23 വർഷത്തെ ഇടവേളയ്ക്ക് ശേഷം ജയറാം-കാളിദാസ് കോമ്പോ വെള്ളിത്തിരയിലേക്ക്; 'ആശകൾ ആയിരം' നാളെ തിയറ്ററുകളിൽ
കൊച്ചി: മലയാള ചലച്ചിത്ര ലോകം ആകാംക്ഷയോടെ കാത്തിരുന്ന ജയറാം-കാളിദാസ് കോമ്പോ 23 വർഷത്തെ ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിൽ വീണ്ടും ഒന്നിക്കുന്നു. ഇവരുടെ പുതിയ ചിത്രം 'ആശകൾ ആയിരം' നാളെ (വെള്ളിയാഴ്ച) തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. അച്ഛനും മകനും ഒന്നിച്ചപ്പോഴെല്ലാം പ്രേക്ഷകർക്ക് അവിസ്മരണീയമായ സൂപ്പർഹിറ്റുകൾ സമ്മാനിച്ചിട്ടുണ്ട്. 'കൊച്ചു കൊച്ചു സന്തോഷങ്ങൾ' എന്ന ചിത്രത്തിന് ശേഷം ഈ കൂട്ടുകെട്ട് പ്രധാന വേഷങ്ങളിൽ വീണ്ടും എത്തുന്നു എന്ന സവിശേഷതയും 'ആശകൾ ആയിരം' എന്ന ചിത്രത്തിനുണ്ട്.
'കാന്താര'യിലെ വില്ലൻ വേഷത്തിലൂടെ പാൻ-ഇന്ത്യൻ തലത്തിൽ ശ്രദ്ധേയനായ ജയറാം, തന്റെ തട്ടകമായ ഫാമിലി എന്റർടെയ്‌നർ വിഭാഗത്തിലേക്ക് മടങ്ങിയെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ഹരിഹരൻ എന്ന സാധാരണക്കാരനായ അച്ഛനായാണ് ജയറാം ഈ ചിത്രത്തിൽ വേഷമിടുന്നത്. തമിഴ് സിനിമകളിൽ വ്യത്യസ്തവും പക്വതയാർന്നതുമായ കഥാപാത്രങ്ങളിലൂടെ കൈയ്യടി നേടിയ കാളിദാസ്, ഉത്തരവാദിത്തങ്ങളില്ലാത്ത സിനിമ മോഹിയായ മകന്റെ വേഷത്തിലാണ് എത്തുന്നത്.
'ഒരു വടക്കൻ സെൽഫി'ക്ക് ശേഷം ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജൂഡ് ആന്റണി ജോസഫ് തന്നെയാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറും. ആശാ ശരത്, ഷറഫുദ്ധീൻ, ഇഷാനി കൃഷ്ണ, രമേശ് പിഷാരടി, കുഞ്ചൻ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും കൃഷ്ണമൂർത്തിയും ചേർന്നാണ് 'ആശകൾ ആയിരം' നിർമ്മിക്കുന്നത്. ബൈജു ഗോപാലൻ, വി.സി. പ്രവീൺ എന്നിവരാണ് കോ-പ്രൊഡ്യൂസേഴ്സ്. സനൽ ദേവ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു. സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ബാദുഷാ.എൻ.എം ആണ് പ്രോജക്റ്റ് ഡിസൈനർ.
ജീവിതഗന്ധിയായ വൈകാരിക നിമിഷങ്ങളും നർമ്മവും കോർത്തിണക്കി ഒരുക്കിയിരിക്കുന്ന ഒരു ഫാമിലി എന്റർടെയ്‌നറാണ് 'ആശകൾ ആയിരം'. കേരളത്തിലെ തിയേറ്ററുകളിലേക്ക് ചിത്രം എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ വിതരണ പങ്കാളികളായ ഡ്രീം ബിഗ് ഫിലിംസാണ്. ഫാർസ് ഫിലിംസാണ് ചിത്രത്തിന്റെ ഓവർസീസ് വിതരണം നടത്തുന്നത്. നേരത്തെ പുറത്തിറങ്ങിയ ടീസറിനും ട്രെയിലറിനും സോഷ്യൽ മീഡിയയിൽ മികച്ച സ്വീകരണമാണ് ലഭിച്ചത്.
