'ഒരുവശത്ത് കുരുന്നുകളുടെ കൂട്ടക്കൊല; മറ്റൊരിടത്ത് കുട്ടികളുടെ അവകാശചര്‍ച്ച'; മെലാനിയ ട്രംപിന് വിമര്‍ശനം; നിരപരാധികളായ പെണ്‍കുട്ടികള്‍ക്കായുള്ള ശവക്കുഴികളാണിത്; ഇതാണ് ട്രംപ് പറഞ്ഞ 'രക്ഷ'; 160 പെണ്‍കുട്ടികളെ സംസ്‌കരിക്കാന്‍ തീര്‍ത്ത കുഴിമാടങ്ങളുടെ ദൃശ്യം പുറത്തുവിട്ട് ഇറാന്‍ വിദേശകാര്യ മന്ത്രി

'ഒരുവശത്ത് കുരുന്നുകളുടെ കൂട്ടക്കൊല; മറ്റൊരിടത്ത് കുട്ടികളുടെ അവകാശചര്‍ച്ച

Update: 2026-03-03 08:56 GMT

ന്യൂയോര്‍ക്ക്: ഇറാനില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കടന്നിട്ടുണ്ട്. കുട്ടികള്‍ അടക്കമുള്ളവര്‍ കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. യുദ്ധത്തിന് ഇറങ്ങിത്തിരിച്ചതിന്റെ പേരില്‍ ട്രംപിനെതിരെയും വിമര്‍ശനങ്ങള്‍ ശക്തമാണ്. ഇതിനിടെ യുദ്ധഭൂമിയിലെ കുട്ടികളുടെ അവകാശങ്ങള്‍ ചര്‍ച്ച ചെയ്ത യുഎന്‍ രക്ഷാസമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് യു.എസ് പ്രഥമ വനിത മെലാനിയ ട്രംപ് പങ്കെടുത്തത് വിമര്‍ശനങ്ങള്‍ക്ക് ഇടവെച്ചു.

അമേരിക്കന്‍ പിന്തുണയോടെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാനില്‍ നൂറുകണക്കിന് കുട്ടികള്‍ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് യോഗം എന്നത് വിമര്‍ശനം ഏറ്റുവാങ്ങി. സംഘര്‍ഷഭൂമിയിലടകപ്പെടുന്ന കുട്ടികളുടെ അവകാശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് യു.എസ് രക്ഷാസമിതി പ്രത്യേക യോഗം ചേര്‍ന്നത് . സാധാരണ അധ്യക്ഷ പദവിയിലുള്ള രാജ്യങ്ങളുടെ യു.എന്‍ അംബാസഡറോ മുതിര്‍ന്ന ഉദ്യോഗസ്ഥരോ ആണ് ചര്‍ച്ച നയിക്കുക. പക്ഷേ ഇതാദ്യമായി അമേരിക്ക പ്രഥമവനിത മെലാനിയ ട്രംപിനെ അധ്യക്ഷയാക്കുകയായിരുന്നു. അമേരിക്കയുടെ മനസ് യുദ്ധഭൂമിയിലെ കുഞ്ഞുങ്ങള്‍ക്കൊപ്പമാണെന്ന് പറഞ്ഞ മെലാനിയ ട്രംപ് ഇറാന്‍ യുദ്ധത്തെക്കുറിച്ച് നേരിട്ട് പരാമര്‍ശിച്ചില്ല.

ഈ സമയത്ത് കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കാന്‍ അമേരിക്കന്‍ പ്രഥമ വനിതയെ അനുവദിച്ച രക്ഷാസമിതി നിലപാട് കാപട്യവും അവസരവാദവുമാണെന്ന് യു.എന്നിലെ ഇറാന്‍ അംബാസഡര്‍ വിമര്‍ശിച്ചു. ഞായറാഴ്ച ഇറാനില്‍ അമേരിക്കന്‍ പിന്തുണയോട ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 150 ലേറെ സ്‌കൂള്‍ കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. ലോകത്താകെ 23.4 കോടി കുട്ടികള്‍ക്ക് സംഘര്‍ഷങ്ങളുടെ ഭാഗമായി വിദ്യാഭ്യാസവും മറ്റ് മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെടുന്നു എന്നാണ് യു.എന്‍ കണക്ക്.

