കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ സംഘടിപ്പിച്ച യു എസ് ടി ഗോള്‍ 2025 സമാപിച്ചു
പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി, കൊച്ചിയിലെ ഇന്‍ഫോപാര്‍ക്കില്‍ സംഘടിപ്പിച്ച യു എസ് ടി ഗോള്‍ 2025 അന്തര്‍-സ്ഥാപന ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനു തിരശീല വീണു. സമാപന ചടങ്ങില്‍, ആകെ ഒരു ലക്ഷം രൂപയുടെ സമ്മാനത്തുക മൂന്നു വിഭാഗങ്ങളിലായി മത്സര ജേതാക്കള്‍ക്ക് സമ്മാനിച്ചു.
ഇന്‍ഫോപാര്‍ക്ക് ഫേസ് 2 ലെ സന്‍സ്‌കാര സ്‌കൂള്‍ മൈതാനത്ത് അരങ്ങേറിയ വാശിയേറിയ മത്സരങ്ങളില്‍ വിവിധ കമ്പനികളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുത്തു. പുരുഷ, വനിതാ ടീമുകളെക്കൂടാതെ മാസ്റ്റേഴ്‌സ് ഉള്‍പ്പടെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. പുരുഷ വിഭാഗത്തില്‍ ഗാഡ്ജിയണ്‍ സ്മാര്‍ട്ട് സിസ്റ്റംസില്‍ നിന്നുള്ള ടീം ജേതാക്കളായി. സ്ട്രാഡയില്‍ നിന്നുള്ള ടീമാണ് റണ്ണര്‍ അപ്പ്. എക്‌സ്പീരിയണില്‍ നിന്നുള്ള ടീമാണ് രണ്ടാമത്തെ റണ്ണര്‍ അപ്പ്. സ്ട്രാഡായില്‍ നിന്നുള്ള റിനേഷ് റൂബന്‍ അഞ്ചു ഗോളുകള്‍ നേടി ടോപ് സ്‌കോറര്‍ ആയി. സ്ട്രാഡയില്‍ നിന്നു തന്നെയുള്ള അശ്വിന്‍ പി എസ് മികച്ച ഗോള്‍ കീപ്പറായി തിരഞ്ഞെടുക്കപ്പെട്ടു. ഗാഡ്ജിയണ്‍ താരമായ യാസിര്‍ ആന്ത്രോത്ത് ഈ വിഭാഗത്തില്‍ പ്ലേയര്‍ ഒഫ് ദ ടൂര്‍ണമെന്റായി.
വനിതാ വിഭാഗത്തില്‍ യു എസ് ടി യില്‍ നിന്നുള്ള ടീം ജേതാക്കളായി. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ടീം റണ്ണര്‍ അപ്പും കോഗ്‌നിസന്റില്‍ നിന്നുള്ള ടീം രണ്ടാമത്തെ റണ്ണര്‍ അപ്പുമായി. ആറു ഗോളുകള്‍ നേടിയ യു എസ് ടിയിലെ സൂര്യ പോള്‍ ടോപ് സ്‌കോറര്‍ ആയപ്പോള്‍, യു എസ് ടിയിലെ തന്നെ വിജയലക്ഷ്മി വിത്സണ്‍ മികച്ച ഗോള്‍ കീപ്പറായി. യു എസ് ടി താരം അമിയ വര്‍ഗീസ് ആണ് പ്ലേയര്‍ ഒഫ് ദ ടൂര്‍ണമെന്റ്.
മാസ്റ്റേഴ്‌സ് വിഭാഗത്തില്‍ ഏണ്‍സ്റ്റ് ആന്‍ഡ് യങ് ജേതാക്കളായി. യു എസ് ടി ഒന്നാം റണ്ണര്‍ അപ്പും, ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് രണ്ടാം റണ്ണര്‍ അപ്പുമായി. ഏണ്‍സ്റ്റ് ആന്‍ഡ് യങ് താരം സുഭാഷ് ബാലന്‍ ഏഴു ഗോളുകള്‍ നേടി ടോപ് സ്‌കോറര്‍ ആയപ്പോള്‍, യു എസ് ടി യുടെ സ്റ്റീഫന്‍ ഇട്ടി മികച്ച ഗോള്‍കീപ്പറായി. ഏണ്‍സ്റ്റ് ആന്‍ഡ് യങ് ടീമിലെ അഖില്‍ ജോണ്‍സണ്‍ ആണ് മാസ്റ്റേഴ്‌സ് വിഭാഗത്തിലെ പ്ലേയര്‍ ഒഫ് ദ ടൂര്‍ണമെന്റ്.
