ബാര്‍ക്ക് റേറ്റിങ് യുദ്ധം കൊടുമ്പിരി കൊളളുന്നതിനിടെ ഏഷ്യാനെറ്റ് ന്യൂസിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; ഉണ്ണി ബാലകൃഷ്ണന്‍ റിപ്പോര്‍ട്ടര്‍ ടിവി വിട്ടു; മടങ്ങുന്നത് പഴയ ലാവണത്തിലേക്ക്; ഏഷ്യാനെറ്റ് ന്യൂസില്‍ ഉണ്ണി ഇനി എഡിറ്റര്‍ ഇന്‍ അഡ്‌വൈസര്‍; റിപ്പോര്‍ട്ടറിന്റെ ആധികാരികമുഖമായ പരിചയ സമ്പന്നനെ അടര്‍ത്തിയെടുത്ത് ഏഷ്യാനെറ്റിന്റെ 'ചെക്ക്'

ഉണ്ണി ബാലകൃഷ്ണന്‍ റിപ്പോര്‍ട്ടര്‍ ടിവി വിട്ടു

Update: 2025-05-22 13:40 GMT

തിരുവനന്തപുരം: ബാര്‍ക്ക് റേറ്റിങ് യുദ്ധം മുറുകിയിരിക്കെ റിപ്പോര്‍ട്ടര്‍ ടിവി ഡിജിറ്റല്‍ ഹെഡ് ഉണ്ണി ബാലകൃഷ്ണന്‍ ചാനല്‍ വിട്ടു. ഏഷ്യാനെറ്റ് ന്യൂസിലേക്കാണ് ഉണ്ണിയുടെ ചുവടുമാറ്റം. തുടര്‍ച്ചയായ രണ്ടാം ആഴ്ചയും ബാര്‍ക്ക് റേറ്റിങ്ങില്‍ ഏഷ്യാനെറ്റിനെ വെട്ടി റിപ്പോര്‍ട്ടര്‍ ഒന്നാം സ്ഥാനം പിടിച്ചിരിക്കെ, ഏഷ്യാനെറ്റിന്റെ നിര്‍ണായക നീക്കമായി ഉണ്ണിയുടെ വരവ്. 19 ാമത്തെ ആഴ്ച റിപ്പോര്‍ട്ടര്‍ റേറ്റിങ് പോയിന്റ് 105.69 ആണ്. ഏഷ്യാനെറ്റ് ന്യൂസ് 98.25 പോയിന്റും. മൂന്നാം സ്ഥാനത്തുള്ള 24 ന്യൂസ് 76.4 പോയിന്റുമായി ബഹുദൂരം പിന്നിലാണ്. ഈ കണക്ക് വച്ച് നോക്കിയാല്‍, മനോരമ ന്യൂസും (38.22), മാതൃഭൂമി ന്യൂസും(35.95) ഇനിയും നന്നായി പണിയെടുക്കേണ്ടിയിരിക്കുന്നു. 26.7 പോയിന്റുമായി ന്യൂസ് മലയാളം 24X7 ആറാം സ്ഥാനത്തുണ്ട്. ജനംടിവി, കൈരളി ന്യൂസ്, ന്യൂസ് 18 കേരള, മീഡിയ വണ്‍ എന്നിങ്ങനെയാണ് 7 മുതല്‍ 10 വരെ സ്ഥാനങ്ങള്‍.




എന്തായാലും ഈ ചാനല്‍ റേറ്റിങ് യുദ്ധത്തില്‍, റിപ്പോര്‍ട്ടര്‍ ചാനലിലെ തിളങ്ങുന്ന മുഖമായ ഉണ്ണി ബാലകൃഷ്ണനെ വീണ്ടും തങ്ങളുടെ പാളയത്തില്‍ എത്തിച്ച് ഏഷ്യാനെറ്റ് ചെക്ക് പറഞ്ഞിരിക്കുകയാണ്. ബാര്‍ക് റേറ്റിങ്ങില്‍ തുടര്‍ച്ചയായ ആഴ്ചകളില്‍ എതിരാളികള്‍ ഇല്ലാതിരുന്ന ഏഷ്യാനെറ്റ് ന്യൂസിനെ ഇന്തോ-പാക് സംഘര്‍ഷവും ഓപ്പറേഷന്‍ സിന്ദൂറും വന്നതോടെയാണ,് റിപ്പോര്‍ട്ടര്‍ റേറ്റിങ്ങില്‍ പിന്നിലാക്കിയത്. മികച്ച ഗ്രാഫിക്‌സും, നാടകീയമായ അവതരണവും പുതിയ തലമുറയെ ആകര്‍ഷിച്ചുവെന്ന് വേണം കരുതാന്‍. എന്തായാലും, ചാനല്‍ യുദ്ധത്തില്‍ മേല്‍ക്കൈ തിരിച്ചുപിടിക്കാന്‍ ഏഷ്യാനെറ്റ് ശ്രമിക്കുന്നതിന്റെ ഭാഗമായുള്ള തന്ത്രപരമായ നീക്കമാണ് ഉണ്ണി ബാലകൃഷ്ണന്റെ തിരിച്ചുവരവ്.

