ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത് ഏഴ് കൊറിയോഗ്രാഫർമാർ; ജോജു ജോർജ് നായകനാകുന്ന ഇടിപ്പടം; ബോക്സ്ഓഫീസ് ഭരിക്കാൻ ഷാജി കൈലാസിന്റെ 'വരവ്'; ചിത്രത്തിന് പാക്കപ്പ്
കൊച്ചി: ഷാജി കൈലാസ് ഒരുക്കുന്ന പുതിയ ചിത്രം 'വരവ്' ന്റെ ചിത്രീകരണം പൂർത്തിയായി. ജോജു ജോർജ് നായകനാകുന്ന ഈ ആക്ഷൻ ത്രില്ലർ പ്ലാന്റർമാർക്കിടയിലെ കിടമത്സരങ്ങളുടെ കഥയാണ് പറയുന്നത്. ചിത്രത്തിലെ അര ഡസനിലേറെ വരുന്ന ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നതിനായി ഏഴ് പ്രമുഖ കൊറിയോഗ്രാഫർമാർ അണിനിരന്നു എന്നത് 'വരവ്' ന്റെ ഒരു പ്രധാന സവിശേഷതയാണ്. വലിയ താരനിരയുടെ അകമ്പടിയോടെ, വലിയ മുതൽമുടക്കിൽ ഒരുങ്ങുന്ന 'വരവ്' ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജിയാണ് നിർമ്മിക്കുന്നത്. ജോമി ജോസഫാണ് സഹനിർമ്മാതാവ്.
ഏ.കെ. സാജൻ തിരക്കഥയെഴുതിയ ഈ ചിത്രത്തിൽ സ്റ്റണ്ട് സെൽവ, ഫീനിക്സ് പ്രഭു, രാജശേഖരൻ, മാഫിയാ ശശി, കലൈ കിംഗ്സ്റ്റൺ, തപസ്സി, ജാക്കി ജാൻസൺ എന്നിവരാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ഇവർക്ക് പുറമെ രണ്ട് കൊറിയോഗ്രാഫർമാർ കൂടി ചിത്രത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. മികച്ച ആക്ഷൻ സീക്വൻസുകൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ഷാജി കൈലാസ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.
ജോജു ജോർജിനൊപ്പം മുരളി ഗോപി, അർജുൻ അശോകൻ, വിൻസി അലോഷ്യസ്, വാണി വിശ്വനാഥ്, ബാബുരാജ്, ദീപക് പറമ്പോൾ, ബിജു പപ്പൻ, സാനിയ ഇയ്യപ്പൻ, ശ്രീജിത്ത് രവി, അഭിമന്യു, ഷമ്മി തിലകൻ, കോട്ടയം രമേഷ്, അസീസ് നെടുമങ്ങാട്, ബോബി കുര്യൻ, അശ്വിൻ കുമാർ, ബാലാജി ശർമ്മ, ചാലി പാലാ, രാധികാ രാധാകൃഷ്ണൻ തുടങ്ങിയ വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മുൻനിര നായികയായിരുന്ന സുകന്യയും ഒരു സുപ്രധാന വേഷത്തിൽ 'വരവി'ൽ എത്തുന്നുണ്ട്. മൂന്നാർ, കാന്തല്ലൂർ, തേനി, മുണ്ടക്കയം, കോട്ടയം എന്നിവിടങ്ങളിലായി നടന്ന ചിത്രീകരണം പൂർത്തിയായതോടെ 'വരവ്' റിലീസിനൊരുങ്ങുകയാണ്.
ചിത്രത്തിന്റെ സാങ്കേതിക വിഭാഗത്തിൽ എസ്. ശരവണൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ഷമീർ മുഹമ്മദ് എഡിറ്റിംഗും, സാബു റാം കലാസംവിധാനവും, സജി കാട്ടാക്കട മേക്കപ്പും, സമീറ സനിഷ് വസ്ത്രാലങ്കാരവും ഒരുക്കുന്നു. ഹരി തിരുമലയാണ് സ്റ്റിൽസ്. സ്യമന്തക് പ്രദീപ് ചീഫ് അസോസിയേറ്റ് ഡയറക്ടറായും, ശിവൻ പൂജപ്പുര, അനിൽ അൻഷാദ് എന്നിവർ പ്രൊഡക്ഷൻ മാനേജർമാരായും പ്രവർത്തിച്ചു. പ്രതാപൻ കല്ലിയൂർ പ്രൊഡക്ഷൻ എക്സിക്യുട്ടീവും, വിനോദ് മംഗലത്ത് പ്രൊഡക്ഷൻ കൺട്രോളറുമാണ്. വാഴൂർ ജോസാണ് പിആർഒ.
