മഹാകുംഭമേളയെ കുറിച്ചുള്ള 'കവര്‍ സ്‌റ്റോറി'യിലെ 'പരിഹാസ' പരാമര്‍ശത്തിന് രാജീവ് ചന്ദ്രശേഖര്‍ പോസ്റ്റിടുന്നതിന് മുമ്പുള്ള ആഴ്ച; വാര്‍ത്താ ക്ഷാമം ഇല്ലാതിരുന്നിട്ടും ഏഷ്യാനെറ്റ് ന്യൂസ് അടക്കം വാര്‍ത്താ ചാനലുകളോട് പ്രേക്ഷകര്‍ക്ക് മടുപ്പ്; പോയിന്റ് നിലയില്‍ ഏഷ്യാനെറ്റ്-റിപ്പോര്‍ട്ടര്‍ അകലം കുറയുന്നു; ബാര്‍ക് റേറ്റിംഗ് എട്ടാമത്തെ ആഴ്ച
ബാര്‍ക് റേറ്റിംഗ് എട്ടാമത്തെ ആഴ്ച
തിരുവനന്തപുരം: മലയാളി പ്രേക്ഷകര്‍ക്ക് വാര്‍ത്താ ചാനലുകളെ മടുത്തോ? അതിനാടകീയ അവതരണങ്ങളുടെ വേലിയേറ്റത്തിനും പ്രേക്ഷകരെ ടെലിവിഷന്‍ സ്‌ക്രീനുകള്‍ക്ക് മുന്നില്‍ പിടിച്ചിരുത്താന്‍ കഴിയുന്നില്ലേ? ഏതാനും ആഴ്ചകളായുള്ള ബാര്‍ക് റേറ്റിംഗ് പരിശോധിക്കുമ്പോള്‍ പ്രേക്ഷകരുടെ ഇടിവ് പ്രകടമാണ്. പോയവാരം വാര്‍ത്താക്ഷാമം ഒന്നും ഉണ്ടായിരുന്നില്ല. രാഷ്ട്രീയതലത്തില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കള്‍ ഇന്ദ്രപ്രസ്ഥത്തില്‍ എഐസിസിയുമായി ചര്‍ച്ചയ്ക്ക് പോയതും കൈ കോര്‍ത്ത് ഒറ്റക്കെട്ടാണെന്ന് പ്രഖ്യാപിച്ചതും, താന്‍ പാര്‍ട്ടിക്കൊപ്പമെന്ന് തരൂര്‍ വ്യക്തമാക്കിയതും, ചിലര്‍ തനനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതായി വി ഡി സതീശന്‍ പരാതിപ്പെട്ടതും ഒന്നും ചൂട് പോരെന്ന് തോന്നിയെങ്കില്‍ മാര്‍ച്ച് 2 ന് കെ സുധാകരന്‍ ഇട്ട പോസ്റ്റ് അല്‍പം ചൂടുള്ളതായിരുന്നു.
'യോഗത്തിന്റെ ഉദ്ദേശ്യലക്ഷ്യത്തെ തകര്‍ക്കുന്ന തരത്തിലുള്ള നിരവധി വാര്‍ത്തകളാണ് നേതാക്കളെ ഇകഴ്ത്തിയും പുകഴ്ത്തിയും വന്നത്. തെറ്റായ വാര്‍ത്തകള്‍ പടച്ചുവിടുന്ന ചില മാധ്യമങ്ങള്‍ അവരുടെ വിശ്വാസ്യത തന്നെയാണ് തകര്‍ക്കുന്നത് എന്ന് മറക്കരുത്. നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തിക്കാനുള്ള ആത്മവിശ്വാസമാണ് ഡല്‍ഹിയിലെ യോഗം നല്‍കിയിരിക്കുന്നത്.കോണ്‍ഗ്രസിന്റെ ഐക്യവും പ്രവര്‍ത്തകരുടെ മാനോവീര്യവും തകര്‍ക്കുന്ന നീക്കം ആരുടെയെങ്കിലും ഭാഗത്തു നിന്നും ഉണ്ടായാല്‍ കൃത്യമായ നിരീക്ഷണം എഐസിസിയുടെയും കെപിസിസിയുടെയും ഭാഗത്ത് നിന്നുണ്ടാകുകയും മുഖം നോക്കാതെയുള്ള കര്‍ശനമായ അച്ചടക്ക നടപടി എടുക്കുകയും ചെയ്യും. സംഘടനയുടെ പ്രവര്‍ത്തന ലക്ഷ്യത്തെ തകര്‍ക്കുന്ന സത്യത്തിന്റെ കണിക പോലുമില്ലാത്ത ഇത്തരം തെറ്റായ വാര്‍ത്തകളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീഴാതിരിക്കാനുള്ള ജാഗ്രത കാട്ടണം.'- സുധാകരന്‍ കുറിച്ചു. ഏതായാലും, സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനം തുടങ്ങുന്നതിനും മഹാകുംഭ മേളയെ കുറിച്ച് ഏഷ്യാനെറ്റ് കവര്‍ സ്റ്റോറിയില്‍ അശ്രദ്ധമായ പരിഹാസ പരാമര്‍ശങ്ങള്‍ വന്നെന്ന പരാതിയുടെ പേരില്‍ ഉടമയായ രാജീവ് ചന്ദ്രശേഖര്‍ തലപ്പത്തുളളവരെ തിരുത്താന്‍ പോസ്റ്റിട്ടതും ഒക്കെ ചര്‍ച്ചയായ ഈയാഴ്ചയ്ക്ക് മുമ്പുളള ആഴ്ച ചില മറ്റുവാര്‍ത്തകളാണ് ചാനലുകളില്‍ സമയം കയ്യടക്കിയത്.