കുഴിമാടങ്ങളുടെ ദൃശ്യം പുറത്തുവിട്ട് ഇറാന്‍ വിദേശകാര്യ മന്ത്രി

അതിനിടെ മിനാബിലെ സ്‌കൂളിനു നേര്‍ക്കുണ്ടായ യുഎസ് - ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട 160 പെണ്‍കുട്ടികളെ സംസ്‌കരിക്കാന്‍ തീര്‍ത്ത കുഴിമാടങ്ങളുടെ ദൃശ്യം പുറത്തുവിട്ട് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി. 'അവരുടെ ശരീരം ചിന്നിച്ചിതറിയിരുന്നു, ഇതാണ് ട്രംപ് ഇറാനിലുള്ളവരെ രക്ഷിക്കുകയാണെന്ന് പറഞ്ഞതിന്റെ യാഥാര്‍ഥ്യം' എന്ന് കുറിച്ചാണ് അബ്ബാസ് ചിത്രം എക്‌സിലൂടെ പങ്കിട്ടത്. ഇറാനിലെ ആക്രമണത്തിന്റെയും മരണത്തിന്റെയും ഭീകരത വിളിച്ചോതുന്നതാണ് ചിത്രം.

'ഒരു പ്രൈമറി സ്‌കൂളില്‍ യുഎസ്- ഇസ്രയേല്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട 160-ലധികം നിരപരാധികളായ പെണ്‍കുട്ടികള്‍ക്കായി കുഴിക്കുന്ന ശവക്കുഴികളാണിത്. അവരുടെ ശരീരങ്ങള്‍ ചിന്നിച്ചിതറിയിരുന്നു. ട്രംപ് വാഗ്ദാനം ചെയ്ത 'രക്ഷ' യാഥാര്‍ഥ്യത്തില്‍ ഇതാണ്. ഗാസ മുതല്‍ മിനാബ് വരെ, നിരപരാധികള്‍ ക്രൂരമായി കൊല്ലപ്പെടുന്നു' എന്നാണ് അബ്ബാസ് അറഗ്ചി എക്‌സില്‍ കുറിച്ചത്.

ശനിയാഴ്ചയാണ് തെക്കന്‍ ഇറാനിലെ മിനാബ് നഗരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രൈമറി സ്‌കൂളിന് നേരെ യുഎസ് ഇസ്രയേല്‍ ആക്രമണമുണ്ടായത്. ഇറാന്‍ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം ആക്രമണസമയത്ത് സ്‌കൂളില്‍ നിറയെ കുട്ടികളുണ്ടായിരുന്നു. പുറത്തുവന്ന കണക്കുകള്‍ പ്രകാരം കുട്ടികളുള്‍പ്പെടെ 160 ഓളം പേര്‍ കൊല്ലപ്പെടുകയും കുറഞ്ഞത് 60 പേര്‍ക്കെങ്കിലും പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ കണക്കുകള്‍ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ആക്രമിക്കപ്പെട്ട സ്‌കൂളിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചിരുന്നു. തകര്‍ന്ന കോണ്‍ക്രീറ്റിന്റെ സ്ലാബുകളില്‍ നിന്നും രക്ഷാപ്രവര്‍ത്തകര്‍ കുട്ടികളെ പുറത്തേക്കെടുക്കുന്നതിന്റെയും മറ്റും ദൃശ്യങ്ങള്‍ രാജ്യാന്തര മാധ്യമങ്ങളടക്കം പുറത്തുവിടുകയുണ്ടായി. ഐക്യരാഷ്ട്രസഭയില്‍ ഇറാന്‍ ആക്രമണത്തെ സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ ബോധപൂര്‍വമായ ആക്രമണമായി വിശേഷിപ്പിക്കുകയും യുദ്ധക്കുറ്റവും മനുഷ്യരാശിക്കെതിരായ ക്രൂരമായ ആക്രമണമണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.

സ്‌കൂള്‍ ലക്ഷ്യമിട്ടിരുന്നതായി അമേരിക്കയോ ഇസ്രയേലോ പരസ്യമായി സ്ഥിരീകരിച്ചിട്ടില്ല. സിവിലിയന്‍ നാശനഷ്ടങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകളെക്കുറിച്ച് അറിയാമെന്നും വിഷയം പരിശോധിക്കുകയാണെന്നുമാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ അറിയിച്ചത്.

Tags:    

Similar News