പ്രിയദര്‍ശന്‍ ചിത്രത്തില്‍ നിന്ന് ഷൂട്ടിംഗ് ആരംഭിച്ചതിന് പിന്നാലെ പിന്‍മാറി; പരേഷ് റാവലിനോട് 25കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് അക്ഷയ് കുമാര്‍

പരേഷ് റാവലിനോട് 25കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് അക്ഷയ് കുമാര്‍

Update: 2025-05-20 10:51 GMT

മുംബൈ: പ്രിയദര്‍ശന്‍ ചിത്രത്തില്‍ നിന്നും പിന്‍മാറിയതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന്‍ അക്ഷയ് കുമാര്‍. നടന്‍ പരേഷ് റാവലിനോടാണ് അദ്ദേഹം ആവശ്യം ഉന്നയിച്ചു നോട്ടീസ് അയച്ചത്. 25 കോടി രൂപ നഷ്ടപരിഹാരം വേണെന്നാണ് വക്കീല്‍ നോട്ടിസില്‍ വ്യക്തമാക്കിയത്. അഭിനയിക്കാന്‍ കരാറായി ഷൂട്ടിങ് ആരംഭിച്ചതിന് പിന്നാലെ ചിത്രത്തില്‍നിന്ന് പിന്മാറിയതിനെത്തുടര്‍ന്നാണ് നോട്ടീസെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അക്ഷയ് കുമാറിന്റെ നിര്‍മാണക്കമ്പനിയായ കേപ് ഓഫ് ഗുഡ് ഫിലിംസാണ് നോട്ടീസ് അയച്ചത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഹേരാ ഫേരി 3-ല്‍നിന്ന് പിന്മാറിയതായി കഴിഞ്ഞദിവസം പരേഷ് റാവല്‍ അറിയിച്ചിരുന്നു. പിന്നാലെയാണ് നോട്ടീസ്.

ചിത്രത്തിന്റെ ഷൂട്ടിങ് ഏപ്രിലില്‍ ആരംഭിച്ചിരുന്നു. അക്ഷയ് കുമാറും സുനില്‍ ഷെട്ടിയും പരേഷ് റാവലും ഷൂട്ടിങ്ങിന്റെ ഭാഗമായിരുന്നുവെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അക്ഷയ് കുമാര്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ഹേരാ ഫേരി ഫ്രാഞ്ചൈസിലെ ആദ്യരണ്ടു സിനിമകളുടെ നിര്‍മാതാക്കളായ ഫിറോസ് നദിയാദ്വാലയില്‍നിന്ന് അക്ഷയ് കുമാര്‍ നിര്‍മാണാവകാശങ്ങള്‍ സ്വന്തമാക്കിയിരുന്നു.

പരേഷ് റാവലിന്റെ സാധാരണ പ്രതിഫലത്തിന്റെ മൂന്നുമടങ്ങാണ് 'ഹേരാ ഫേരി 3'-യിലെന്നാണ് റിപ്പോര്‍ട്ടുകള്‍. പരേഷ് റാവലിന് താത്പര്യമില്ലായിരുന്നുവെങ്കില്‍ കരാറാവുന്നതിന് മുമ്പ് തന്നെ അറിയിക്കണമെയിരുന്നുവെന്നാണ് അക്ഷയ് കുമാറിന്റെ നിര്‍മാണക്കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. കരാര്‍ പ്രകാരമുള്ള പ്രതിഫലം കൈപ്പറ്റുകയും ചിത്രീകരണത്തിനായി നിര്‍മാതാവ് പണം മുടക്കുകയും ചെയ്ത ശേഷമാണ് പരേഷ് റാവല്‍ പിന്മാറ്റം അറിയിച്ചതെന്നും അവര്‍ വ്യക്തമാക്കുന്നു.

ഹേരാ ഫേരി 3-ല്‍ താന്‍ അഭിനയിക്കുന്നതായി ജനുവരിയില്‍ സ്വന്തം എക്സ് ഹാന്‍ഡില്‍ വഴി പരേഷ് റാവല്‍ തന്നെ പ്രഖ്യാപനം നടത്തിയിരുന്നു. പ്രീ- പ്രൊഡക്ഷനില്‍ താരം പങ്കാളിയായിരുന്നു. ടീസര്‍ പ്രൊമോയടക്കം ഒരുദിവസം പൂര്‍ണമായി ചിത്രീകരണത്തിന്റെ ഭാഗമായിരുന്നു. ഈ സമയത്തൊന്നും പരേഷ് റാവല്‍ അതൃപ്തി പ്രകടമാക്കിയിരുന്നില്ല. അപ്രതീക്ഷിതമായാണ് ഇപ്പോള്‍ പരേഷ് റാവലിന്റെ പിന്മാറ്റമെന്നും നിര്‍മാണക്കമ്പനി വൃത്തങ്ങള്‍ പറയുന്നു. ഇതാദ്യമായല്ല പരേഷ് റാവല്‍ കരാറായ ശേഷം ചിത്രത്തില്‍നിന്ന് പിന്മാറുന്നത്. സ്‌ക്രിപ്റ്റ് ഇഷ്ടമായില്ലെന്ന് പറഞ്ഞ് 2023-ല്‍ 'ഓഹ് മൈ ഗോഡില്‍'നിന്ന് പരേഷ് റാവല്‍ പിന്മാറിയിരുന്നു.

Tags:    

Similar News