മെട്രോ രണ്ടാംഘട്ടത്തിന്റെ നിര്‍മാണം വേഗത്തിലാക്കും; അടുത്തവര്‍ഷം ജൂണില്‍ കലൂര്‍-കാക്കനാട് മെട്രോ യാഥാര്‍ത്ഥ്യമാക്കും
കൊച്ചി: കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ കാക്കനാട് വരെയുള്ള മെട്രോ രണ്ടാംഘട്ടത്തിന്റെ നിര്‍മാണം വേഗത്തിലാക്കും. അടുത്തവര്‍ഷം ജൂണില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കും. കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നിന്നാണ് കാക്കനാട്ടേയ്ക്കുള്ള രണ്ടാം ഘട്ട മെട്രോ സര്‍വീസ് തുടങ്ങുക.
രണ്ടാംഘട്ടത്തിലെ ആദ്യ അഞ്ച്‌സ്റ്റേഷനുകള്‍ അടുത്തവര്‍ഷം ജൂണ്‍ 30നകം പൂര്‍ത്തിയാക്കി സര്‍വീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. രണ്ടാംഘട്ടത്തിന്റെ ഭാഗമായ 825 പൈലുകളുടെ നിര്‍മാണം പൂര്‍ത്തിയായി. വയഡക്ടിനു വേണ്ടതില്‍ 603 എണ്ണവും സ്റ്റേഷനു വേണ്ട പൈലുകളില്‍ 222 എണ്ണവുമാണ് പൂര്‍ത്തിയായത്. രണ്ടാംഘട്ടത്തില്‍ മെട്രോ വയഡക്ടിനുവേണ്ടി ആകെ 1601 പൈലുകളാണ് വേണ്ടത്. സ്റ്റേഷനുകള്‍ക്കായി വേണ്ടത് 360 പൈലുകളാണ്. ആലിന്‍ചുവട്, വാഴക്കാല, സെസ്, പാലാരിവട്ടം, കിന്‍ഫ്ര, ചെമ്പുമുക്ക്, സിവില്‍സ്റ്റേഷന്‍ എന്നിങ്ങനെ ഏഴുസ്റ്റേഷനുകളുടെ പൈലിംഗ് പൂര്‍ത്തിയായി. കാസ്റ്റിംഗ് യാര്‍ഡില്‍ മെട്രോയ്ക്കാവശ്യമായ ഗര്‍ഡറുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്.