ഞാന്‍ നോമ്പെടുക്കുന്നുണ്ടായിരുന്നു, എനിക്ക് ഗ്യാസ്ട്രിക് അറ്റാക്ക് വന്നാണ് ആശുപത്രിയിലായത്; ആശുപത്രിയിലായതിന്റെ യഥാര്‍ഥ കാരണം വെളിപ്പെടുത്തി എ.ആര്‍. റഹ്‌മാന്‍
ചെന്നൈ: സംഗീത സംവിധായകന്‍ എ.ആര്‍. റഹ്‌മാനെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു വാര്‍ത്ത അദ്ദേഹത്തിന്റെ ആരാധകരെ ആശങ്കപ്പെടുത്തുന്നതായിരുന്നു. റഹ്‌മാന്‍ സുഖമായിരിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ വ്യക്തമാക്കുകയും പതിവ് പരിശോധനകള്‍ക്ക് ശേഷം അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തതിന് ശേഷമാണ് ആരാധകര്‍ക്ക് ആശ്വസിക്കാനായത്. ഇപ്പോഴിതാ താന്‍ ആശുപത്രിയില്‍ ആയതിന്റെ കാരണം വെളിപ്പെടുത്തി റ്ഹ്‌മാന്‍ തന്നെ രംഗത്തുവന്നു.
വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന ഹൃദയംഗമമായ സന്ദേശങ്ങള്‍ ലഭിക്കുന്നത് നല്ല അനുഭവമായിരുന്നുവെന്നും അതിലൂടെ ആളുകള്‍ തന്നെക്കുറിച്ച് എത്രമാത്രം കരുതുന്നുവെന്നത് മനസ്സിലാക്കാന്‍ സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 'ഞാന്‍ നോമ്പെടുക്കുന്നുണ്ടായിരുന്നു. എനിക്ക് ഗ്യാസ്ട്രിക് അറ്റാക്ക് വന്നാണ് ആശുപത്രിയിലായത്. ആളുകളില്‍ നിന്ന് ഇത്രയധികം മനോഹരമായ സന്ദേശങ്ങള്‍ ലഭിച്ചതും അവര്‍ ഞാന്‍ ജീവിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്ന് മനസ്സിലാക്കുന്നതും സന്തോഷകരമാണ്' -ഇന്ത്യാ ടുഡേയോട് അദ്ദേഹം പറഞ്ഞു.
പെട്ടെന്നുള്ള ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് എ.ആര്‍ റഹ്‌മാനെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചതായും ആന്‍ജിയോഗ്രാം നടത്തിയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയ റഹ്‌മാന് അസ്വസ്‌സഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പരിശോധനക്ക് പോയതാണെന്ന് അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചിരുന്നു. റമദാന്‍ വ്രതം മൂലം ശരീരത്തില്‍ നിര്‍ജലീകരണം സംഭവിച്ചതാണ് കാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതായും വക്താവ് അറിയിച്ചിരുന്നു.