തലൈവര്‍ക്ക് 75-ാം പിറന്നാള്‍; 'ജയിലര്‍ 2' സെറ്റില്‍ ആഘോഷം; വിടവാങ്ങല്‍ കമല്‍ഹാസനൊപ്പമുള്ള മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിലോ?
തലൈവര്‍ക്ക് 75-ാം പിറന്നാള്‍; 'ജയിലര്‍ 2' സെറ്റില്‍ ആഘോഷം
ചെന്നൈ: തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ഇന്ന് 75-ാം പിറന്നാള്‍ ആഘോഷിക്കുന്നു. നിലവില്‍ താരം തന്റെ പുതിയ ചിത്രമായ ജയിലര്‍ 2 ന്റെ ചിത്രീകരണത്തിലാണ്. ജന്മദിനത്തോടനുബന്ധിച്ച് ജയിലര്‍ 2ന്റെ സെറ്റില്‍ കേക്ക് മുറിച്ച് ആഘോഷിക്കുന്ന രജനികാന്തിന്റെ വീഡിയോ നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് പുറത്തുവിട്ടു.
സൂപ്പര്‍സ്റ്റാറിനൊപ്പം സംവിധായകന്‍ നെല്‍സണ്‍, ഛായാഗ്രാഹകന്‍ വിജയ് കാര്‍ത്തിക് കണ്ണന്‍ എന്നിവരും ചേര്‍ന്നാണ് കേക്ക് മുറിച്ച് ആഘോഷത്തില്‍ പങ്കുചേര്‍ന്നത്.
50 വര്‍ഷത്തെ സിനിമാ ജീവിതം, വിടവാങ്ങല്‍ ചിത്രത്തെക്കുറിച്ച് സൂചന
171-ല്‍ അധികം ചിത്രങ്ങളിലൂടെ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്റെ സ്ഥാനം രജനികാന്ത് അടയാളപ്പെടുത്തിക്കഴിഞ്ഞു. ദളപതി, അണ്ണാമലൈ, ബാഷ, മനിതന്‍, മുത്തു, പടയപ്പ, ചന്ദ്രമുഖി, ശിവാജി, യെന്തിരന്‍, കാലാ, കബാലി, കൂലി തുടങ്ങി ആരാധകര്‍ ആഘോഷമാക്കിയ നിരവധി സിനിമകള്‍ അദ്ദേഹത്തിന്റെ കരിയറിലുണ്ട്.
കരിയറിന്റെ അമ്പതാം വര്‍ഷത്തിലെത്തി നില്‍ക്കുന്ന താരം അഭിനയം നിര്‍ത്താന്‍ ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. നടന്‍ കമല്‍ഹാസനൊപ്പം അഭിനയിക്കുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രം രജനികാന്തിന്റെ വിടവാങ്ങല്‍ ചിത്രമായിരിക്കുമെന്നാണ് സൂചന. ഈ ചിത്രം 2028-ല്‍ മാത്രമേ റിലീസ് ചെയ്യൂ എന്നാണ് വിവരം.