'എഡിറ്റര്‍ ഇന്‍ അഡ്‌വൈസര്‍' എന്ന പദവിയിലാണ് ഏഷ്യാനെറ്റ് ന്യൂസിലെ ഉണ്ണി ബാലകൃഷ്ണന്റെ നിയമനം. എഡിറ്റോറിയല്‍ വൈദഗ്ധ്യവും ഉപദേഷ്ടാവിന്റെ ചുമതലകളും കൂടിച്ചേരുന്ന ജോലിയാണിത്. ഉള്ളടക്ക ഗുണനിലവാരം, തന്ത്രപ്രധാന ദിശയിലേക്കുളള ചുവടുവയ്പ്, തുടങ്ങിയവയില്‍ എഡിറ്റര്‍മാരെ ഉപദേശിക്കാന്‍ എഡിറ്റര്‍ ഇന്‍ അഡൈ്വസര്‍ക്ക് കഴിയും. ഏഷ്യാനെറ്റിലെ നിലവിലെ അധികാരശ്രേണിയെ ഉണ്ണിയുടെ വരവ് ബാധിക്കുകയില്ലെന്ന് ചുരുക്കം.

നികേഷ് കുമാര്‍ എഡിറ്റര്‍ ഇന്‍ ചീഫ് പദവിയൊഴിഞ്ഞ ശേഷം അരുണ്‍ കുമാറും സുജയ്യ പാര്‍വതിയും അടക്കം ശ്രദ്ധേയ മുഖങ്ങള്‍ ഉണ്ടെങ്കിലും റിപ്പോര്‍ട്ടര്‍ ചാനലിന് വിശ്വാസ്യത നല്‍കിയിരുന്നത് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ഉണ്ണി ബാലകൃഷ്ണനാണ്. ഉണ്ണിയുടെ ഏഷ്യാനെറ്റിലേക്കുള്ള മടക്കം റിപ്പോര്‍ട്ടറിന് ഏല്‍പ്പിക്കുന്ന ക്ഷീണം ചെറുതല്ല.

1969 ല്‍ ആലപ്പുഴയില്‍ ജനിച്ച ഉണ്ണി ബാലകൃഷ്ണന്‍ 1994-ല്‍ കലാകൗമുദി ആഴ്ചപ്പതിപ്പില്‍ സബ് എഡിറ്ററായിട്ടാണ് മാധ്യമപ്രവര്‍ത്തന ലോകത്തേക്ക് കടന്ന് വന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 1996-ല്‍ ഏഷ്യാനെറ്റ് ന്യൂസില്‍ സബ് എഡിറ്ററായി ദൃശ്യമാധ്യമ രംഗത്ത് ചുവട് വച്ചു. 2011 വരെ ഏഷ്യാനെറ്റ് ന്യൂസില്‍ വിവിധ ഉന്നത തസ്തികകളില്‍ സേവനമനുഷ്ഠിച്ചു. 1998 മുതല്‍ 2011 വരെ പന്ത്രണ്ടു വര്‍ഷം ഡല്‍ഹി കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. 2012ല്‍ മാതൃഭൂമിയില്‍ ചേര്‍ന്ന അദ്ദേഹം ന്യൂസ് ചാനലിന്റെ ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ചു. ഒടുവില്‍ 2021 ല്‍ ചീഫ് ഓഫ് ന്യൂസ് ആയി പ്രവര്‍ത്തിക്കുമ്പോഴാണ് ചാനലില്‍ നിന്നും രാജിവെക്കുന്നത്. യൂടോക് എന്ന ഓണ്‍ലൈന്‍ ചാനലിലും പ്രവര്‍ത്തിച്ച ശേഷമാണ് ഉണ്ണി ബാലകൃഷ്ണന്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ റീലോഞ്ച് ചെയ്തപ്പോള്‍ അവിടെയത്തിയത്.

2014ലെ മികച്ച അഭിമുഖകാരനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡും 2016-ലെ സംസ്ഥാന മാധ്യമ അവാര്‍ഡും ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ഉണ്ണി ബാലകൃഷ്ണന് ലഭിച്ചിട്ടുണ്ട്.

Tags:    

Similar News