ഭാവനയും റഹ്‌മാനും പ്രധാന വേഷങ്ങളിൽ; ത്രില്ലടിപ്പിക്കാൻ 'അനോമി'; സെക്കന്‍ഡ് ലുക്ക് പുറത്ത്
കൊച്ചി: ഭാവനയും റഹ്‌മാനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'അനോമി' എന്ന ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 'ദി ഇക്വേഷൻ ഓഫ് ഡെത്ത്' എന്ന ടാഗ്‌ലൈനോടെ എത്തുന്ന ഈ സയൻസ് ഫിക്ഷൻ-മിസ്റ്ററി-ത്രില്ലർ ചിത്രം റിയാസ് മാരാത്ത് ആണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ടി സീരീസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ സംയുക്തമായി മലയാളത്തിൽ ആദ്യമായി അവതരിപ്പിക്കുന്ന ചിത്രം കൂടിയാണിത്.
ഗുൽഷൻ കുമാർ, ഭൂഷൻ കുമാർ, ടി സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ അവതരിപ്പിക്കുന്ന ചിത്രം കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ നിർമ്മിക്കുന്നു. ഡോ. റോയ് സി.ജെ. (കോൺഫിഡന്റ് ഗ്രൂപ്പ്), ബ്ലിറ്റ്‌സ്‌ക്രീഗ് ഫിലിംസ്, എപികെ സിനിമ, ഭാവന ഫിലിം പ്രൊഡക്ഷൻസ് എന്നിവരും നിർമ്മാണ പങ്കാളികളാണ്. റാം മിർചന്ദാനി, രാജേഷ് മേനോൻ എന്നിവർ സഹനിർമ്മാതാക്കളാണ്.
വിഷ്ണു അഗസ്ത്യ, ബിനു പപ്പു, ഷെബിൻ ബെൻസൺ, അർജുൻ ലാൽ, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. 'ധ്രുവങ്ങൾ പതിനാറ്', 'ഡിയർ കോമ്രേഡ്' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുജിത്ത് സാരംഗാണ് ഛായാഗ്രഹണം. 'അനിമൽ' ഫെയിം സംഗീത സംവിധായകൻ ഹർഷവർധൻ രാമേശ്വർ സംഗീതം നൽകുന്നു.
ഏഴ് ഷെഡ്യൂളുകളിലായി നൂറിലധികം ദിവസം ചിത്രീകരിച്ച 'അനോമി'യുടെ പ്രധാന ലൊക്കേഷനുകൾ മുംബൈ, എറണാകുളം, പൊള്ളാച്ചി, കൊടൈക്കനാൽ, കോയമ്പത്തൂർ എന്നിവിടങ്ങളാണ്. ബോളിവുഡ് ചിത്രങ്ങളായ 'ഗ്യാങ്‌സ് ഓഫ് വസേപ്പൂർ', 'ഹൈദർ', 'മുൾക്' എന്നിവയുടെ കളറിസ്റ്റ് ജെ.ഡി. ആണ് ചിത്രത്തിനും കളറിങ് നിർവഹിച്ചിരിക്കുന്നത്. കിരൺ ദാസാണ് എഡിറ്റർ. വിനായക് ശശികുമാർ, അഹമ്മദ് ശ്യാം, മുത്തു എന്നിവർ വരികൾ രചിച്ചിരിക്കുന്നു.