പഴയ പ്രതാപം തിരികെ പിടിക്കാന്‍ അമീര്‍ ഖാന്‍; ആദ്യ ചിത്രം 'കൂലി'യില്‍ സ്‌പെഷ്യല്‍ കാമിയോ വേഷത്തില്‍; രജനിയും അമീറും ഒന്നിക്കുന്നത് 30 വര്‍ഷത്തിന് ശേഷം
ബോളിവുഡ് മെഗാസ്റ്റാര്‍ ആമിര്‍ ഖാനും സൂപ്പര്‍സ്റ്റാര്‍ രജനികാന്തും വീണ്ടും സ്‌ക്രീന്‍ പങ്കിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഏകദേശം 30 വര്‍ഷങ്ങള്‍ക്ക് ശേഷം ആതംഗ് ഹീ ആതംഗ് (1995) എന്ന ചിത്രത്തിലാണ് ഇരുവരും അഭിനയിച്ചത്. പീപ്പിംഗ് മൂണിന്റെ റിപ്പോര്‍ട്ട് പ്രകാരം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന രജനികാന്തിന്റെ വരാനിരിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ 'കൂലി'യില്‍ ആമിര്‍ ഒരു സ്‌പെഷ്യല്‍ കാമിയോ റോളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.
ആമിറിന്റെ റോളിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തു വിട്ടിട്ടില്ലെങ്കിലും ലോകേഷ് കനകരാജ് താരത്തിന് വേണ്ടി അടിപൊളി കഥാപാത്രം തന്നെയായിരിക്കും നല്‍കുക എന്നാണ് സൂചന. ആമിര്‍ ഇതിനകം തന്റെ തീയതികള്‍ നല്‍കിയതായാണ് റിപോര്‍ട്ടുകള്‍, ഒക്ടോബര്‍ 15 ന് ചെന്നൈയില്‍ ആരംഭിക്കുന്ന കൂലിയുടെ വരാനിരിക്കുന്ന ഷെഡ്യൂളില്‍ അതിഥി വേഷം ചിത്രീകരിക്കും. രജനികാന്തിന്റെ 171-ാമത് ചിത്രമായ കൂലിയില്‍ നാഗാര്‍ജുന, ശ്രുതി ഹാസന്‍, ഉപേന്ദ്ര, സത്യരാജ്, സൗബിന്‍ ഷാഹിര്‍ എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കും.
സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വരാനിരിക്കുന്ന ഇന്ത്യന്‍ തമിഴ് ഭാഷാ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് കൂലി. ബ്ലോക്ക്ബസ്റ്റര്‍ വിജയ് ചിത്രം 'ലിയോ'ക്ക് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമായതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് ചിത്രത്തെ പ്രേക്ഷകര്‍ നോക്കിക്കാണുന്നത്.
അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ആക്ഷന്‍ കൊറിയോഗ്രഫി ഒരുക്കുന്നത് അന്‍പറിവ് മാസ്റ്റേഴ്‌സ് ആണ്. ഫിലോമിന്‍രാജ് എഡിറ്റിങ്ങ് നിര്‍വഹിക്കുന്നത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
അതേസമയം അമീര്‍ ഖാന്റെ തിരിച്ച് വരവ് കൂടിയാണ് ഇനി വരാന്‍ ഇരിക്കുന്ന ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. ആര്‍എസ് പ്രസന്ന സംവിധാനം ചെയ്യുന്ന 'സിത്താരെ സമീന്‍ പര്‍' ആണ് ഇനി ആമിര്‍ ഖാന്റേതായി പുറത്തിറങ്ങാനുള്ള സിനിമ. ഒരു സ്‌പോര്‍ട്‌സ് ഡ്രാമ വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് ആമിര്‍ ഖാനും കിരണ്‍ റാവുവും ചേര്‍ന്നാണ്. 2007 ല്‍ ആമിര്‍ ഖാന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'താരേ സമീന്‍ പര്‍' എന്ന ചിത്രത്തിന്റെ സ്പിരിച്വല്‍ സീക്വലായി പുറത്തിറങ്ങുന്ന സിത്താരെ സമീന്‍ പറില്‍ ജെനീലിയയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രം 2025 മാര്‍ച്ചില്‍ തിയേറ്ററിലെത്തും.