വിഖ്യാത ഹോളിവുഡ് നടന്‍ ജീന്‍ ഹാക്മാനും ഭാര്യയും വീട്ടില്‍ മരിച്ച നിലയില്‍; മരണകാരണം വ്യക്തമല്ല; അന്വേഷണം ആരംഭിച്ച് പോലീസ്; മരിച്ചത് രണ്ട് ഓസ്‌കാര്‍ അവാര്‍ഡ് നേടിയ താരം

Update: 2025-02-27 11:09 GMT

വാഷിങ്ടണ്‍: വിഖ്യാത ഹോളിവുഡ് നടന്‍ ജീന്‍ ഹാക്മാനേയും ഭാര്യയേയും യു.എസിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇന്നലെ വൈകിട്ടാണ് ഇരുവരേയും ഒപ്പം വളര്‍ത്തുനായയേയും മരിച്ചനിലയില്‍ കണ്ടെത്തിയത്. 95 വയസായിരുന്നു. ന്യൂ മെക്‌സിക്കോ സാന്റാ ഫെയിലെ വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത ഇല്ലെന്നും എന്താണ് മരണകാരണം എന്ന് അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു.

ബോണി ആന്‍ഡ് ക്ലൈഡ് എന്ന സിനിമയിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. 1930ല്‍ കാലിഫോര്‍ണിയയില്‍ ജനിച്ച ഹാക്മാന്‍ നാലരവര്‍ഷത്തെ സൈനികസേവനത്തിന് ശേഷമാണ് അഭിനയത്തില്‍ സജീവമായത്. 1970-80 കാലഘട്ടങ്ങളില്‍ സൂപ്പര്‍ മാന്‍ സിനിമകളില്‍ ലെക്സ് ലൂതര്‍ എന്ന കഥാപാത്രമായി വേഷമിട്ടു. 1971ല്‍ ദി ഫ്രഞ്ച് കണക്ഷന്‍ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം സ്വന്തമാക്കി. 1992ല്‍ മികച്ച സഹനടനുള്ള ഓസ്‌കര്‍ പുരസ്‌കാരവും നേടി. 2004ല്‍ പുറത്തിറങ്ങിയ വെല്‍കം ടു മൂസ്പോര്‍ട്ട് ആണ് അവസാനമായി അഭിനയിച്ച സിനിമ.

ആറുപതിറ്റാണ്ട് നീണ്ട അഭിനയജീവിതത്തില്‍ രണ്ട് ഓസ്‌കാര്‍ അവാര്‍ഡുകളും, 2 അക്കാദമി അവാര്‍ഡ്, ബാഫ്റ്റ, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നേടിയിട്ടുള്ള അതുല്യപ്രതിഭയാണ് വിടവാങ്ങുന്നത്.

Tags:    

Similar News