ആദര്‍ശിന്റേത് നിഷ്‌കളങ്കമായ അഭിപ്രായം പറച്ചില്‍ ആയിരുന്നില്ല; ചുരുളി സിനിമ മികച്ചതായി തോന്നുകയും, മാളികപ്പുറം സിനിമ കുട്ടികളെ കാണിക്കരുത് എന്ന് പറയുകയും ചെയ്ത ആളാണ് ആദര്‍ശ്; ജോജു അറിഞ്ഞുകൊണ്ട് പണിയില്‍ വീണു: അഖില്‍ മാരാര്‍
കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നതും ചര്‍ച്ചയായതുമായ ഒരു വിഷയമായിരുന്നു പണി സിനിമയെ കുറിച്ചുള്ള റിവ്യു പങ്കുവെച്ച നിരൂപകനെ സിനിമയുടെ സംവിധായകനും നായകനുമായ ജോജു ജോര്‍ജ് ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവം. കോടികള്‍ മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രത്തിനെതിരെ കുറിപ്പെഴുതിയ തന്നെ നേരില്‍ കാണണമെന്നും മുന്നില്‍ വന്ന് നില്‍ക്കാന്‍ ധൈര്യം ഉണ്ടോയെന്നും ജോജു ഫോണിലൂടെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ റിവ്യൂവര്‍ ആദര്‍ശ് എച്ച്എസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
'പണി' സിനിമയെ വിമര്‍ശിച്ച് പോസ്റ്റിട്ട റിവ്യൂവറെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ ജോജു ജോര്‍ജിന് പിന്തുണയുമായി അഖില്‍ മാരാര്‍. അറിഞ്ഞുകൊണ്ടുള്ള, കരുതിക്കൂട്ടിയുള്ള പണിയില്‍ വീണ് പോയ ആളാണ് ജോജുവെന്നാണ് അഖില്‍ മാരാരുടെ വാദം. ജോജുവും താനും തമ്മിലുള്ള അടുപ്പം കൊണ്ടല്ല അദ്ദേഹത്തെ പിന്തുണയ്ക്കുന്നതെന്നും, കഴിഞ്ഞ 3 മാസമായി ജോജുവുമായി യാതൊരു തരത്തിലുള്ള ബന്ധവും തനിക്കില്ലെന്നും അഖില്‍ വിഡിയോയുടെ തുടക്കത്തില്‍ പ്രത്യേകം എടുത്തുപറയുന്നുണ്ട്.
ജോജു തന്റെ നമ്പര്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും അഖില്‍ പറയുന്നു. റിവ്യൂവറെ ജോജു ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത് അറിഞ്ഞുകൊണ്ടുള്ള പണിയില്‍ വീണതുപോലെയായിയെന്നം അഖില്‍ പുതിയ വീഡിയോയില്‍ പറഞ്ഞു.
അഖിലിന്റെ വാക്കുകള്‍ ഇങ്ങനെ.....
ഞാന്‍ ഈ വിഷയത്തില്‍ പ്രതികരിക്കുമ്പോള്‍ ഞാനും ജോജു ജോര്‍ജും തമ്മിലുള്ള അടുപ്പം ചര്‍ച്ചയായേക്കാം. അതുകൊണ്ട് ആദ്യമെ ഒരു കാര്യം വെളിപ്പെടുത്തികൊള്ളട്ടെ... വാട്ട്‌സാപ്പില്‍ ജോജു എന്റെ നമ്പര്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. കാരണം എന്താണെന്ന് എനിക്ക് അറിയില്ല. ഈ സിനിമയുടെ പൂജ നടന്ന സമയത്ത് ഞാനുണ്ടായിരുന്നു, ഷൂട്ടിങ് ലൊക്കേഷനിലും എഡിറ്റിന്റെ സമയത്തുമൊക്കെ ഞാനുണ്ടായിരുന്നു, എന്നാല്‍ പിന്നീട് അതായത് കഴിഞ്ഞ മൂന്നര മാസമായി ഈ സിനിമയുടെ അണിയറപ്രവര്‍ത്തകരുമായോ ജോജുവുമായോ ഒരു ബന്ധവുമില്ല. ഈ അഭിപ്രായം എന്റേത് മാത്രമാണ്. ജോജുവുമായുള്ള അടുപ്പം കൊണ്ടല്ല ഇങ്ങനെയൊരു വീഡിയോ ചെയ്യുന്നത്.
