ജീത്തു ജോസഫ് ഒരുക്കുന്ന ക്രൈം ഡ്രാമ; 'വലതുവശത്തെ കള്ളന്' യു/എ സർട്ടിഫിക്കറ്റ്; ചിത്രം ജനുവരി 30-ന് തിയേറ്ററുകളിൽ
കൊച്ചി: ജീത്തു ജോസഫ് ഒരുക്കുന്ന ക്രൈം ഡ്രാമ ചിത്രമായ 'വലതുവശത്തെ കള്ളന്' യു/എ സെൻസർ സർട്ടിഫിക്കറ്റ്. ബിജു മേനോനും ജോജു ജോർജും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം ജനുവരി 30-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. 'ഓഗസ്റ്റ് സിനിമ', 'സിനിഹോളിക്സ്', 'ബെഡ്‌ടൈം സ്റ്റോറീസ്' എന്നീ ബാനറുകളിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന് ഡിനു തോമസ് ഈലനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 'മുറിവേറ്റൊരു ആത്മാവിന്റെ കുമ്പസാരം' എന്ന ടാഗ്‌ലൈനോടെയെത്തിയ ചിത്രത്തിന്റെ ട്രെയ്‌ലർ ഇതിനോടകം പ്രേക്ഷകശ്രദ്ധ നേടി കഴിഞ്ഞു.
ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്‌സാണ് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. 'മൈ ബോസ്', 'മമ്മി ആൻഡ് മി', 'മെമ്മറീസ്', 'ദൃശ്യം', 'ദൃശ്യം 2', 'കൂമൻ', 'നേര്' തുടങ്ങിയ നിരവധി ശ്രദ്ധേയ സിനിമകൾ മലയാളത്തിന് സമ്മാനിച്ച ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ ചിത്രം പ്രേക്ഷകരിൽ വലിയ പ്രതീക്ഷയാണ് ഉണർത്തുന്നത്. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലായി വണ്ടിപ്പെരിയാർ, പീരുമേട് എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.
ലെന, നിരഞ്ജന അനൂപ്, ഇർഷാദ് അലി, കെ.ആർ. ഗോകുൽ, മനോജ് കെ.യു, ലിയോണ ലിഷോയ്, ശ്യാംപ്രസാദ്, ഷാജു ശ്രീധർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് വിനായകും സംഗീതം വിഷ്ണു ശ്യാമും പ്രൊഡക്ഷൻ ഡിസൈൻ പ്രശാന്ത് മാധവും കൈകാര്യം ചെയ്തിരിക്കുന്നു. വിനായക് ശശികുമാറാണ് ഗാനരചയിതാവ്.