ഓണം വാരം തൂക്കി ഏഷ്യാനെറ്റ് ന്യൂസ്..! 35-ാം ആഴ്ചയിലെ ബാര്‍ക്ക് റേറ്റിംഗില്‍ എതിരാളികളില്ലാതെ ഒന്നാം സ്ഥാനത്ത്; കെട്ടുകാഴ്ച്ചകള്‍ ഒരുക്കിയിട്ടും റിപ്പോര്‍ട്ടര്‍ ചാനലിന് രണ്ടാം സ്ഥാനം മാത്രം; ന്യൂസ് മലയാളത്തെ ആറാം സ്ഥാനത്തേക്ക് പിന്തള്ളി നാലാം സ്ഥാനത്തേക്ക് തിരികെ കയറി മനോരമ ന്യൂസ്

ഓണം വാരം തൂക്കി ഏഷ്യാനെറ്റ് ന്യൂസ്..!

Update: 2025-09-11 08:46 GMT

തിരുവനന്തപുരം: മലയാളം വാര്‍ത്താ ചാനല്‍ രംഗത്ത് കനത്ത യുദ്ധം മുറുകുന്ന കാലത്തും മലയാളികള്‍ക്ക് പ്രിയങ്കരമായത് ഏഷ്യാനെറ്റ് ന്യൂസ്. കാലങ്ങളായി ഏഷ്യാനെറ്റിന്റെ കുത്തക അട്ടിമറിക്കാന്‍ പലരും ശ്രമിച്ചെങ്കിലും അത് വല്ലപ്പോഴും സംഭവിച്ച കാര്യം മാത്രമായിരുന്നു. ഓണക്കാലത്തും മലയാളികളുടെ പ്രിയ വാര്‍ത്താചാനലായി ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ തുടരുകയാണ്.

ഇന്ന് പുറത്തുവന്ന 35-ാം ആഴ്ചയിലെ ബാര്‍ക്ക് റേറ്റിങ്ങില്‍ 88 പോയിന്റിന്റെ വ്യക്തമായ മേധാവിത്വത്തോടെ ഏഷ്യാനെറ്റ് ന്യൂസ് വീണ്ടും ഒന്നാമതായി തുടരുകയാണ്. രണ്ടും മൂന്നും സ്ഥാനത്തുള്ള വാര്‍ത്താചാനലുകളെക്കാള്‍ ഏറെ മുന്നിലാണ് മലയാളികളുടെ വിശ്വസ്ത വാര്‍ത്താ ചാനല്‍. വലിയ വാര്‍ത്തകളില്ലാതെ കടന്നുപോയ ആഴ്ച്ചകളായിരുന്നു കടന്നുപോയത്. ഇതോടെ സ്വാഭാവികമായും മലയാളികള്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് തന്നെ മേല്‍ക്കൈ നല്‍കി. മലയാളികള്‍ വിശ്വസിക്കുന്ന ചാനലെന്നതാണ് ഏഷ്യാനെറ്റിനെ ഇപ്പോഴും ഒന്നാം സ്ഥാനത്ത് നിര്‍ത്തുന്നത്.

റേറ്റിങ് കണക്കുകളില്‍ രണ്ടാം സ്ഥാനത്തുള്ള റിപ്പോര്‍ട്ടര്‍ ചാനലിന് 75 പോയിന്റാണുള്ളത്. ഏഷ്യാനെറ്റിനെ അട്ടിമറിക്കാന്‍ കുറുക്കുവഴികള്‍ അടക്കം പയറ്റിയെങ്കിലും സമീപകാലത്തായി അവര്‍ക്ക് മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. വിഎസ് അച്യുതാനന്ദന്‍ മരിച്ച വാരമാണ് റിപ്പോര്‍ട്ടര്‍ മുന്നിലെത്തിയിരുന്നത്. അതിന് ശേഷം വലിയ നേട്ടമുണ്ടാക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല.

