'അമ്മ'യുടെ കുടുംബ സംഗമം ജനുവരി ആദ്യവാരം; സുരേഷ് ഗോപി, മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ നേതൃത്വം നല്‍കും; അമ്മയിലെ മുഴുവന്‍ അംഗങ്ങളുടെയും കുടുംബങ്ങളെയും പങ്കെടുപ്പിച്ച് പരിപാടി നടത്താന്‍ ലക്ഷ്യം

Update: 2024-12-14 13:53 GMT

കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ കുടുംബ സംഗമം ജനുവരി ആദ്യവാരം നടക്കും. അമ്മയിലെ മുഴുവന്‍ അംഗങ്ങളുടെയും കുടുംബങ്ങളെ പങ്കെടുപ്പിച്ച് വലിയ പരിപാടി നടത്താനാണ് സംഘടനയുടെ ലക്ഷ്യം. തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി കൂട്ടരാജി സമര്‍പ്പിച്ചതോടെ നിലവിലുള്ള അഡ്ഹോക്ക് കമ്മിറ്റിയാവും പരിപാടിക്ക് നേതൃത്വം നല്‍കുക. കൊച്ചിയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാകും പരിപാടിയെന്നാണ് വിവരം.

കേന്ദ്രമന്ത്രി സുരേഷ് ഗോപി, സൂപ്പര്‍ താരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരുടെ നേതൃത്വത്തിലായിരിക്കും പരിപാടികള്‍. മെഗാ സ്റ്റേജ്‌ഷോയുള്‍പ്പടെയുള്ള പരിപാടികള്‍ നടത്തിയേക്കും. ഒരു ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയാണുണ്ടാകുക. സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി ഓണത്തോട് അനുബന്ധിച്ച് കുടുംബ സംഗമം നടത്താനായിരുന്നു പദ്ധതിയിട്ടത്. എന്നാല്‍ ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയുണ്ടായ വിവാദത്തില്‍ ഭരണസമിതി കൂട്ടരാജി നല്‍കുകയും പരിപാടി റദ്ദാക്കുകയുമായിരുന്നു.

ചില ഭാരവാഹികള്‍ക്കെതിരെ ലൈംഗികാരോപണം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്താണ് ഭാരവാഹികള്‍ സ്വമേധയാ സ്ഥാനമൊഴിഞ്ഞതെന്നാണ് സംഘടന പ്രസ്താവനയില്‍ അറിയിച്ചത്. ലൈംഗിക പീഡനാരോപണം നേരിട്ട ജനറല്‍ സെക്രട്ടറി സിദ്ദിഖ് നേരത്തേ രാജിവച്ചിരുന്നു. ഇതിന് പിന്നാലെ ജോയിന്റ് സെക്രട്ടറി ബാബുരാജും ആരോപണ നിഴലിലായതോടെ പ്രതിസന്ധിയിലായ നേതൃത്വം കൂടുതല്‍ ആരോപണങ്ങള്‍ ഉയരുന്നതിന് മുമ്പ് രാജിവയ്ക്കുന്നതാണ് ഭംഗിയെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കൂട്ടരാജിക്ക് ഒരുങ്ങിയത്.

പുതിയ ഭരണസമിതി വരുന്നതുവരെ രണ്ട് മാസത്തേക്ക് നിലവിലുള്ള സമിതി അഡ്ഹോക് ആയി പ്രവര്‍ത്തിക്കുകയും അംഗങ്ങള്‍ക്ക് നല്‍കുന്ന കൈനീട്ടവും ആരോഗ്യ സഹായവും തുടരുകയും ചെയ്തു. അമ്മയെ ശക്തിപ്പെടുത്താന്‍ കെല്‍പ്പുള്ള പുതിയ നേതൃത്വം വരട്ടെ എന്ന ശുഭപ്രതീക്ഷയാണ് മോഹന്‍ലാല്‍ പങ്കുവച്ചത്. എന്നാല്‍ കൂട്ടരാജി അംഗീകരിക്കില്ലെന്ന് കേന്ദ്രമന്ത്രി കൂടിയായ സുരേഷ് ഗോപി അമ്മ ആസ്ഥാനത്ത് നടന്ന കേരള പിറവി ദിനാഘോഷത്തില്‍ നിലപാടെടുത്തു. രാജിവച്ചവര്‍ തിരികെ എത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Tags:    

Similar News