മലയാളത്തിലേക്ക് ദുല്‍ഖറിന്റെ വമ്പന്‍ തിരിച്ചുവരവ്; ആക്ഷന്‍ പാക്ക്ഡായി 'ഐ ആം ഗെയിം'! ചിത്രം ഓണത്തിന് തിയറ്ററുകളിലെത്തും
കൊച്ചി: കുറച്ചുകാലമായി തെലുങ്കു സിനിമയിലാണ് ദുല്‍ഖര്‍ സല്‍മാന്‍ സജീവമായിരിക്കുന്നത്. ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ മലയാള സിനിമയിലേക്ക് ശക്തമായി തിരിച്ചെത്തുന്നു. ദുല്‍ഖര്‍ നായകനാകുന്ന പുതിയ ചിത്രത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നു. 'ഐ ആം ഗെയിം' എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ മടങ്ങി വരവിന് ഒരുങ്ങുന്നച്. ചിത്രം 2026 ഓണത്തിന് തിയറ്ററുകളിലെത്തുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റിലീസ് പ്രഖ്യാപനത്തിനൊപ്പം ദുല്‍ഖറിന്റെ പുതിയ പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. മുഖത്ത് മുറിവേറ്റ പാടുകളുമായി, രക്തം പുരണ്ട കയ്യില്‍ തോക്കുമായി നില്‍ക്കുന്ന ദുല്‍ഖറിന്റെ ലുക്ക് ഒരു ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ചിത്രമായിരിക്കും എന്ന സൂചനയാണ് നല്‍കുന്നത്.
'ആര്‍.ഡി.എക്‌സ്' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നഹാസിന്റെ കഥക്ക് ബിലാല്‍ മൊയ്തു, ഇസ്മായില്‍ അബൂബക്കര്‍, സജീര്‍ ബാബ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷബാസ് റഷീദ്, ആദര്‍ശ് സുകുമാരന്‍ എന്നിവരാണ് സംഭാഷണം. കാമറ ജിംഷി ഖാലിദും സംഗീതം ജേക്‌സ് ബിജോയും എഡിറ്റിങ് ചമന്‍ ചാക്കോയും ആക്ഷന്‍ അന്‍ബറിവുമാണ് നിര്‍വഹിക്കുന്നത്.
കബാലി, കെ.ജി.എഫ് സീരിസ്, കൈതി, വിക്രം, ലിയോ, സലാര്‍ എന്നീ പാന്‍ ഇന്ത്യന്‍ ചിത്രങ്ങളുടെ സംഘട്ടന സംവിധാനം നിര്‍വഹിച്ചിട്ടുള്ള അന്‍പറിവ് മാസ്റ്റേഴ്‌സ് ആണ് ഐ ആം ഗെയിമിന് വേണ്ടിയും സംഘട്ടനം ഒരുക്കുന്നത്. ആര്‍.ഡി.എക്‌സ് എന്ന ആക്ഷന്‍ ഹിറ്റിന് ശേഷം അന്‍പറിവ് ടീം വീണ്ടും നഹാസിനൊപ്പം ഇതിലൂടെ ഒന്നിക്കുന്ന ചിത്രമാണിത്.
ആന്റണി വര്‍ഗീസ് പെപ്പെ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കൂടാതെ തമിഴ് സംവിധായകന്‍ മിഷ്‌കിന്‍ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കതിര്‍, കായദു ലോഹര്‍, സംയുക്ത വിശ്വനാഥന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും ജോം വര്‍ഗീസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 2023ലെ 'കിങ് ഓഫ് കൊത്ത'ക്ക് ശേഷം ദുല്‍ഖര്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണിത്.
ഒരു വലിയ ഇടവേളക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന മലയാളം ചിത്രം എന്നതിനാല്‍ തന്നെ ഐ ആം ഗെയ്മിന് വലിയ ഹൈപ്പാണുള്ളത്. ഐ ആം ഗെയിമില്‍ താന്‍ വളരെ മോഡേണ്‍ ആണെന്നും റെട്രോ സ്‌റ്റൈല്‍ ആയിരിക്കില്ലെന്നും ദുല്‍ഖര്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. തമിഴ് ചിത്രം 'കാന്താ', തെലുങ്ക് ചിത്രങ്ങളായ 'ആകാശത്തിലോ ഒക താര', 'ഡിക്യു 41' എന്നിവയാണ് ദുല്‍ഖറിന്റെ മറ്റ് പുതിയ പ്രോജക്റ്റുകള്‍.
