പാലാ നഗരത്തിലെ നടപ്പാത കയ്യേറ്റങ്ങള്‍ക്കും അനധികൃത പാര്‍ക്കിംഗുകള്‍ക്കും എതിരെ നടപടി വേണം

Update: 2024-10-31 10:45 GMT

പാലാ: പാലാ നഗരത്തിലെ മുഴുവന്‍ നടപ്പാത കൈയ്യേറ്റങ്ങളും ഒഴിപ്പിക്കണമെന്ന് വി ഫോര്‍ പാലാ രൂപീകരണ യോഗം ആവശ്യപ്പെട്ടു. നഗരത്തിലെ നിരവധി പ്രദേശങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ നടപ്പാതകള്‍ കൈയ്യടക്കി വച്ചിരിക്കുകയാണ്. അധികൃതരുടെ മൗനാനുവാദത്തോടെയാണ് ഇത്തരം നടപടികളെന്ന് യോഗം ചൂണ്ടിക്കാട്ടി. ചിലയിടങ്ങളില്‍ നടപ്പാതകള്‍ സ്ഥാപനങ്ങളുടെ താത്പര്യാര്‍ത്ഥം കോണ്‍ക്രീറ്റിംഗ് വരെ നടത്തി സ്വന്തമാക്കിയിരിക്കുകയാണ്. സ്ഥാപനങ്ങള്‍ക്കു പുറമേ സ്വകാര്യ വാഹനങ്ങളും സര്‍ക്കാര്‍ വാഹങ്ങളും നടപ്പാത കൈയ്യേറി പാര്‍ക്കിംഗ് നടത്തുന്നത് പാലായില്‍ നിത്യ സംഭവമായി മാറി. ഇതുമൂലം വിദ്യാര്‍ത്ഥികളടക്കമുള്ള കാല്‍നടക്കാര്‍ ദുരിതത്തിലാണ്. മിക്കയിടത്തും അനധികൃത പാര്‍ക്കിംഗും കൈയ്യേറ്റവുംമൂലം കാല്‍നടക്കാര്‍ അപകടകരമായ രീതിയില്‍ റോഡിലൂടെ നടക്കേണ്ടി വരികയാണ്. പലപ്പോഴും വലിയ അപകടങ്ങളില്‍ നിന്നും രക്ഷപെടുന്നത് ഭാഗ്യത്തിനാണ്.

ചിലയിടങ്ങളില്‍ റോഡും നടപ്പാതയും വേര്‍തിരിച്ചു കൊണ്ട് സ്ഥാപിച്ചിരുന്ന റെയിലിംഗുകള്‍ സ്ഥാപനമുടമകള്‍ക്കു വേണ്ടി പൊളിച്ചുമാറ്റി നല്‍കിയിട്ടുണ്ട്. മറ്റു ചിലയിടങ്ങളില്‍ സ്വകാര്യ സ്ഥാപനത്തങ്ങളിലെ സെക്യൂരിറ്റി ജീവനക്കാര്‍ വാഹനങ്ങള്‍ തടഞ്ഞ് ഗതാഗതം നിയന്ത്രിക്കുന്നുമുണ്ട്. കെട്ടിട നിര്‍മ്മാണ ചട്ടത്തിനു വിരുദ്ധമായി പാര്‍ക്കിംഗ് ഏരിയാകള്‍ കെട്ടിമറച്ചെടുത്ത ചില സ്ഥാപനങ്ങളും ഫുട്പാത്തുകള്‍ കൈയ്യേറി പാര്‍ക്കിംഗ് നടത്തുന്നുണ്ട്. കെട്ടിട നിര്‍മ്മാണ ചട്ടപ്രകാരമുള്ള പാര്‍ക്കിംഗ് ഏരിയാ കള്‍ ഇല്ലാത്ത കെട്ടിടങ്ങളുടെ പെര്‍മിറ്റ് റദ്ദാക്കണമെന്നു യോഗം നിര്‍ദ്ദേശിച്ചു. പാലാ നഗരത്തിലെ നടപ്പാത കയ്യേറ്റം, അനധികൃത പാര്‍ക്കിംഗ് ഇവയുടെ ചിത്രങ്ങള്‍ തയ്യാറാക്കി അധികൃതര്‍ക്കു കൈമാറും. 'നടപ്പാത കാല്‍നടയാത്രികര്‍ക്ക്' എന്ന പേരില്‍ പ്രചാരണം ആരംഭിക്കാനും തീരുമാനിച്ചു. കണ്‍വീനര്‍ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. ബിനു പെരുമന, അനൂപ് ചെറിയാന്‍, ജോബി മാത്യു, അമല്‍ ജോസഫ്, ജോസ് തോമസ്, വിദ്യാധരന്‍ വി റ്റി തുടങ്ങിയവര്‍ പ്രസംഗിച്ചു.

 


Tags:    

Similar News