32 വർഷങ്ങൾക്ക് ശേഷം അടൂർ ഗോപാലകൃഷ്ണനും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു; മമ്മൂട്ടി കമ്പനിയുടെ എട്ടാമത്തെ ചിത്രത്തിന്റെ പൂജയും ടൈറ്റിൽ പ്രകാശനവും നാളെ; ആകാംഷയോടെ ആരാധകർ
കൊച്ചി: മലയാള സിനിമയിലെ ഇതിഹാസങ്ങൾ വീണ്ടും ഒന്നിക്കുന്നു. മമ്മൂട്ടി കമ്പനി അവതരിപ്പിക്കുന്ന എട്ടാമത്തെ നിർമ്മാണ സംരംഭത്തിൽ പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും മെഗാസ്റ്റാർ മമ്മൂട്ടിയും ഒന്നിക്കുന്നു. ചിത്രത്തിന്റെ ഔദ്യോഗിക പൂജയും ചലച്ചിത്ര ശീർഷക പ്രകാശനവും സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടു. സിനിമയുടെ ഔദ്യോഗിക പൂജയും ശീർഷക പ്രകാശനവും നാളെ രാവിലെ 10:30-ന് നടക്കും. നീണ്ട 32 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അടൂർ ഗോപാലകൃഷ്ണനും മമ്മൂട്ടിയും ഒരു ചിത്രത്തിനായി കൈകോർക്കുന്നത് എന്നത് സിനിമാ പ്രേമികളിൽ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.
ഇത് നാലാം തവണയാണ് മമ്മൂട്ടിയും അടൂരും ഒന്നിക്കുന്നത്. 1987 ൽ പുറത്തിറങ്ങിയ അനന്തരം എന്ന സിനിമയിലാണ് ആദ്യമായി അടൂരും മമ്മൂട്ടിയും ഒന്നിച്ചത്. തുടർന്ന് വിധേയൻ, മതിലുകൾ എന്നീ സിനിമകളിലും ഇരുവരും ഒന്നിച്ചു. മതിലുകളിൽ വൈക്കം മുഹമ്മദ് ബഷീറായും വിധേയനിൽ വില്ലനായ ഭാസ്കര പട്ടേലർ എന്ന ജന്മിയെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഇതിൽ വിധേയനിലെ പ്രകടനത്തിന് മമ്മൂട്ടിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. സംസ്ഥാന അവാർഡും സിനിമയ്ക്ക് ലഭിച്ചിരുന്നു.
അതേസമയം, കളങ്കാവലായിരുന്നു മമ്മൂട്ടിയുടെ അവസാന റിലീസ്. ജിതിൻ കെ ജോസ് സംവിധാനം ചെയ്ത ഈ ചിത്രം തിയറ്ററുകളിൽ നിന്ന് മികച്ച പ്രതികരണം നേടുകയും ആഗോളതലത്തിൽ 80 കോടി രൂപയിലധികം കളക്ഷൻ നേടുകയും ചെയ്തിരുന്നു. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുങ്ങിയ ഈ ചിത്രത്തിൽ ഇരുപത്തിരണ്ട് നായികമാരായിരുന്നു അണിനിരന്നത്. 2025 ഡിസംബർ 5-ന് തിയറ്ററുകളിൽ എത്തിയ 'കളങ്കാവൽ', പ്രതിനായകനായ സ്റ്റാൻലി എന്ന കഥാപാത്രത്തിലൂടെ മമ്മൂട്ടിയുടെ ഇതുവരെ കാണാത്ത രൂപമാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്. വിനായകനായിരുന്നു ചിത്രത്തിലെ നായക വേഷം കൈകാര്യം ചെയ്തത്.
