തിരിച്ചുവരവ് ഗംഭീരമാക്കാന്‍ ജ്യോതിര്‍മയി: കസറാന്‍ ഫഹദും ചാക്കോച്ചനും; ബോഗയ്ന്‍വില്ല റിലീസ് തീയതി പുറത്ത്‌വിട്ട് അണിയറപ്രവര്‍ത്തകര്‍

Update: 2024-09-28 07:28 GMT

മലയാള സിനിമാസ്വാദകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന 'ബോഗയ്ന്‍വില്ല'യുടെ റിലീസ് തിയതി പുറത്തുവിട്ടു. ഒക്ടോബര്‍ 17ന് ചിത്രം തിയറ്ററുകളില്‍ എത്തും. റിലീസ് വിവരം പങ്കുവച്ച് പുതിയ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തിട്ടുണ്ട്. കഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ജ്യോതിര്‍മയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമല്‍ നീരദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൂപ്പര്‍ ഹിറ്റായി മാറിയ മമ്മൂട്ടി ചിത്രം ഭീഷ്മപര്‍വ്വത്തിന് ശേഷം ഇറങ്ങുന്ന ചിത്രം ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

മലയാള സിനിമയിലേക്കുള്ള ജ്യോതിര്‍മയിയുടെ തിരിച്ചുവരവ് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കുഞ്ചാക്കോ ബോബനും അമല്‍ നീരദും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ സിനിമയ്ക്ക്. ഇയ്യോബിന്റെ പുസ്തകം, വരത്തന്‍ എന്ന ചിത്രത്തിന് ശേഷം അമല്‍ നീരദും ഫഹദും ഒന്നിക്കുന്ന ചിത്രംകൂടിയാണിത്. ഷറഫുദീനാണ് മറ്റൊരു പ്രധാന കഥാപാത്രം.

തികഞ്ഞ സ്‌റൈലിഷ് ആക്ഷന്‍ ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് വിവരം. സുഷിന്‍ ശ്യാം ആണ് 'ബോഗയ്ന്‍വില്ല'യ്ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. സോണി മ്യൂസിക് ആണ് ഓഡിയോ റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇറങ്ങിയ ചിത്രത്തിന്റെ പ്രമോ സോംഗ് ഏറെ ശ്രദ്ധനേടിക്കഴിഞ്ഞു. സ്തുതി എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആയിരുന്നു. സുഷിന്റെ അടുത്ത കാലത്തിറങ്ങിയ ഗാനങ്ങളില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമായ ഗാനമാണ് 'സ്തുതി'. കുഞ്ചാക്കോ ബോബന്റെ ചടുലമായ ചുവടുകളും ഈ ഗാനരംഗങ്ങളുടെ ഹൈലൈറ്റാണ്.

വീണ നന്ദകുമാര്‍, ശ്രിന്ദ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ആനന്ദ് സി ചന്ദ്രന്‍ ആണ്. എഡിറ്റിംഗ് വിവേക് ഹര്‍ഷനും നിര്‍വ്വഹിക്കുന്നു. ഏതൊരു അമല്‍ നീരദ് ചിത്രത്തെയും പോലെതന്നെ അണിയറക്കാര്‍ വലിയ പബ്ലിസിറ്റി നല്‍കാതെതന്നെ പ്രീ റിലീസ് ഹൈപ്പ് ലഭിച്ചുകൊണ്ടിരിക്കുന്ന ചിത്രമാണ് ബോഗയ്ന്‍വില്ലയും.

Tags:    

Similar News