'ഒച്ചയിടരുത്, ഞാന്‍ നിന്റെ തന്തയല്ല, ഇറങ്ങിപ്പോകണം'; ടി.വി വാര്‍ത്തക്കിടെ പരസ്യമായി കൊമ്പുകോര്‍ത്ത് പാനലിസ്റ്റുകളായ അശുതോഷും ആനന്ദും; കെജ്രിവാളിന്റെ ചാനല്‍ ചര്‍ച്ച അടിയുടെ വക്കിലെത്തിയപ്പോള്‍

ചാനല്‍ ചര്‍ച്ചക്കിടെ മാധ്യമ പ്രവര്‍ത്തകനായ അശുതോഷും വലതുപക്ഷ നിരീക്ഷകനായ ആനന്ദ് രംഗനാഥനുമാണ് വാഗ്വാദത്തിലേര്‍പ്പെട്ടത്.

Update: 2024-09-14 09:35 GMT

ന്യൂഡല്‍ഹി: വാര്‍ത്താ ചാനലുകള്‍ തമ്മിലുള്ള ടിആര്‍പി മത്സരം മലയാളത്തില്‍ മുറുകുകയാണ്. ഇതോടെ മലയാളികള്‍ക്ക് കണ്ടു ശീലമില്ലാത്ത പലകാഴ്ച്ചകകളും ചാനലുകളില്‍ വരാരുണ്ട്. ദേശീയ തലത്തിലും ഈ മത്സരം ഒട്ടും കുറവല്ല. കഴിഞ്ഞ ദിവസം ടൈംസ് നൗ നവഭാരത് ചാനലില്‍ നടന്ന ചര്‍ച്ച അടിയുടെ വക്കിലാണ് എത്തിയത്. തെറിവിളിയും കൂടിയായപ്പോള്‍ നിയന്ത്രിക്കാന്‍ അവതാരകയും പാടുപെട്ടു.

ചാനല്‍ ചര്‍ച്ചക്കിടെ മാധ്യമ പ്രവര്‍ത്തകനായ അശുതോഷും വലതുപക്ഷ നിരീക്ഷകനായ ആനന്ദ് രംഗനാഥനുമാണ് വാഗ്വാദത്തിലേര്‍പ്പെട്ടത്. കൈയാങ്കളിയിലെത്തുന്നതിന് മുമ്പ് വാര്‍ത്താ അവതാരകയും സഹപാനലിസ്റ്റുകളും ചേര്‍ന്ന് ഇരുവരെയും മാറ്റുകയായിരുന്നു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക നവിക കുമാറായിരുന്നു ബി.ജെ.പി അനുകൂല ചാനലിലെ വാര്‍ത്താ അവതാരക. രാഷ്ട്രീയ നിരീക്ഷകനും കോളമിസ്റ്റുമായ തെഹ്‌സീന്‍ പൂനെവാലയും പാനലിലുണ്ടായിരുന്നു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രീം കോടതിയില്‍നിന്ന് ജാമ്യം അനുവദിച്ച വിഷയമായിരുന്നു ചാനലിലെ ചര്‍ച്ച. ചര്‍ച്ചക്കിടെ പലതവണ ആനന്ദ് രംഗനാഥന്‍ വ്യക്തിപരമായി അശുതോഷിനെ വിമര്‍ശിച്ച് സംസാരിച്ചതോടെയാണ് രംഗം വഷളായത്. ഇതോടെ കടുത്ത ഭാഷയില്‍ തന്നെ അശുതോഷ് തിരിച്ചടിച്ചു.

'അയാള്‍ നിരന്തരം എന്നെ മോശമായി പരാമര്‍ശിക്കുന്നു. അത്തരം കമന്റുകള്‍ നിര്‍ത്താന്‍ അയാളോട് പറയണം' എന്ന് നവിക കുമാറിനോട് ഒരുതവണ അശുതോഷ് ക്ഷുഭിതനായി ആവശ്യപ്പെടുകയും ചെയ്തു. എന്നിട്ടും ആരന്ദ് രംഗനാഥന്‍ അധിക്ഷേപം തുടര്‍ന്നതോടെ അശുതോഷിന് നിയന്ത്രണം വിട്ടു.

സീറ്റ് വിട്ട് ആനന്ദ് രംഗനാഥനെതിരെ കനത്ത ശകാരവുമായി അദ്ദേഹം നിലയുറപ്പിച്ചതോടെ വാര്‍ത്താ അവതാരകയും സഹപാനലിസ്റ്റുകളും രംഗം ശമിപ്പിക്കാനുള്ള ശ്രമത്തിലായി പിന്നെ. അശുതോഷിന്റെ കനത്ത 'ആക്രമണത്തില്‍' പതറിപ്പോയ ആനന്ദ് രംഗനാഥന്‍ 'ഒച്ചയിടരുത്, ഞാന്‍ നിന്റെ തന്തയല്ല, ഇറങ്ങിപ്പോകണം' എന്ന് പറഞ്ഞതോടെ വാഗ്വാദം കനക്കുകയായിരുന്നു. ഒടുവില്‍ ഏറെ പണിപ്പെട്ടാണ് ഇരുവരെയും നിയന്ത്രിച്ചത്.

മുമ്പ് രാഷ്ട്രീയത്തില്‍ സജീവമായിരുന്ന അശുതോഷ് ആം ആദ്മി പാര്‍ട്ടിയുടെ വക്താവായിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനം ഉപേക്ഷിച്ചാണ് വീണ്ടും മാധ്യമ പ്രവര്‍ത്തകനായത്. സത്യഹിന്ദിയുടെ സഹസ്ഥാപകനും എഡിറ്റോറിയല്‍ ഡയറക്ടറുമായ അദ്ദേഹം, ടെലിവിഷന്‍ ചാനലായ ഐ.ബി.എന്‍7 ന്യൂസ് ആങ്കറും മാനേജിങ് എഡിറ്ററുമായിരുന്നു. ബി.ജെ.പി-ആര്‍.എസ്.എസ് അനുകൂല നിലപാടുകളുള്ള ആനന്ദ് രംഗനാഥന്റെ പല പ്രസ്താവനകളും സമീപകാലത്ത് ഏറെ വിവാദം സൃഷ്ടിച്ചിട്ടുണ്ട്. കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ ഇസ്രായേല്‍ ഗസ്സയില്‍ ചെയ്യുന്നതുപോലുള്ള നടപടികളാണ് വേണ്ടതെന്ന് ഇക്കഴിഞ്ഞ ജൂണില്‍ രംഗനാഥന്‍ നടത്തിയ പ്രസ്താവന ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

അതേസമയം ഈ 'ഏറ്റുമുട്ടല്‍' സോഷ്യല്‍ മീഡിയയിലും ആളുകള്‍ വിമര്‍ശിച്ചു. 'ആളുകള്‍ നിങ്ങളുടെ മോശം ന്യൂസ് ചാനല്‍ കാണുന്നത് നിര്‍ത്തുമ്പോള്‍, നിങ്ങള്‍ പുതിയ തട്ടിപ്പുമായി വരികയാണെന്നാണ് ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ 'എക്‌സി'ല്‍ കുറിച്ചത്.

Tags:    

Similar News