ക്ലൈമാക്സില്‍ മാത്രമല്ല കളക്ഷനിലും ട്വിസ്റ്റ്; രണ്ടാം വാരത്തിലേക്ക് കുതിച്ച് കിഷ്‌കിന്ധാ കാണ്ഡം; ആസിഫ് അലിയുടെ ആദ്യ 50 കോടി ചിത്രമാകുമെന്ന് വിലയിരുത്തല്‍
കത്തിക്കയറി കിഷ്‌കിന്ധ കാണ്ഡം
തിരുവനന്തപുരം: പതിയെ തുടങ്ങി കത്തിക്കയറി കിഷ്‌കിന്ധ കാണ്ഡം.ആസിഫ് അലി നായകനായി എത്തിയ പ്രേക്ഷക സ്വീകാര്യതയോടെ നിറഞ്ഞ സദസ്സില്‍ രണ്ടാം വാരത്തിലേക്ക്.ബോക്സ് ഓഫീസില്‍ അടക്കം മികച്ച പ്രകടനം കാഴ്ചവച്ചാണ് ചിത്രം പുതിയ വാരത്തിലേക്ക് കടക്കാന്‍ ഒരുങ്ങുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏകദേശം 21 കോടിയാണ് ഒരാഴ്ച കൊണ്ട് കിഷ്‌കിന്ധാ കാണ്ഡം നേടിയിരിക്കുന്നത്.
കേരളത്തില്‍ നിന്നുമാത്രം 12.3 കോടി ചിത്രം നേടിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണങ്ങള്‍ വരാനുണ്ട്. ആദ്യദിനം നാല്പത്തി അഞ്ച് ലക്ഷം ആണ് ചിത്രം നേടിയത്.ഒപ്പം ഒരു അപൂര്‍വ്വ നേട്ടവും ചിത്രം സ്വന്തമാക്കിയിരുന്നു.
പ്രമുഖ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയില്‍ കഴിഞ്ഞ 24 മണിക്കൂറുകളില്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റ സിനിമയായിരുന്നു കിഷ്‌കിന്ധാ കാണ്ഡം.
ഇന്ത്യയില്‍ എല്ലാ ഭാഷകളിലുമായി നിലവില്‍ തിയറ്ററുകളിലുള്ള ചിത്രങ്ങളുടെ കൂട്ടത്തിലാണ് ബുക്കിംഗില്‍ കിഷ്‌കിന്ധ ഒന്നാമത് എത്തിയത്.24 മണിക്കൂറില്‍ 90,000 ല്‍ അധികം ടിക്കറ്റുകള്‍ വിറ്റാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്.'കക്ഷി അമ്മിണിപ്പിള്ള' എന്ന ചിത്രത്തിന് ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രമാണ് കിഷ്‌കിന്ധാ കാണ്ഡം. സെപ്റ്റംബര്‍ 12ന് ആയിരുന്നു റിലീസ്. ബാഹുല്‍ രമേഷ് കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിര്‍വഹിച്ച ചിത്രത്തില്‍ അപര്‍ണ്ണ ബാലമുരളിയാണ് നായികയായി എത്തിയത്.
വിജയരാഘവന്‍, ജഗദീഷ്, അശോകന്‍, നിഷാന്‍, വൈഷ്ണവി രാജ്, മേജര്‍ രവി, നിഴല്‍കള്‍ രവി, ഷെബിന്‍ ബെന്‍സണ്‍, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസന്‍, മാസ്റ്റര്‍ ആരവ്, ജിബിന്‍ ഗോപിനാഥ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്.