62 പോയിന്റുള്ള 24 ന്യൂസ് ആണ് മൂന്നാം സ്ഥാനത്തുള്ളത്. മനോരമ ന്യൂസ് നാലാം സ്ഥാനത്തേക്ക് തിരികെ കയറി എന്നതാണ് മറ്റൊരു പ്രത്യേകത. പോയവാരം ന്യൂസ് മലയാളം ചാനലായിരുന്നു നാലാം സ്ഥാനത്തേക്ക് എത്തിത്. എന്നാല്‍, നാലാം സ്ഥാനത്തിനായി അഞ്ചോടിഞ്ച് മത്സരമാണ് മൂന്ന് ചാനലുകള്‍ തമ്മിലുള്ളത്. 34 പോയിന്റുകളുള്ള മനോരമ നാലാം സ്ഥാനത്തും മാതൃഭൂമി ന്യൂസ് അഞ്ചാം സ്ഥാനത്തുമാണ്. 33 പോയിന്റുമായി ന്യൂസ് മലയാളം 24ഃ7 ആറാം സ്ഥാനത്താണ്.

ജനം ടിവി 19 പോയിന്റുമായി ഏഴാം സ്ഥാനത്തും കൈരളി ന്യൂസ് 17 പോയിന്റുമായി എട്ടാം സ്ഥാനത്തുമാണുള്ളത്. ന്യൂസ് 18 കേരള 11 പോയിന്റുമായി ഒമ്പതാം സ്ഥാനത്തും മീഡയ വണ്‍ 7 പോയിന്റുമായി പത്താം സ്ഥാനത്തുമാണുള്ളത്. നഗര ഗ്രാമ വ്യത്യാസമില്ലാതെ ഏതു സമയത്തും പ്രായ ഭേദമില്ലാതെ മലയാളികള്‍ വാര്‍ത്തകള്‍ അറിയുന്നത് ഏഷ്യാനെറ്റ് ന്യൂസിലൂടെയാണെന്ന് ബാര്‍ക്ക് പ്രേക്ഷക റേറ്റിങ് വ്യക്തമാക്കുന്നു കാര്യം.

മലയാളിക്ക് ആധികാരിക വാര്‍ത്തകള്‍ക്ക് ഏത് ചാനല്‍ കാണണം എന്നതില്‍ ഒരു സംശയവും ഉണ്ടായില്ല. കാല്‍ നൂറ്റാണ്ട് പിന്നിട്ട മലയാളിയുടെ വാര്‍ത്താശീലം മാറ്റമില്ലാതെ തുടരുകയാണ്. പണം വാരിയെറിഞ്ഞു കൊണ്ടായിരുന്നു റിപ്പോര്‍ട്ടര്‍ ചാനലിന്റെ മാര്‍ക്കറ്റിംഗ് തന്ത്രം. കേരളാ വിഷന്റെ ലാന്‍ഡിംഗ് പേജ് കോടികള്‍ കൊടുത്തു വാങ്ങിയതിന് ശേഷമാണ് റിപ്പോര്‍ട്ടര്‍ ടിവി മുന്നോട്ടു കയറിയത്.

ഏഷ്യാനെറ്റ് ന്യൂസിനെ വെല്ലുവിളിക്കാന്‍ കോടികള്‍ ഇറക്കിയായിരുന്നു കേരളാ വിഷനില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ തന്ത്രം പയറ്റിയത്. കോടികള്‍ കൊടുത്താണ് കേരളാ വിഷന്‍ കേബിള്‍ നെറ്റ് വര്‍ക്കിന്റെ ലാന്‍ഡിംഗ് പേജ് റിപ്പോര്‍ട്ടര്‍ വാങ്ങിയത്. ഇതോടെ ടിവി ഓണ്‍ചെയ്താല്‍ ആദ്യം എത്തുക റിപ്പോര്‍ട്ടര്‍ ചാനലാണ്. ഇതോടെയാണ് റിപ്പോര്‍ട്ടര്‍ മുന്നോട്ടു പോയത്. വാര്‍ത്തയെ പൊലിപ്പിച്ചു കൊണ്ടുള്ള വാര്‍ത്താ ശൈലിയാണ് റിപ്പോര്‍ട്ടറിന്. ഈ ശൈലിക്ക് അടിതെറ്റുന്നുവെന്നാണ് ബാര്‍ക്ക് റേറ്റിംഗില്‍ നിന്നും വ്യക്തമാകുന്നത്.

Tags:    

Similar News