രാജകുമാർ പെരിയസാമി ഒരുക്കുന്ന ധനുഷ്-മമ്മൂട്ടി ചിത്രം 'D55': എട്ട് വർഷത്തിന് ശേഷം മെഗാസ്റ്റാർ തമിഴിലേക്ക്; ഒപ്പം സായ് പല്ലവിയും ശ്രീലീലയും പ്രധാന വേഷങ്ങളിൽ
ചെന്നൈ: രാജകുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ധനുഷിന്റെ പുതിയ ചിത്രം 'D55'ൽ മെഗാസ്റ്റാർ മമ്മൂട്ടിയും. എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി തമിഴ് സിനിമയിലേക്ക് തിരിച്ചെത്തുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിൽ ധനുഷിനും മമ്മൂട്ടിക്കുമൊപ്പം സായ് പല്ലവിയും ശ്രീലീലയും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. പ്രധാന അഭിനേതാക്കളെ സംബന്ധിച്ച് നിർമാതാക്കൾ നൽകിയ സൂചനകൾ ശരിവെച്ചുകൊണ്ടാണ് മമ്മൂട്ടിയുടെ വരവ് സ്ഥിരീകരിച്ചിരിക്കുന്നത്.
"നിങ്ങൾ എല്ലാവരെയും കണ്ടു എന്ന് കരുതിയിട്ടുണ്ടാകാം, പക്ഷേ ഏറ്റവും വലിയ ആൾ വരാനിരിക്കുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആ 'M', ആ മാഗ്നിഫിസന്റ് താരം" എന്നായിരുന്നു അണിയറപ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റ്. മമ്മൂട്ടി അവസാനമായി തമിഴിൽ അഭിനയിച്ചത് 'പേരൻപ്' എന്ന ചിത്രത്തിലാണ്. അതേസമയം, മമ്മൂട്ടി നായകനായ 'കമ്മത്ത് & കമ്മത്ത്' എന്ന മലയാള ചിത്രത്തിൽ ധനുഷ് അതിഥി വേഷത്തിലെത്തിയിരുന്നു.
'D55'ന്റെ കഥ ഒരുക്കിയിരിക്കുന്നതും സംവിധായകൻ രാജ്കുമാർ പെരിയസാമി തന്നെയാണ്. ശിവകാർത്തികേയൻ നായകനായെത്തിയ ബ്ലോക്ക്ബസ്റ്റർ ചിത്രം 'അമരൻ' സംവിധാനം ചെയ്തതും ഇദ്ദേഹമാണ്. ധനുഷും സായ് പല്ലവിയും 'മാരി 2'വിന് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'D55'. കൂടാതെ, സംവിധായകൻ രാജ്കുമാർ പെരിയസാമിയും സായ് പല്ലവിയും 'അമരന്' ശേഷം ഈ ചിത്രത്തിലൂടെ വീണ്ടും ഒരുമിക്കുന്നു.
വണ്ടർബാർ ഫിലിംസിന്റെ ബാനറിൽ ധനുഷ് തന്നെയാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് സായ് അഭ്യങ്കാറാണ്. 'D55'ന്റെ സ്ട്രീമിങ് അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിട്ടുണ്ട്. നിലവിൽ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന 'പദയാത്ര'യുടെ ഷൂട്ടിങ് തിരക്കുകളിലാണ് മമ്മൂട്ടി. ഈ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയതിന് ശേഷമായിരിക്കും മമ്മൂട്ടി 'D55'ൽ ജോയിൻ ചെയ്യുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.