ആദര്‍ശിന്റേത് നിഷ്‌കളങ്കമായ അഭിപ്രായം പറച്ചില്‍ ആയിരുന്നില്ല. മറിച്ച് പണി കൊടുക്കണം എന്ന ഉദ്ദേശത്തില്‍ ചെയ്തതായിട്ടാണ് തോന്നിയത്. കെപിസിസി വാര്‍ റൂം മെമ്പര്‍ ആയിരുന്ന ഒരു മാധ്യമസ്ഥാപനത്തില്‍ ചാനലില്‍ ജോലി ചെയ്തിരുന്ന ചുരുളി സിനിമ മികച്ചതായി തോന്നുകയും, അതെ സമയം മാളികപ്പുറം സിനിമ കുട്ടികളെ കാണിക്കരുത് എന്ന് പറയുകയും ചെയ്ത ആളാണ് ആദര്‍ശ്.
ലാലേട്ടനേയും സൈന്യത്തെയും അവഹേളിച്ച ചെകുത്താനെ ന്യായീകരിച്ച് പോസ്റ്റിടുകയും ബിഗ് ബോസില്‍ റിയാസാണ് യഥാര്‍ത്ഥ വിജയി ആവേണ്ടതെന്ന് അഭിപ്രായം പങ്കുവെയ്ക്കുകയും ചെയ്ത ഒരുവന്റെ മാനസിക തലം മനസിലാക്കാതെ വിദ്യാര്‍ത്ഥിയായി കണ്ട് തെറ്റിദ്ധരിച്ചവര്‍ക്ക് വേണ്ടിയാണ് ഈ വീഡിയോ ഇടുന്നത്. സിനിമയെ ബോധപൂര്‍വം തകര്‍ക്കാന്‍ ശ്രമിക്കുന്ന ക്രിമി കീടങ്ങളെ നിങ്ങള്‍ തിരിച്ചറിയണം. അധികം വാഴ്ത്തപ്പെടേണ്ട കാര്യമൊന്നുമല്ല അവന്‍ ചെയ്തത്.
യുവജന ക്ഷേമ കമ്മീഷന്റെ പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം കിട്ടിയിട്ടുള്ള അത്യാവശ്യം സംസാരിക്കാന്‍ അറിയാവുന്നവനാണ് ആദര്‍ശ്. എന്നാല്‍ ജോജുവിന്റെ പ്രൊഫഷന്‍ പ്രസംഗമല്ലെന്നും അയാള്‍ക്ക് അഭിനയവും എഴുത്തുമൊക്കെയാണ് അറിയാവുന്നതെന്നുമാണ് ജോജുവിനെ ന്യായീകരിച്ചുകൊണ്ട് അഖില്‍ മാരാര്‍ പറഞ്ഞു. അറിഞ്ഞു കൊണ്ടുള്ള പണിയില്‍ വീണു പോയ ജോജു എന്ന തലക്കെട്ടോടെയാണ് അഖില്‍ ജോജുവിനെ പിന്തുണച്ചുള്ള വീഡിയോ പങ്കുവെച്ചത്.
അഖില്‍ സംവിധാനം ചെയ്ത ഒരു താത്വിക അവലോകനത്തില്‍ നായകന്‍ ജോജുവായിരുന്നു. ബിഗ് ബോസ് വിജയിയായി അഖില്‍ എത്തിയപ്പോഴും അഭിനന്ദിക്കാന്‍ ജോജു എത്തിയിരുന്നു. ഇരുവരുടെയും സൗഹൃദം പ്രേക്ഷകര്‍ക്കെല്ലാം അറിയാവുന്നതുമാണ്. അഖിലിനൊപ്പം സീസണ്‍ അഞ്ചില്‍ മത്സരിച്ച ജുനൈസും സാ?ഗറുമാണ് ജോജുവിന്റെ പണിയിലെ വില്ലന്മാരായി അഭിനയിച്ചിരിക്കുന്നത്.