കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ച് ഇ വൈ ഗ്ലോബല്‍ ഡെലിവറി സര്‍വീസസ്; കൊച്ചിയില്‍ പുതിയ ഓഫിസ്
കൊച്ചി, 10 ജനുവരി , 2025: പ്രമുഖ പ്രൊഫഷണല്‍ സര്‍വ്വീസ് കമ്പനിയായ ഇ വൈ ഗ്ലോബല്‍ ഡെലിവറി സര്‍വീസസ് (ഇ വൈ ജിഡിഎസ്) കൊച്ചിയില്‍ തങ്ങളുടെ പുതിയ ഓഫിസിന് തുടക്കം കുറിച്ചു.ഇവൈ ജി.ഡി.എസിന്റെ കൊച്ചിയിലെ നാലാമത് ഓഫീസാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇതോടെ കമ്പനി വിഭാവനം ചെയ്യുന്ന ഭാവി വളര്‍ച്ചയുടെ സുപ്രധാന കേന്ദ്രമായി കൊച്ചി മാറും .
സംസ്ഥാനത്ത് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതും, പ്രതിഭാധനരായ മലയാളി യുവാക്കളെ കമ്പനിയുടെ ഭാഗമാക്കുന്നതും , നൂതന സാങ്കേതിക വൈദഗ്ധ്യം സ്വായത്തമാക്കുന്നതും ലക്ഷ്യമിട്ടാണ് ഓഫീസ് വിപുലീകരണം. കൊച്ചിയില്‍ കാക്കനാടുള്ള പ്രസ്റ്റീജ് സൈബര്‍ ഗ്രീനിലാണ് പുതിയ ഓഫീസ് സ്ഥിതി ചെയ്യുന്നത്.
കാക്കനാട് പ്രസ്റ്റീജ് സൈബര്‍ ഗ്രീനില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന എം എസ് എം ഇ -വ്യവസായ-കയര്‍-നിയമ വകുപ്പ് മന്ത്രി പി രാജീവ്, ഇ വൈ ജി ഡി എസ് ഗ്ലോബല്‍ വൈസ് ചെയര്‍ അജയ് ആനന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു മന്ത്രി പി രാജീവ് ഉദ്ഘാടന പ്രസംഗവും, അജയ് ആനന്ദ് മുഖ്യ പ്രഭാഷണവും നടത്തി. തുടര്‍ന്ന്, 'ജി സി സിയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും കേരളത്തെ സജ്ജമാക്കുക' എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ചയും , കമ്പനിയുടെ കരിയര്‍ റീ ഇന്സ്റ്റേറ്റ്മെന്റ്റ് പ്രോഗ്രാം, നെക്സ്റ്റ് ജെന്‍ എംപ്ലോയബിലിറ്റി പ്രോഗ്രാം തുടങ്ങിയവയില്‍ പ്രത്യേക സെഷനുകളും സംഘടിപ്പിച്ചു.
'കേരളത്തിലെ സാങ്കേതിക വൈദഗ്ധ്യമുള്ള യുവാക്കളെ കണ്ടെത്തുന്നതിലുള്ള പ്രതിബദ്ധതയുടെ തെളിവാണ് പുതിയ ഓഫീസിന്റെ ഉദ്ഘാടനമെന്നും, നൂതന സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കാനും, പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാനും, സുസ്ഥിര വളര്‍ച്ച ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ വിപുലീകരണമെന്നും,' ഇ വൈ ഗ്ലോബല്‍ ഡെലിവറി സര്‍വീസ് ഗ്ലോബല്‍ വൈസ് ചെയര്‍ അജയ് ആനന്ദ് അഭിപ്രായപ്പെട്ടു. വൈദഗ്ധ്യമുള്ള പ്രഫഷനലുകളും, മികവുറ്റ വ്യവസായ അന്തരീക്ഷവും കൈമുതലായുള്ള കൊച്ചി, കമ്പനിയുടെ വളര്‍ച്ചയ്ക്ക് മികച്ച പശ്ചാത്തലമാണ് ഒരുക്കിയിട്ടുള്ളത് എന്ന് വിലയിരുത്തിയ അജയ് ആനന്ദ്, കേരളത്തെ ആഗോളതലത്തില്‍ത്തന്നെ മികവിന്റെ കേന്ദ്രമാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളിലും, ലോകമെമ്പാടുമുള്ള ഇ വൈ യുടെ ഉപഭോക്താക്കളുടെ വളര്‍ച്ചയില്‍ പങ്കാളിയാകാനും തങ്ങള്‍ക്ക് സാധിക്കുന്നുവെന്നത് അഭിമാനകരമാണ് എന്നും അഭിപ്രായപ്പെട്ടു.
