തിങ്കളാഴ്ച..റിപ്പബ്ലിക് ദിന അവധി; അതുകൊണ്ട് വെയിറ്റ് ചെയ്യണം; ക്ഷമയുടെ നെല്ലിപ്പലക കണ്ട് വിജയ് ആരധകർ; ജനനായകന് വീണ്ടും പ്രതിസന്ധി; റിലീസ് ഇനിയും നീളും
നടൻ വിജയ് രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി നായകനാകുന്ന 'ജനനായകൻ' എന്ന ചിത്രത്തിന്റെ റിലീസ് വീണ്ടും നീളും. സെൻസർ സർട്ടിഫിക്കറ്റ് സംബന്ധിച്ച വിധി മദ്രാസ് ഹൈക്കോടതി ഈയാഴ്ചയും പറയില്ലെന്ന് അറിയിച്ചതോടെയാണ് ചിത്രത്തിന്റെ റിലീസ് വീണ്ടും അനിശ്ചിതത്വത്തിലായത്. 500 കോടിയോളം രൂപ മുതൽമുടക്കി നിർമ്മിച്ച ചിത്രം റിലീസ് ചെയ്യാനാകാത്തത് വലിയ സാമ്പത്തിക നഷ്ടത്തിന് കാരണമാകുന്നുവെന്ന് നിർമ്മാതാക്കൾ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് വിഷയത്തിൽ നാളെയും ഉത്തരവ് പുറപ്പെടുവിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു. തിങ്കളാഴ്ച റിപ്പബ്ലിക് ദിന അവധിയായതിനാൽ വിധി ഇനിയും വൈകാനാണ് സാധ്യത. റിലീസിന് ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് 'ജനനായകൻ' എന്ന ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നിഷേധിക്കപ്പെട്ടത്.
ദശകങ്ങളോളം നീണ്ട സിനിമാ ജീവിതത്തിന് 'ജനനായകൻ' എന്ന ചിത്രത്തോടെ വിജയ് വിരാമം കുറിക്കുകയാണ്. ഈ വിഷയത്തിൽ സുപ്രീംകോടതിയുടെ നിർദേശപ്രകാരമാണ് കേസ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. കെ.വി.എൻ. പ്രൊഡക്ഷൻസിന്റെ പേരിൽ വെങ്കട്ട് കെ. നാരായണ നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് എച്ച്. വിനോദാണ്.
ബോബി ഡിയോൾ, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു എന്നിവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമ്മാതാക്കൾ. സത്യൻ സൂര്യനാണ് ഛായാഗ്രഹണം, അനൽ അരശ് ആക്ഷൻ രംഗങ്ങളും, വി. സെൽവകുമാർ കലാസംവിധാനവും, പ്രദീപ് ഇ. രാഘവ് എഡിറ്റിംഗും നിർവഹിക്കുന്നു.