ഉന്നം പിഴക്കാതിരിക്കാൻ 'റൈഫിൾ ക്ലബ്; ആഷിക് അബു ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു; ക്രിസ്മസ് ആഘോഷമാക്കാൻ ഇട്ടിയാനം & ഫാമിലി
കൊച്ചി: പ്രേക്ഷകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'റൈഫിൾ ക്ലബ്'. ആഷിക് അബുവിന്റെ സംവിധാന മികവിനൊപ്പം മികച്ച താര നിര കൂടി ഒരുമിക്കുന്നതിനാൽ വലിയ ആകാംക്ഷയിലാണ് സിനിമ പ്രേമികൾ. ചിത്രത്തിന്റെ അപ്ഡേറ്റുകൾക്കെല്ലാം വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത് വിട്ടിരിക്കുകയാണ്. ചിത്രം ഡിസംബർ 19ന് തിയറ്ററുകളിൽ എത്തും.
റൈഫിൾ ക്ലബ്ബിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ദിലീഷ് നായർ, ശ്യാം പുഷ്കരൻ, ഷറഫു, സുഹാസ് എന്നിവർ ചേർന്നാണ്. 'മായാനദി'ക്ക് ശേഷം ആഷിക്ക് അബു, ശ്യാം പുഷ്കരൻ, ദിലീഷ് നായർ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ഒ.പി.എം സിനിമാസിന്‍റെ ബാനറിൽ ആഷിഖ് അബു, വിൻസന്‍റ് വടക്കൻ, വിശാൽ വിൻസന്‍റ് ടോണി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണവും ആഷിഖ് അബു തന്നെയാണ് നിര്‍വഹിക്കുന്നത്. 'മഞ്ഞുമ്മല്‍ ബോയ്‌സി'ലൂടെ വലിയ ജനപ്രീതി നേടിയ അജയൻ ചാലിശ്ശേരിയാണ് റൈഫിൾ ക്ലബ്ബിന്‍റെ പ്രൊഡക്ഷൻ ഡിസൈനർ.
വി സാജനാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തിനായി സ്റ്റണ്ട് ഒരുക്കുന്നത് സുപ്രീം സുന്ദറാണ്. സംഗീതം റെക്സ് വിജയൻ. ഗന്ധര്‍വ്വ ഗാനം എന്ന് തുടങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഗാനവും പുറത്ത് വന്നിരുന്നു.
വിജയരാഘവൻ, റാഫി, വിനീത് കുമാർ, സുരേഷ് കൃഷ്ണ, ഹനുമാന്‍കൈന്‍ഡ്, സെന്ന ഹെഗ്‌ഡെ, വിഷ്ണു അഗസ്ത്യ, ദർശന രാജേന്ദ്രൻ, ഉണ്ണിമായ പ്രസാദ്, സുരഭി ലക്ഷ്മി, പ്രശാന്ത് മുരളി, നടേഷ് ഹെഗ്‌ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കർ, നിയാസ് മുസലിയാർ, റംസാൻ മുഹമ്മദ്, നവനി ദേവാനന്ദ്, പരിമള്‍ ഷായ്സ്, സജീവ് കുമാർ, കിരൺ പീതാംബരൻ, ഉണ്ണി മുട്ടത്ത്, ബിബിൻ പെരുമ്പിള്ളി, ചിലമ്പൻ, ഇന്ത്യൻ എന്നിവരടങ്ങുന്ന വൻ താരനിരയാണ് ഈ ചിത്രത്തിലുള്ളത്.
നേരത്തെ, വാണി വിശ്വനാഥ്, ദിലീഷ് പോത്തൻ, റാപ്പർ ഹനുമാൻകൈൻഡ്, ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്, സുരേഷ് കൃഷ്ണ, സുരഭി ലക്ഷ്മി, വിഷ്ണു അഗസ്ത്യ, വിനീത് കുമാർ, ഉണ്ണിമായ എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകളും പുറത്തിറങ്ങിയിരുന്നു. ദയാനന്ദ് ബാരെ എന്ന കഥാപാത്രത്തെയാണ് അനുരാഗ് കശ്യപ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മലയാളത്തിലെ അദ്ദേഹത്തിന്‍റെ അരങ്ങേറ്റം കൂടിയാണ് 'റൈഫിള്‍ ക്ലബ്'.
കൂടാതെ ഡോ. ലാസർ എന്ന കഥാപാത്രമാണ് സുരേഷ് കൃഷ്ണ അവതരിപ്പിക്കുന്നത്, സുരഭി ലക്ഷ്മിയുടെ സൂസൻ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ദിലീഷ് പോത്തന്റെ സെക്രട്ടറി അവറാൻ എന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററും വലിയ പ്രേക്ഷക ശ്രദ്ധ നേടി.