രാത്രി ഒരു പോള കണ്ണ് അടയ്ക്കാതെ എറണാകുളത്ത് നിന്നും ഓടിച്ചെത്തി; ആറ്റിങ്ങലിലെത്തിയപ്പോൾ കാറിൽ കറുത്ത പുക; നിമിഷ നേരം കൊണ്ട് തീആളിക്കത്തി; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
തിരുവനന്തപുരം: ആറ്റിങ്ങൽ നഗരത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം ഇന്നലെ രാത്രിയോടെ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പൂർണ്ണമായും കത്തിനശിച്ചു. എറണാകുളത്തു നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ഹോണ്ട ബ്രിയോ കാറിൻ്റെ മുൻഭാഗത്തുനിന്നാണ് പുകയും തീയും ഉയരാൻ തുടങ്ങിയത്. ഉടൻതന്നെ യാത്രക്കാർ വാഹനത്തിൽ നിന്നിറങ്ങി സുരക്ഷിതസ്ഥാനത്തേക്ക് മാറി.
സമയോചിതമായ ഫയർഫോഴ്സിൻ്റെ ഇടപെടൽ കാരണം വൻ ദുരന്തം ഒഴിവായി. ആറ്റിങ്ങൽ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ സി.ആർ. ചന്ദ്രമോഹൻ്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയാണ് തീ അണച്ചത്. തീ പടരുന്നത് കണ്ട ഉടൻതന്നെ വാഹനം റോഡരികിൽ നിർത്താൻ ഡ്രൈവർ ശ്രമിച്ചതായി സൂചനയുണ്ട്.
അപകടമുണ്ടായ സ്ഥലത്തിന് സമീപം പെട്രോൾ ടാങ്കർ ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നെങ്കിലും, ഫയർഫോഴ്സിൻ്റെ വേഗത്തിലുള്ള പ്രവർത്തനങ്ങൾ കാരണം തീ മറ്റ് വാഹനങ്ങളിലേക്ക് പടരുന്നത് തടയാൻ സാധിച്ചു. അപകടത്തിൽ ആളപായമില്ല. വാഹനം പൂർണ്ണമായും കത്തിനശിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.