വീണ്ടും രാജ്യാന്തര പുരസ്‌കാരം; ഗോതം അവാർഡ്സിൽ തിളങ്ങി 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്'; സ്വന്തമാക്കിയത് മികച്ച അന്താരാഷ്ട്ര ഫീച്ചറിനുള്ള പുരസ്കാരം

Update: 2024-12-03 12:50 GMT

ന്യുയോർക്ക്: പ്രശസ്തമായ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ചരിത്രം കുറിച്ച 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്'നെ തേടി പുതിയ പുരസ്കാരം. 2024 ലെ ​ഗോതം അവാർഡ്സിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ പുരസ്കാരം സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. തിങ്കളാഴ്ച ന്യൂയോർക്കിൽ വച്ച് നടന്ന ചടങ്ങിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. 2024 ലെ ഏഷ്യാ പസഫിക് സ്‌ക്രീൻ അവാർഡ്സിൽ ജൂറി ​ഗ്രാൻഡ് പ്രൈസും ചിത്രം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രത്തെ തേടി പുതിയ പുരസ്കാരവുമെത്തിയിരിക്കുന്നത്.

പുരസ്കാരത്തിനായി മത്സരിച്ച "ഗ്രീൻ ബോർഡർ", "ഹാർഡ് ട്രൂത്ത്സ്", "ഇൻസൈഡ് ദ് യെല്ലോ കൊക്കൂൺ ഷെൽ", "വെർമിഗ്ലിയോ" എന്നിവയെ പിന്തള്ളിയായിരുന്നു 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' പുരസ്കാരം സ്വന്തമാക്കിയത്. മികച്ച സംവിധാനത്തിനുള്ള വിഭാ​ഗത്തിലും ചിത്രം നാമനിർദേശം ചെയ്യപ്പെട്ടിരുന്നു. എന്നാൽ പായൽ കപാഡിയെ പിന്തള്ളി "നിക്കൽ ബോയ്‌സ്" എന്ന ചിത്രം സംവിധാനം ചെയ്ത റാമെൽ റോസ് മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു.

കനി കുസൃതി, ദിവ്യ പ്രഭ, ഛായാ കദം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ സിനിമ മുംബൈയിലെ രണ്ട് മലയാളി നേഴ്‌സുമാരുടെ കഥയാണ് പറയുന്നത്. പ്രഭയായ് നിനച്ചതെല്ലാം എന്ന പേരിൽ അടുത്തിടെ ചിത്രം തിയറ്ററുകളിലുമെത്തിയിരുന്നു.

ഓസ്‌കാറിൽ മികച്ച ഇൻ്റർനാഷണൽ ഫീച്ചർ ഫിലിം വിഭാഗത്തിൽ ചിത്രം ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മത്സരിച്ചിരുന്നെങ്കിലും തിരഞ്ഞെടുക്കപ്പെട്ടില്ല. പകരം കിരൺ റാവു സംവിധാനം ചെയ്ത ലാപത ലേഡീസ് ആണ് തിരഞ്ഞെടുക്കപ്പെട്ടത്.

Tags:    

Similar News