എനിക്ക് രാഷ്ട്രീയം അറിയില്ല..പക്ഷെ ഇതൊന്നും നല്ലതല്ല; അതിൽ വലിയ പരിചയമില്ല; ജനനായകൻ വൈകുന്നതിൽ പ്രതികരിച്ച് ചിമ്പു

Update: 2026-02-05 17:23 GMT

രാഷ്ട്രീയ നേതാവും തമിഴ് സൂപ്പർതാരവുമായ വിജയുടെ അവസാന ചിത്രം എന്ന് പ്രഖ്യാപിക്കപ്പെട്ട 'ജനനായകൻ' സിനിമയുടെ റിലീസ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (സി.ബി.എഫ്.സി.) സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് അനിശ്ചിതത്വത്തിലാണ്. ഈ സാഹചര്യത്തിൽ വിജയ്ക്ക് പിന്തുണയുമായി തമിഴ് ചലച്ചിത്ര താരം സിലമ്പരസൻ എന്ന ചിമ്പു രംഗത്തെത്തി.

തമിഴ് മാധ്യമമായ വികടന് നൽകിയ അഭിമുഖത്തിലാണ് ചിമ്പു തന്റെ നിലപാട് വ്യക്തമാക്കിയത്. ജനനായകൻ എന്ന ചിത്രത്തെയും വിജയ് എന്ന വ്യക്തിയെയും രണ്ടായി കാണാൻ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. വർഷങ്ങളായി ചലച്ചിത്ര രംഗത്തുള്ള വിജയുടെ അവസാന ചിത്രമാണിത്. ചിത്രം പുറത്തിറങ്ങുന്നതിനായി നേരത്തേയും താൻ വിജയ്ക്ക് പിന്തുണ അറിയിച്ച് പോസ്റ്റ് പങ്കുവെച്ചിരുന്നതായും ചിമ്പു ഓർമ്മിപ്പിച്ചു. തനിക്ക് രാഷ്ട്രീയം അറിയില്ലെന്നും അതിൽ വലിയ പരിചയമില്ലെന്നും ചിമ്പു കൂട്ടിച്ചേർത്തു. വിജയുടെ ഭാവി രാഷ്ട്രീയ ശ്രമങ്ങൾക്കും മുന്നോട്ടുള്ള യാത്രക്കും എല്ലാ ഭാവുകങ്ങളും നേരുന്നതായും അദ്ദേഹം വ്യക്തമാക്കി.

ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട് നിയമപോരാട്ടങ്ങൾ തുടരുകയാണ്. 'ജനനായകൻ' സിനിമയ്ക്ക് ഉടൻ യു/എ സർട്ടിഫിക്കറ്റ് നൽകണമെന്ന ജസ്റ്റിസ് പി.ടി. ആശയുടെ സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ജനുവരി 28-ന് റദ്ദാക്കിയിരുന്നു. സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ സി.ബി.എഫ്.സി സമർപ്പിച്ച ഹർജിയിലാണ് ഡിവിഷൻ ബെഞ്ച് വിധി പ്രഖ്യാപിച്ചത്. തുടർന്ന് കേസ് വീണ്ടും പരിഗണിക്കുന്നതിനായി സിംഗിൾ ബെഞ്ചിന് തന്നെ തിരിച്ചയക്കുകയും ചെയ്തു. ഇതോടെയാണ് ചിത്രത്തിന്റെ റിലീസ് എപ്പോൾ നടക്കുമെന്ന കാര്യത്തിൽ കൂടുതൽ അനിശ്ചിതത്വമുണ്ടായത്.

കെ.വി.എൻ. പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട് കെ. നാരായണ നിർമ്മിച്ച് എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രമാണ് 'ജനനായകൻ'. സെൻസറിങ് നടപടികൾ വൈകിയതിനെ തുടർന്ന് ജനുവരി ഒമ്പതിന് നടക്കേണ്ടിയിരുന്ന റിലീസ് നീണ്ടുപോയപ്പോൾ ചിമ്പു വിജയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. "പ്രിയപ്പെട്ട വിജയ് അണ്ണാ, തിരിച്ചടികൾ ഒരിക്കലും നിങ്ങളെ തടഞ്ഞിട്ടില്ല. ഇതിനേക്കാൾ വലിയ കൊടുങ്കാറ്റുകളെ കടന്നിട്ടുണ്ട്. ഇതും കടന്നുപോകും. ജനനായകൻ റിലീസ് ചെയ്യുന്ന ദിവസമായിരിക്കും യഥാർഥ ഉത്സവം," എന്നാണ് അന്ന് ചിമ്പു സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചത്.

Tags:    

Similar News