ഞങ്ങൾ തമ്മിലുള്ള 'കെമിസ്ട്രി' ഗംഭീരമായിരുന്നു; നിങ്ങൾക്ക് അത് സിനിമ ഇറങ്ങുമ്പോൾ മനസിലാകും; എല്ലാ ക്രെഡിറ്റും അദ്ദേഹത്തിന് കൂടി ഉള്ളതാണ്; ധ്രുവിനെ പ്രശംസിച്ച് നടി അനുപമ
മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന 'ബൈസൺ' എന്ന ചിത്രത്തിൽ സഹതാരം ധ്രുവ് വിക്രമിന്റെ കഠിനാധ്വാനത്തെ പ്രശംസിച്ച് നായിക അനുപമ പരമേശ്വരൻ. ധ്രുവിനെപ്പോലെ കഠിനാധ്വാനവും അർപ്പണബോധവുമുള്ള ഒരു നടനെ താൻ കണ്ടിട്ടില്ലെന്ന് അനുപമ പറഞ്ഞു.
'പർദ്ധ' എന്ന തെലുങ്ക് ചിത്രത്തിനു ശേഷം അനുപമ നായികയായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് 'ബൈസൺ'. സിനിമയുടെ പ്രചാരണ പരിപാടിക്കിടെ സംസാരിക്കവെയാണ് താരം തന്റെ അനുഭവം പങ്കുവെച്ചത്. ചിത്രത്തിൽ ധ്രുവ് വിക്രമിനൊപ്പം അഭിനയിച്ചതിനെക്കുറിച്ചും ഇരുവരും തമ്മിലുള്ള കെമിസ്ട്രിയെക്കുറിച്ചും മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അനുപമയുടെ മറുപടി ഇതായിരുന്നു.
"ഞാനും ധ്രുവ് തമ്മിലുള്ള കെമിസ്ട്രി ഗംഭീരമാണെന്ന് പലരും പറയുന്നുണ്ട്. ഇതിന്റെയെല്ലാം ക്രെഡിറ്റ് സംവിധായകൻ മാരി സെൽവരാജിനും സംഗീത സംവിധായകൻ നിവാസിനുമാണ്. മാരി സാർ പറഞ്ഞതുപോലെ ചെയ്യുക എന്നതായിരുന്നു ഞങ്ങളുടെ പ്രധാന ജോലി. ഞാൻ ഈ സിനിമയിൽ ജോയിൻ ചെയ്യുന്നതിന് ഒരു വർഷം മുമ്പേ ധ്രുവ് ഇതിനായുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു. ശരീരത്തെ ഒരുപാട് കഷ്ടപ്പെടുത്തിയാണ് അദ്ദേഹം ഇത് ചെയ്തത്. കബഡി പഠിക്കുകയും ബോഡി ബിൽഡിങ് ചെയ്യുകയും ഉൾപ്പെടെ പല കാര്യങ്ങളും ധ്രുവ് ചെയ്തു," അനുപമ വിശദീകരിച്ചു.
കബഡി വളരെ ബുദ്ധിമുട്ടുള്ള ഒരു കളിയാണെന്നും അതിനായി ധ്രുവ് ഒരുപാട് പ്രയത്നിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു. "സിനിമയ്ക്ക് വേണ്ടി മാത്രമല്ല, യഥാർത്ഥ ജീവിതത്തിലും കബഡി നല്ലരീതിയിൽ കളിക്കാൻ ധ്രുവ് പരിശീലനം നടത്തിയിട്ടുണ്ട്. അത്രയധികം ഊർജ്ജവും കഠിനാധ്വാനവുമാണ് അദ്ദേഹം ഈ സിനിമയ്ക്ക് വേണ്ടി മുടക്കിയത്. നിരവധി താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും, ധ്രുവിനെപ്പോലെ കഠിനാധ്വാനിയും ലക്ഷ്യബോധവുമുള്ള ഒരു നടനെ ഞാൻ കണ്ടിട്ടില്ല. അദ്ദേഹത്തെപ്പോലെ ഒരാൾ വേറെയില്ലെന്ന് എനിക്ക് ഉറപ്പുണ്ട്," അനുപമ പറഞ്ഞു.