സ്വച്ഛതാ ഹി സേവ ; കടല്‍ത്തീര ശുചീകരണം കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്തു

Update: 2024-10-02 10:20 GMT

ലോകത്തിന് മുന്നില്‍ ആദ്യമായി ശുചിത്വ തത്വങ്ങള്‍ മുന്നോട്ടു വച്ച നാടാണ് ഭാരതമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ് സഹമന്ത്രി ശ്രീ. ജോര്‍ജ് കുര്യന്‍. സ്വച്ഛതാ ഹി സേവ ക്യാമ്പയിന്റെ ഭാഗമായി കേന്ദ്ര യുവജനകാര്യ മന്ത്രാലയത്തിനു കീഴിലുള്ള നെഹ്‌റു യുവ കേന്ദ്ര സംഘാതന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് ശംഖുമുഖം ബീച്ചില്‍ സംഘടിപ്പിച്ച ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്ത് ആദ്യമായി വൃത്തിയും ശുദ്ധിയും ആചരിക്കേണ്ടതിനെക്കുറിച്ച് പറഞ്ഞത് ശ്രീബുദ്ധനാണ്. ശരീരശുദ്ധി, ആഹാരശുദ്ധി, വാക് ശുദ്ധി, മന:ശുദ്ധി, കര്‍മ്മശുദ്ധി എന്നിങ്ങനെ അഞ്ച് ശുദ്ധികള്‍ മനുഷ്യന്‍ പാലിക്കണമെന്നാണ് ശ്രീബുദ്ധന്‍ പറഞ്ഞത്. ശുചിത്വത്തെക്കുറിച്ച് ലോകത്തൊരിടത്തും ഇത്തരം ഒരു പെരുമാറ്റ സംഹിത ഇല്ലാതിരുന്ന ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഭാരതത്തില്‍ ശ്രീബുദ്ധന്‍ ശുചിത്വത്തെക്കുറിച്ച് ജനങ്ങളെ ഉദ്‌ബോധിപ്പിച്ചത്. സ്വയം സൃഷ്ടിക്കുന്ന മാലിന്യങ്ങള്‍ സ്വയം സംസ്‌കരിക്കണമെന്ന പാഠം പില്‍ക്കാലത്ത് മഹാത്മാഗാന്ധിയും നമ്മെ പഠിപ്പിച്ചു.

ശുചിത്വത്തെക്കുറിച്ചുള്ള മുന്‍ഗാമികളുടെ ശ്രമങ്ങള്‍ ഫലപ്രദമായി മുന്നോട്ടു കൊണ്ടു പോകാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി 2014 ഒക്ടോബര്‍ രണ്ടിന് സ്വച്ച് ഭാരത് മിഷന് തുടക്കം കുറിച്ചതെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. ചടങ്ങില്‍ പങ്കെടുത്തവര്‍ക്കായി സ്വച്ഛത പ്രതിജ്ഞയും കേന്ദ്രമന്ത്രി ചൊല്ലിക്കൊടുത്തു. തിരുവനന്തപുരം ജില്ലാ കളക്ടര്‍ ശ്രീമതി അനുകുമാരി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

നെഹ്‌റു യുവ കേന്ദ്ര സംഘാതന്‍ കേരള സോണ്‍ സ്റ്റേറ്റ് ഡയറക്ടര്‍ എം അനില്‍ കുമാര്‍, തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ ശ്രീമതി സെറഫൈന്‍ ഫ്രഡി, ശ്രീമതി അയറിന്‍, കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള സിബിസി & പിഐബി കേരള ലക്ഷദ്വീപ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വി പളനിച്ചാമി , യുവജനകാര്യ കായിക മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി പ്രവീണ്‍ കുമാര്‍, സെന്‍ട്രല്‍ ബ്യുറോ ഓഫ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ പാര്‍വ്വതി വി , തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രം ജോയിന്റ് ഡയറക്ടര്‍ അജയ് ജോയ്, സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ റീജിയണല്‍ സെന്റര്‍ ഡയറക്ടര്‍ സി. ദണ്ഡപാണി, എന്‍എസ്എസ് റീജിയണല്‍ ഡയറക്ടര്‍ പി എന്‍ സന്തോഷ് , ശുചിത്വ മിഷന്‍ തിരുവനന്തപുരം ജില്ലാ കോര്‍ഡിനേറ്റര്‍ പി എന്‍ അരുണ്‍ രാജ്, തിരുവനന്തപുരം ജില്ലാ യൂത്ത് ഓഫീസര്‍ സന്ദീപ് കൃഷ്ണന്‍ പി തുടങ്ങിയവര്‍ പങ്കെടുത്തു.

തുടര്‍ന്ന് ശംഖുമുഖം കടല്‍ത്തീരത്ത് നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര മന്ത്രി നേതൃത്വം നല്‍കി. നെഹ്‌റു യുവകേന്ദ്ര സംഘാതന്‍, പി ഐ ബി, സി ബി സി, എന്‍ എസ് എസ്, സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും ജീവനക്കാരും കോളേജുകളില്‍ നിന്നുള്ള വോളണ്ടിയര്‍മാരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.

സംസ്ഥാനത്തെ 9 ജില്ലകളിലെയും തീരപ്രദേശങ്ങളിലും മാഹി, ലക്ഷദ്വീപ് കടല്‍ തീരപ്രദേശങ്ങളിലും മൈ ഭാരത് വളണ്ടിയര്‍മാര്‍ ശുചീകരണ പ്രവര്‍ത്തങ്ങളും ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു.സെപ്റ്റംബര്‍ 17 ന് തുടങ്ങി ഒക്ടോബര്‍ രണ്ടിന് സമാപിക്കുന്ന ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം നെഹ്‌റു യുവ കേന്ദ്ര യുടെ ആഭിമുഖ്യത്തില്‍ വിപുലമായ ശുചീകരണ പരിപാടികളാണ് സംഘടിപ്പിച്ചത്.

പൊതുസ്ഥലങ്ങള്‍, ചരിത്രസ്മാരകങ്ങള്‍,വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ജലാശയങ്ങള്‍ എന്നിവിടങ്ങളില്‍ ശുചീകരണം നടത്തി. മേരാ യുവ ഭാരത് മൈ ഭാരതിന്റെ കീഴില്‍ എന്‍ എസ് എസ്, എന്‍ സി സി, സ്‌കൗട്ട് ആന്റ് ഗൈഡ്, യൂത്ത് ക്ലബ്ബ് എന്നിവര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ അണിനിരന്നു.

Tags:    

Similar News