കളക്ഷനിൽ നേട്ടമുണ്ടാക്കി 'ചത്താ പച്ച'; അഞ്ചു ദിവസങ്ങൾക്കുള്ളിൽ 25 കോടി ആഗോള കളക്ഷൻ പിന്നിട്ട് ആക്ഷൻ കോമഡി ചിത്രം
കൊച്ചി: നവാഗത സംവിധായകൻ അദ്വൈത് നായരുടെ 'ചത്താ പച്ച: റിങ് ഓഫ് റൗഡീസ്' ആഗോള ബോക്‌സ് ഓഫീസിൽ 25 കോടി രൂപ കളക്ഷൻ പിന്നിട്ടു. റിലീസ് ചെയ്ത് അഞ്ചു ദിവസങ്ങൾക്കുള്ളിലാണ് മലയാളത്തിലെ ആദ്യത്തെ മുഴുനീള ഡബ്ല്യുഡബ്ല്യുഇ സ്‌റ്റൈൽ ആക്ഷൻ കോമഡി ചിത്രമായ 'ചത്താ പച്ച' ഈ നേട്ടം കൈവരിച്ചത്. 2026-ലെ മലയാളത്തിലെ ആദ്യ വലിയ വിജയ ചിത്രമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
കേരളത്തിനകത്തും പുറത്തും മികച്ച പ്രേക്ഷക-നിരൂപക പ്രതികരണങ്ങൾ നേടി നിറഞ്ഞ സദസ്സുകളിലാണ് ചിത്രം പ്രദർശനം തുടരുന്നത്. യുവപ്രേക്ഷകരെയും കുടുംബങ്ങളെയും കുട്ടികളെയും ഒരുപോലെ ആകർഷിക്കുന്ന ഒരു കംപ്ലീറ്റ് എന്റർടെയ്ൻമെന്റ് പാക്കേജാണ് ചിത്രമെന്ന് അണിയറപ്രവർത്തകർ പറയുന്നു. പാർട്ടനിലെ തീയറ്ററുകളിലും ചിത്രത്തിന് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്.
റിതേഷ് എസ്. രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത്ത് എന്നിവർ റീൽ വേൾഡ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ വിതരണം ചെയ്തത് ദുൽഖർ സൽമാൻ നേതൃത്വം നൽകുന്ന വേഫെറർ ഫിലിംസാണ്. അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത്, പൂജ മോഹൻദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മെഗാസ്റ്റാർ മമ്മൂട്ടി വാൾട്ടർ എന്ന അതിഥി താരമായി ചിത്രത്തിലുണ്ട്.
എല്ലാവരും തങ്ങളുടെ കഥാപാത്രങ്ങളെ വളരെ സ്റ്റൈലിഷ് ആയി അവതരിപ്പിച്ച് മികച്ച പ്രകടനം കാഴ്ചവെച്ചു. ഫോർട്ട് കൊച്ചിയിലുള്ള ഒരു അണ്ടർഗ്രൗണ്ട് ഡബ്ല്യുഡബ്ല്യുഇ സ്‌റ്റൈൽ റെസ്ലിങ് ക്ലബ് പശ്ചാത്തലമാക്കിയാണ് ചിത്രം കഥ പറയുന്നത്. ആക്ഷൻ, കോമഡി, ത്രില്ലർ, വൈകാരിക നിമിഷങ്ങൾ എന്നിവയെല്ലാം കോർത്തിണക്കി ഉയർന്ന സാങ്കേതിക നിലവാരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സിദ്ദിഖ്, ലക്ഷ്മി മേനോൻ, ഖാലിദ് അൽ അമേരി, റാഫി, തെസ്‌നി ഖാൻ, മുത്തുമണി, കാർമെൻ എസ്. മാത്യു, ദർതഗ്‌നൻ സാബു, വൈഷ്ണവ് ബിജു, ശ്യാം പ്രകാശ്, കൃഷ്ണൻ നമ്പ്യാർ, മിനോൺ, സരിൻ ശിഹാബ് തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.