ഏറ്റുമാനൂരില്‍ പെണ്‍മക്കളെയും കൂട്ടി ട്രെയിന് മുന്നില്‍ ചാടിയുള്ള ഷൈനിയുടെ മരണം, താമരശേരിയിലെ ഷഹബാസ് കൊലപാതകം, വെഞ്ഞാറമൂട് കൊലപാതകം, ആശാവര്‍ക്കര്‍മാരുടെ സമരം, മയക്കുമരുന്ന് കേസുകള്‍, ശശി തരൂരിന്റെ മനംമാറ്റം, എന്നീ വിഷയങ്ങള്‍ക്കൊപ്പം, രാജ്യാന്തര തലത്തില്‍, ട്രംപ്-സെലന്‍സ്‌കി കൊമ്പ് കോര്‍ക്കലും അനന്തര ഫലങ്ങളും, താരിഫ് യുദ്ധവും എല്ലാം നിറഞ്ഞുനിന്നു.
ഈ വാര്‍ത്തകള്‍ ഒക്കെ നിറഞ്ഞുനിന്നിട്ടും , ടെലിവിഷന്‍ വാര്‍ത്താ ചാനലുകളുടെ ബാര്‍ക് റേറ്റിങ്ങില്‍ എട്ടാമത്തെ ആഴ്ച ആകെ പോയിന്റുകളില്‍ ഇടിവ് സംഭവിച്ചതായി കാണാം.
പതിവുപോലെ ഏഷ്യാനെറ്റ് ന്യൂസ് തന്നയാണ് മറ്റുചാനലുകളെ അപേക്ഷിച്ച് മുന്നില്‍. എന്നാല്‍ പോയിന്റ് നില പരിശോധിച്ചാല്‍ വലിയ ഇടിവ് ഏഷ്യാനെറ്റിന് സംഭവിച്ചിരിക്കുന്നു. 100 ഉം, 90 ഉം, 80 ഉം പോയിന്റ് സ്വന്തമാക്കിയിരുന്ന ഏഷ്യാനെറ്റ് ന്യൂസ് 77.54 പോയിന്റിലേക്ക് താഴ്ന്നിരിക്കുന്നു. രണ്ടാം സ്ഥാനക്കാരായ റിപ്പോര്‍ട്ടറുമായുള്ള അകലം 10.68 പോയിന്റായി കുറഞ്ഞു. റിപ്പോര്‍ട്ടറിന് 66.86 പോയിന്റും ട്വന്റി ഫോറിന് 60.76 പോയിന്റുമാണുളളത്.
പോയിന്റു നിലയില്‍ ആദ്യ മൂന്നുസ്ഥാനക്കാരേക്കാള്‍ ബഹുദൂരം പിന്നിലാണെങ്കിലും മനോരമ ന്യൂസ് നാലാം സ്ഥാനം നിലനിര്‍ത്തി. 35.19 പോയിന്റ്. മുമ്പ് മനോരമയേക്കാള്‍ മുന്നിലായിരുന്ന മാതൃഭൂമി ന്യൂസ് 31.41 പോയിന്റുമായി താഴോട്ടുപോയി. നാല് ആഴ്ചയായി നാലാം സ്ഥാനത്ത് തുടര്‍ന്നിരുന്ന മാതൃഭൂമി ന്യൂസിനെയാണ് ആറാമത്തെ ആഴ്ചയാണ് മനോരമ മറികടന്നത്.
ജനംടിവിയുടെ പോയിന്റും താഴോട്ടാണ്. 18.99. കൈരളി ന്യൂസ് 14.91, ന്യൂസ് 18 കേരള 12.39, മീഡിയ വണ്‍ 7.59 എന്നിങ്ങനെയാണ് പോയിന്റ് നില.
ഷോമാന്‍ഷിപ്പിന്റെ ബലത്തില്‍ മുന്നേറുന്ന റിപ്പോര്‍ട്ടര്‍ ചാനല്‍ ഏഷ്യാനെറ്റ് ന്യൂസുമായുള്ള അകലം കുറച്ചെങ്കിലും, അവരുടെ പോയിന്റ് നിലയിലും ഇടിവുണ്ട്. കേരളാ വിഷന്റെ പ്രൈം ബാന്‍ഡ് നേടിയാണ് റിപ്പോര്‍ട്ടര്‍ രണ്ടാം സ്ഥാനത്തുള്ളത്. 24 ന്യൂസ് ആകട്ടെ രണ്ടാമത്തെ പ്രൈം ബാന്‍ഡും നേടി. ഇതോടെയാണ് മറ്റ് പരമ്പരാഗത വാര്‍ത്താ പവര്‍ഹൗസുകളെ ഇവര്‍ പിന്നിലാക്കിയത്.