സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ 96-ാം സ്ഥാപകദിനാഘോഷത്തോടനുബന്ധിച്ചു 'എസ് ഐ ബി ടവര്‍' ഉല്‍ഘാടനം ചെയ്തു

Update: 2025-01-30 10:25 GMT

കൊച്ചി: 96 വര്‍ഷങ്ങളുടെ വിശ്വസ്തതയും ഉപഭോക്തൃ സേവനരംഗത്തെ പാരമ്പര്യവും കൈമുതലാക്കി നവീന ബാങ്കിങ് സേവനങ്ങള്‍ നല്‍കുന്ന സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പുതിയ ഓഫീസ്, 'എസ് ഐ ബി ടവര്‍' ചെയര്‍മാന്‍ വി ജെ കുര്യന്‍, ഉദ്ഘാടനം ചെയ്തു. ബോര്‍ഡ് അംഗങ്ങള്‍, മുന്‍കാല ഡയറക്ടര്‍മാര്‍, മുന്‍ ജീവനക്കാര്‍, ഉപഭോക്താക്കള്‍, ഓഹരി ഉടമകള്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ ബാങ്കിന്റെ 96-ാം സ്ഥാപകദിനാഘോഷം നടന്നു. 1929ല്‍ സ്വദേശി പ്രസ്ഥാനത്തിന്റെ ചുവടുപിടിച്ച്, ദീര്‍ഘദര്‍ശികളായ നാല്പത്തിരണ്ട് പേര്‍ ചേര്‍ന്നാണ് തൃശൂരില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ആരംഭിച്ചത്. തുടര്‍ന്ന് പതിറ്റാണ്ടുകളായി രാജ്യമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് മികച്ച ബാങ്കിങ് സേവനങ്ങള്‍ നല്‍കുന്ന ധനകാര്യ സ്ഥാപനമായി സൗത്ത് ഇന്ത്യന്‍ ബാങ്ക് മാറി.

ശതാബ്ദിയിലേക്ക് അടുക്കുന്ന സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പ്രവര്‍ത്തനങ്ങളിലെ നാഴികക്കല്ലാണ് കാക്കനാടുള്ള 'എസ് ഐ ബി ടവര്‍' എന്ന് ചെയര്‍മാന്‍ വി ജെ കുര്യന്‍ പറഞ്ഞു. എല്ലാ ജീവനക്കാരെയും ഉള്‍ക്കൊള്ളുന്ന തരത്തില്‍ പുരോഗമനപരമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിച്ചും ഉപഭോക്തൃ സേവന പ്രവത്തനങ്ങളിലെ കാര്യക്ഷമത വര്‍ധിപ്പിച്ചും കൂടുതല്‍ കരുത്തോടെ മുന്നേറാനുള്ള ബാങ്കിന്റെ ചുവടുവെയ്പ്പാണ് ഈ പുതിയ ഓഫീസ് തുറക്കുന്നതിലൂടെ യഥാര്‍ഥ്യമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബില്‍ഡിംഗിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എല്ലാവര്‍ക്കും, പ്രത്യേകിച്ച് മുന്‍ ചെയര്‍മാന്‍ സലിം ഗംഗാധരനും അദ്ദേഹം നന്ദി പറഞ്ഞു. പ്രളയം, കോവിഡ് മഹാമാരി തുടങ്ങിയ വെല്ലുവിളികളെ മറികടന്നാണ് പുതിയ ബില്‍ഡിംഗിന്റെ പണി പൂര്‍ത്തീകരിച്ചത്.

സൗത്ത് ഇന്ത്യന്‍ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ പി ആര്‍ ശേഷാദ്രി അധ്യക്ഷത വഹിച്ചു. 'അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ വിജയകരമായി മറികടക്കാനും പുതിയ നാഴികക്കല്ലുകള്‍ പടുത്തുയര്‍ത്താനും ബാങ്കിനെ സഹായിക്കുന്നത് വിശ്വാസ്യത, ഐക്യം, സേവന മികവ് എന്ന അടിസ്ഥാന തത്വങ്ങളിലുള്ള പ്രതിബദ്ധത മൂലമാണ്. ആരംഭ കാലഘട്ടം മുതല്‍ ഈ അടിസ്ഥാന തത്വങ്ങളിലൂന്നിയാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് പ്രവര്‍ത്തിക്കുന്നത്. ബാങ്കിങ് വ്യവസായ രംഗത്തെ പുത്തന്‍ രീതികള്‍ ഉപഭോക്താക്കള്‍ക്ക് പരിചയപ്പെടുത്തി മികച്ച സേവനം നല്‍കുന്നതില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് പ്രതിജ്ഞാബദ്ധരായിരിക്കും.'- പി ആര്‍ ശേഷാദ്രി പറഞ്ഞു.

2 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ പന്ത്രണ്ട് നിലകളിലായാണ് 'എസ് ഐ ബി ടവര്‍' നിലകൊള്ളുന്നത്. 1200 ജീവനക്കാര്‍ക്കുള്ള വര്‍ക്ക് സ്‌പേസിന് പുറമെ മെഗാ കറന്‍സി ചെസ്‌റ്, ബ്രാഞ്ച് ഓഫീസ്, അനുബന്ധ ഓഫീസുകള്‍ തുടങ്ങിയ വിപുലമായ സൗകര്യങ്ങളാണ് ഇവിടെ ഉള്ളത്. അത്യാധുനിക പാര്‍ക്കിംഗ് സംവിധാനങ്ങള്‍ ഉള്ള ബേസ്മെന്റ്, വിശാലമായ ഓഡിറ്റോറിയം, ഓഡിയോ വിഷ്വല്‍ സൗകര്യമുള്ള ബോര്‍ഡ്റൂം, 9 മീറ്റിംഗ് റൂമുകള്‍, 3 ഇന്റര്‍വ്യൂ റൂമുകള്‍ എന്നിവയും ഈ ബില്‍ഡിംഗില്‍ ഒരുക്കിയിട്ടുണ്ട്.

Similar News