ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
മലയാള സിനിമയുടെ വിസ്മയങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് അനൗണ്‍സ് ചെയ്ത 'കൂടോത്രം' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യറും പ്രശസ്ത ഛായാഗ്രാഹകരായ ജോമോന്‍ ടി. ജോണ്‍, ജിംഷി ഖാലിദ്, ഷൈജു ഖാലിദ്, സുജിത് വാസുദേവ്, ആനന്ദ് സി. ചന്ദ്രന്‍ എന്നിവരും ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മിഡിയയിലൂടെ ഡിജിറ്റല്‍ പുറത്തിറക്കി. ഹൊറര്‍, മിസ്റ്ററി, ഫാമിലി ഡ്രാമ എന്നീ മൂന്ന് ജോണറുകളെ കൂട്ടിയിണക്കി എത്തുന്ന ഈ ചിത്രം സിനിമാ പ്രേമികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറിക്കഴിഞ്ഞു.
ഇടുക്കിയുടെ മനോഹരമായ ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. പച്ചപ്പും കോടമഞ്ഞും നിറഞ്ഞ ഇടുക്കിയുടെ ഭംഗിക്കൊപ്പം ഭയത്തിന്റെയും കൗതുകത്തിന്റെയും നിഴല്‍ വീഴ്ത്തുന്നതാകും ചിത്രത്തിന്റെ പ്രമേയം എന്നാണ് ഫസ്റ്റ് ലുക്ക് നല്‍കുന്ന സൂചന.
നടന്‍ ബൈജു ഏഴുപുന്ന സംവിധായകനാകുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സന്തോഷ് ഇടുക്കി ആണ്. സാന്‍ജോ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സലിം കുമാര്‍,ഡിനോയ് പൗലോസ്, ശ്രീനാഥ് മകന്തി, അലന്‍സിയര്‍,ജോയ് മാത്യു,ശ്രീജിത്ത് രവി, റേച്ചല്‍ ഡേവിഡ്, ദിയ, വീണ നായര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. സംഗീത ലോകത്തെ വിസ്മയം തീര്‍ക്കുന്ന ഗോപി സുന്ദറാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും ഗാനങ്ങളും ഒരുക്കുന്നത്.ജിസ്ബിന്‍ സെബാസ്റ്റ്യന്‍, ഷിജി ജയദേവന്‍ എന്നിവര്‍ ഛായാഗ്രഹണവും ഗ്രെയ്സണ്‍ എ.സി.എ എഡിറ്റിംഗും നിര്‍വ്വഹിച്ച ഈ ചിത്രത്തിന്റെ മിക്‌സിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് എം.ആര്‍. രാജകൃഷ്ണന്‍ ആണ്. വമ്പന്‍ ആക്ഷന്‍ രംഗങ്ങളുമായി ഫിനിക്‌സ് പ്രഭു ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ബ്രാന്‍ഡിംഗും നിര്‍വഹിക്കുന്നത് ടിക്‌സ്പീക്ക് ആണ്.
നിഗൂഢതകളുടെ ചുരുളഴിക്കാന്‍ 'കൂടോത്രം' ഫെബ്രുവരി രണ്ടാം വാരത്തോടെ തിയേറ്ററുകളില്‍ എത്തും. ഇടുക്കിയുടെ ഗ്രാമഭംഗിയില്‍ ഒളിപ്പിച്ച ആ രഹസ്യം ബിഗ് സ്‌ക്രീനില്‍ കാണാന്‍ ഇനി അധികം നാള്‍ കാത്തിരിക്കേണ്ടതില്ല!