45 കമ്പനികളില്‍ നിന്നായി 68 ടീമുകള്‍ കഴിഞ്ഞ 3 ആഴ്ചക്കാലമായി 117 മത്സരങ്ങളിലാണ് മാറ്റുരച്ചത്. പുരുഷ വിഭാഗത്തില്‍ 9 പേരടങ്ങുന്ന ടീമുകള്‍ മത്സരിച്ചപ്പോള്‍, മാസ്റ്റേഴ്‌സ് വിഭാഗം ടീമുകളില്‍ 7 പേര്‍ വീതവും വനിതാ വിഭാഗത്തില്‍ 5 പേര് വീതമടങ്ങുന്ന ടീമുകളുമാണ് മത്സരിച്ചത്. ഫ്ളഡ്ലൈറ്റുകള്‍ക്ക് കീഴിലാണ് മത്സരങ്ങള്‍ അരങ്ങേറിയത്.
2007 ല്‍ തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ആദ്യം സംഘടിപ്പിച്ച യു എസ് ടി ഗോള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 2012 ലാണ് കൊച്ചി പതിപ്പിനു തുടക്കം കുറിച്ചത്. എട്ടാം പതിപ്പില്‍ എത്തി നില്‍ക്കുന്ന ടൂര്‍ണമെന്റ് കൊച്ചി ഇന്‍ഫോപാര്‍ക്കിന്റെ ഇരുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് സംഘടിപ്പിച്ചത്. വിജയികളായ ടീമുകള്‍ക്ക് മുഖ്യാതിഥിതി ആയി എത്തിയ കൊച്ചി മെട്രോ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ ട്രോഫികളും സമ്മാനത്തുകയും കൈമാറി. യു എസ് ടി ഗോള്‍ 2025 ന്റെ സമാപനച്ചടങ്ങില്‍ ഇന്‍ഫോപാര്‍ക്ക്‌സ് കേരള ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുശാന്ത് കുരുന്തില്‍; യു എസ് ടി ചീഫ് വാല്യൂസ് ഓഫീസറും സെന്റര്‍ ഓപ്പറേഷന്‍സ് ആഗോള മേധാവിയുമായ സുനില്‍ ബാലകൃഷ്ണന്‍; തുടങ്ങി നിരവധിപ്പേര്‍ സന്നിഹിതരായിരുന്നു. എ സി വി, സ്‌കൈലാര്‍ക്ക്, വെലോസിസ്, വാല്യൂ പോയിന്റ്, മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി, ചായ് ഹട്ട്, ലെക്‌സസ് എന്നിവരുടെ സഹകരണത്തോടെയാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.
'കഴിഞ്ഞ വര്‍ഷങ്ങളില്‍ സംഘടിപ്പിച്ച യു എസ് ടി ഗോള്‍ അന്തര്‍-സ്ഥാപന ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങളെ അപേക്ഷിച്ച് വര്‍ധിത വീര്യത്തോടെയും ആവേശത്തോടെയുമാണ് ഈ വര്‍ഷത്തെ മത്സരങ്ങള്‍ നടന്നത്. കമ്പനികളുടെയും, ടെക്നോളജി പ്രഫഷനലുകളുടെയും എണ്ണത്തിലുള്ള വര്‍ദ്ധനവുകൊണ്ട് ധന്യമായ യു എസ് ടി ഗോള്‍ 2025 മത്സരങ്ങളില്‍ മികച്ച പുതിയ കളിക്കാരെയും കാണാനായി. ജോലിയോടുള്ളതു പോലെത്തന്നെ കളിക്കളത്തോടുള്ള മമതയും, നല്ല ആരോഗ്യ ശീലങ്ങളും സുപ്രധാനമാണെന്ന് ടെക്നോളജി പ്രൊഫഷണലുകള്‍ വിശ്വസിക്കുന്നുണ്ടെന്നു കാണുമ്പോള്‍ ഏറെ ആവേശം തോന്നുന്നു. വിജയികളെ ഞാന്‍ അനുമോദിക്കുന്നു, ഒപ്പം പങ്കെടുത്ത എല്ലാപേര്‍ക്കും കൃതജ്ഞത അറിയിക്കുന്നു,' യു എസ് ടി ചീഫ് വാല്യൂസ് ഓഫീസറും സെന്റര്‍ ഓപ്പറേഷന്‍സ് ആഗോള മേധാവിയുമായ സുനില്‍ ബാലകൃഷ്ണന്‍ പറഞ്ഞു.
ഇരുപതാം വാര്‍ഷികം ആഘോഷിക്കുന്ന ഇന്‍ഫോപാര്‍ക്കിന്റെ പങ്കാളിത്തത്തോടെ യു എസ് ടി സംഘടിപ്പിച്ച യു എസ് ടി ഗോള്‍ 2025 ന്റെ സമാപന ചടങ്ങിനോടനുബന്ധിച്ച് പ്രശസ്ത ഗായിക ഗൗരി ലക്ഷ്മിയുടെ സംഗീത വിരുന്നും സംഘടിപ്പിച്ചു.