്‍ , ഇംഗ്ലീഷ് വിഭാഗം അദ്ധ്യക്ഷ ഡോ സോണിയാ സെബാസ്റ്റ്യന്‍, ദേശീയ സെമിനാര്‍ കണ്‍വീനര്‍മാരായ ഡോ റോസ്‌മേരി ഫിലിപ്പ്, മിസ് ശ്രുതി കാതറിന്‍ തോമസ് എന്നിവര്‍ അറിയിച്ചു.