'ഇ വൈ ജിഡിഎസ് കൊച്ചിയില്‍ വികസനം സാധ്യമാക്കുന്നു എന്നത് സന്തോഷമുളവാക്കുന്നതാണ് എന്ന് അഭിപ്രായപ്പെട്ട സംസ്ഥാന വ്യവസായ-കയര്‍-നിയമ വകുപ്പ് മന്ത്രി പി രാജീവ്, സംരംഭങ്ങളുടെയും, വൈദഗ്ധ്യമുള്ള പ്രഫഷനലുകളുടെയും ഇടമെന്ന കൊച്ചിയുടെ സ്ഥാനം അരക്കിട്ടുറപ്പിക്കുകയാണ് ഈ വിപുലീകരണമെന്നും ചൂണ്ടിക്കാട്ടി. ഇത് കേവലം അടിസ്ഥാന സൗകര്യങ്ങളിലേക്കുള്ള ഒരു നിക്ഷേപം മാത്രമല്ല, മറിച്ച് കേരളത്തിലെ ജനങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സാദ്ധ്യതകളിന്മേലുള്ള നിക്ഷേപം കൂടിയാണ്, അദ്ദേഹം പറഞ്ഞു.
ഇ വൈ ജിഡിഎസ് കൊച്ചിയില്‍ അവരുടെ സാന്നിധ്യത്തിലൂടെ തൊഴില്‍ അവസരങ്ങള്‍ സ്യഷ്ടിച്ചും, നൈപുണ്യ വികസനം സാധ്യമാക്കിയും കേരളത്തിന്റെ ഡിജിറ്റല്‍ പരിവര്‍ത്തന യാത്രയില്‍ പ്രമുഖ പങ്കാളിത്തം വഹിക്കും എന്ന പ്രതീക്ഷ പങ്കുവച്ച മന്ത്രി, ഒരു ആഗോള മികവിന്റെ കേന്ദ്രമാകാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങളില്‍ കൈകോര്‍ത്തു സഞ്ചരിക്കുന്ന വിധത്തില്‍ ഫലവത്തായ പങ്കാളിത്തം ഉറപ്പാക്കുമെന്ന് പ്രത്യാശിക്കുന്നതായും പറഞ്ഞു.
പ്രസ്റ്റീജ് സൈബര്‍ ഗ്രീനില്‍ ഉദ്ഘാടനം ചെയ്ത പുതിയ ഓഫീസ് ഇ വൈ ജിഡിഎസിന്റെ വിവിധ പ്രവര്‍ത്തന മേഖലകളില്‍ കൈകോര്‍ക്കുന്ന അനേകം പ്രഫഷനലുകളെ ഉള്‍ക്കൊള്ളുന്നതിനുള്ള സ്ഥലം ഉറപ്പ് വരുത്തുന്നുണ്ട്. പരിവര്‍ത്തനപരമായ ഉപഭോക്ത്യ പരിഹാരങ്ങള്‍ പ്രദാനം ചെയ്യുന്നതിനും വിവിധ വ്യവസായ മേഖലകളിലുടനീളം നവീകരണം സാധ്യമാക്കുന്നതിനുമുള്ള നിലവിലെ കഴിവുകള്‍ കൂടുതല്‍ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, കൊച്ചിയുടെ മികവാര്‍ന്ന ബിസിനസ്സ് അന്തരീക്ഷവും വിദഗ്ധ തൊഴില്‍ ശക്തിയും പൂര്‍ണ്ണമായി പ്രയോജനപ്പെടുത്താന്‍ ഒരുങ്ങുകയാണ് ഇ വൈ ജിഡിഎസ്. പുതുയുഗ സൗകര്യങ്ങള്‍ വിന്യസിച്ച് ആഗോള തലത്തിലുള്ള സംവിധാനങ്ങള്‍ അണിനിരത്തിയ ഈ പുതിയ ഓഫീസ്, കമ്പനിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക മാത്രമല്ല പ്രഫഷനലുകള്‍ക്ക് അവരുടെ തൊഴില്‍പരമായ ഉന്നമനത്തിനും വഴിയൊരുക്കുന്നു. ഇതോടെ ഇവൈ ജിഡിഎസിന്റെ ആഗോള വിജയങ്ങളില്‍ കൊച്ചിയും ഭാഗഭാക്കായി മാറും.
2002 ല്‍ തുടക്കം കുറിച്ചശേഷം ഇവൈ ജിഡിഎസിന്റെ വളര്‍ച്ചയില്‍ കേരളം മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിലവില്‍ 10,000 ജീവനക്കാരാണ് ഉള്ളത്. അതില്‍, 7000 ലധികം പേര് കൊച്ചിയിലും, 3000 ത്തോളം പേര് തിരുവനന്തപുരത്തുമാണ് പ്രവര്‍ത്തിക്കുന്നത്. അടുത്ത അഞ്ചു വര്‍ഷക്കാലയളവില്‍ ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കാന്‍ ഇവൈ ജിഡിഎസ് പദ്ധതിയിട്ടിട്ടുണ്ട്.