ദുല്‍ഖര്‍ വീണ്ടും തെലുങ്കില്‍; പാന്‍ഇന്ത്യന്‍ ചിത്രം 'കാന്ത' ചിത്രീകരണം ആരംഭിച്ചു; നിര്‍മ്മാണം റാണ ദഗുബാട്ടി

ദുല്‍ഖറിന്റെ പിറന്നാള്‍ ദിനത്തില്‍ പ്രഖ്യാപിച്ച ചിത്രം

Update: 2024-09-09 12:45 GMT

ഹൈദരാബാദ്: രണ്ടു ചിത്രങ്ങള്‍ പുറത്തിറങ്ങാനിരിക്കെ ദുല്‍ഖറിന്റെ അടുത്ത തെലുങ്ക് സിനിമയുടെ ചിത്രീകരണം തുടങ്ങി.സെല്‍വമണി സെല്‍വരാജ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന കാന്ത എന്ന ചിത്രമാണ് ആരംഭിച്ചത്.പൂജ ചടങ്ങുകളോടെ ഈ ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം ദുല്‍ഖറിന്റെ പിറന്നാള്‍ ദിനത്തില്‍ പ്രഖ്യാപിച്ച ചിത്രമാണിത്.

റാണ ദഗുബാട്ടിക്കൊപ്പം സ്വപ്ന ദത്തയും ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.സ്പിരിറ്റ്, മീഡിയ, സ്വപ്ന സിനിമ, വേഫെറര്‍ ഫിലിംസ് എന്നിവയാണ് ബാനറുകള്‍. 'ദ ഹണ്ട് ഫോര്‍ വീരപ്പന്‍' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ സെല്‍വമണി സെല്‍വരാജാണ് 'കാന്ത' സംവിധാനം ചെയ്യുന്നത്. തമിഴ് പ്രഭയാണ് ചിത്രം രചിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ ഹൈദരാബാദിലെ രാമ നായിഡു സ്റ്റുഡിയോയില്‍ വെച്ച് നടന്നു.

ലക്കി ഭാസ്‌കര്‍ കൂടാതെ മറ്റൊരു ചിത്രം കൂടി ദുല്‍ഖറിന്റേതായി തെലുങ്കില്‍ നിന്ന് വരാനുണ്ട്. ആകാശം ലോ ഒക താര എന്ന ചിത്രമാണിത്. പവന്‍ സാദിനേനിയാണ് ഈ ചിത്രത്തിന്റെ സംവിധാനം.സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ വമ്പന്‍ ചിത്രം തെലുങ്കിലെ പ്രശസ്ത നിര്‍മ്മാണ കമ്പനികളായ ഗീത ആര്‍ട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്.

അതേസമയം വെങ്ക് അട്ലൂരി സംവിധാനം ചെയ്യുന്ന ലക്കി ഭാസ്‌കര്‍ പിരീഡ് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ്. 1980- 1990 കാലഘട്ടത്തിലെ ബോംബെ നഗരത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ഒരു ബാങ്ക് കാഷ്യര്‍ കഥാപാത്രമായാണ് ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ചിരിക്കുന്നത്. മീനാക്ഷി ചൗധരി നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ദേശീയ അവാര്‍ഡ് ജേതാവായ ജി വി പ്രകാശ് കുമാറും കാമറ ചലിപ്പിച്ചത് നിമിഷ് രവിയുമാണ്.

Tags:    

Similar News