വിസാരണൈ'യ്ക്ക് ശേഷം പൊലീസിനെ കണ്ടാല്‍ പേടി; നാല് വര്‍ഷത്തോളം ആ ഭയം നീണ്ടു: ജീവിതത്തിലും സിനിമയിലും അതിനൊരു രണ്ടാം ഭാഗം ഉണ്ടാവരുതെന്നാണ് ആഗ്രഹം; അട്ടകത്തി ദിനേശ്

Update: 2024-10-01 08:28 GMT

'വിസാരണൈ' എന്ന ചിത്രത്തിന് ശേഷം കാക്കി നിറമുള്ള വസ്ത്രമോ പൊലീസിനെയോ കണ്ടാല്‍ തനിക്ക് പേടിയായിരുന്നെന്ന് നടന്‍ അട്ടകത്തി ദിനേശ്. നാല് വര്‍ഷത്തോളം ആ ഭയം തന്റെ ഉള്ളില്‍ ഉണ്ടായിരുന്നു. വിസാരണൈയില്‍ ഉണ്ടായത് പോലുള്ള സംഭവങ്ങള്‍ അന്നും ഇന്നും നമുക്ക് ചുറ്റും നടക്കുന്നുണ്ട്. രണ്ടാം ഭാഗത്തെക്കുറിച്ച് പലരും ചോദിക്കുമ്പോള്‍ അത് ഇനി യഥാര്‍ത്ഥത്തിലും നടക്കാന്‍ പാടില്ല, സിനിമയായും നടക്കാന്‍ പാടില്ല എന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അട്ടകത്തി ദിനേശ് പറഞ്ഞു.

'വിസാരണൈക്ക് ശേഷം നന്നായി സംസാരിക്കാന്‍ തന്നെ ഞാന്‍ ബുദ്ധിമുട്ടിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം എപ്പോള്‍ വരുമെന്ന് പലരും ചോദിക്കാറുണ്ട്. അതിന്റെ ഫസ്റ്റ് പാര്‍ട്ട് ഉണ്ടാകാന്‍ കാരണം തന്നെ സമൂഹത്തില്‍ അത്തരം സംഭവങ്ങള്‍ നടക്കുന്നു എന്നതുകൊണ്ടാണ്. അതുപോലെത്തെ സംഭവങ്ങള്‍ ഇപ്പോഴും നമുക്ക് ചുറ്റും നടക്കുന്നുണ്ട്. എന്നാല്‍ അത് ഇനി യഥാര്‍ത്ഥത്തിലും നടക്കാന്‍ പാടില്ല, സിനിമയായും നടക്കാന്‍ പാടില്ല എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്, വെട്രി സാര്‍ തന്നെ അതെനിക്ക് ഒന്നു കൂടി തന്നാലും എനിക്ക് അത് വേണ്ട,' അട്ടകത്തി ദിനേശ് പറഞ്ഞു.

വെട്രിമാരന്‍ സംവിധാനം ചെയ്ത് അട്ടകത്തി ദിനേശ്, അനന്ദി, സമുദ്രക്കനി, ആടുകളം മുരുകദോസ്, മിഷ ഘോഷല്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു വിസാരണൈ. വെട്രിമാരനും ധനുഷും ചേര്‍ന്നാണ് വിസാരണൈ നിര്‍മിച്ചത്. എം. ചന്ദ്രകുമാര്‍ അഥവാ ഓട്ടോ ചന്ദ്രന്‍ എന്ന ആള്‍ എഴുതിയ ലോക്കപ് എന്ന നോവലാണ് സിനിമയ്ക്ക് ആധാരം. ആന്ധ്രയിലെ ഗുണ്ടൂരില്‍ 13 ദിവസം പോലീസിന്റെ ക്രൂരപീഢനത്തിന് ഇരയായിട്ടും തന്റെ നിരപരാധിത്വത്തില്‍ ഉറച്ചുനിന്ന ഓട്ടോ ചന്ദ്രനാണ് വിസാരണൈ എന്ന ചിത്രത്തിന് പ്രചോദനമായത്. ഓസ്‌കറിലേക്ക് ഇന്ത്യയുടെ ഒഫീഷ്യല്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ട ചിത്രമായിരുന്നു വിസാരണൈ

Tags:    

Similar News