പ്രേക്ഷക പ്രശംസ നേടിയിട്ടും തിയേറ്ററുകളിൽ ക്ലിക്കായില്ല; ആസിഫ് അലിയുടെ 'സർക്കീട്ട്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് മനോരമ മാക്സിലൂടെ

Update: 2025-08-16 11:23 GMT

കൊച്ചി: ആസിഫ് അലിയെ കേന്ദ്ര കഥാപാത്രമാക്കി താമർ സംവിധാനം ചെയ്ത 'സർക്കീട്ട്' എന്ന ചിത്രം ഡിജിറ്റൽ റിലീസിനൊരുങ്ങുന്നു. മികച്ച നിരൂപക പ്രശംസയും പ്രേക്ഷക പ്രതികരണവും നേടിയിട്ടും തിയേറ്ററുകളിൽ സാമ്പത്തിക വിജയം കൈവരിക്കാൻ സാധിക്കാതെ പോയ ചിത്രം, പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ മനോരമ മാക്സിലൂടെ ഉടൻ സ്ട്രീമിംഗ് ആരംഭിക്കും. ആസിഫ് അലിയും ബാലതാരം ഓർഹാനും പ്രധാന വേഷങ്ങളിലെത്തിയ 'സർക്കീട്ട്' ഒരു സൗഹൃദത്തിൻ്റെ കഥയാണ് പറയുന്നത്.

മെയ് 8-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് പ്രേക്ഷകരെ വലിയ തോതിൽ ആകർഷിക്കാൻ കഴിഞ്ഞിരുന്നില്ല. 'കിഷ്‌കിന്ധാ കാണ്ഡം', 'രേഖാചിത്രം' തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകൾക്ക് ശേഷം ആസിഫ് അലി നായകനായെത്തിയ ചിത്രമെന്ന നിലയിൽ 'സർക്കീട്ടി'ന് വലിയ പ്രതീക്ഷകളാണുണ്ടായിരുന്നത്. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയ 'ആയിരത്തൊന്നു നുണകൾ' എന്ന ചിത്രത്തിന് ശേഷം താമർ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണിത്. പൂർണ്ണമായും ഗൾഫ് രാജ്യങ്ങളിൽ ചിത്രീകരിച്ച 'സർക്കീട്ട്', യുഎഇ, ഷാർജ, റാസൽ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലായി 40 ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്.

അജിത് വിനായക ഫിലിംസ്, ആക്ഷൻ ഫിലിംസ് എന്നീ ബാനറുകളിൽ വിനായക അജിത്, ഫ്ളോറിൻ ഡൊമിനിക്ക് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ദിവ്യ പ്രഭയാണ് ചിത്രത്തിലെ നായിക. ദീപക് പറമ്പോൾ, രമ്യ സുരേഷ്, പ്രശാന്ത് അലക്സാണ്ടർ, സ്വാതിദാസ് പ്രഭു, സുധീഷ് സ്കറിയ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോവിന്ദ് വസന്ത സംഗീതവും അയാസ് ഹസൻ ഛായാഗ്രഹണവും സംഗീത് പ്രതാപ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. തിയേറ്ററുകളിൽ വേണ്ടത്ര ശ്രദ്ധ നേടാനാവാതെ പോയ 'സർക്കീട്ട്' ഒടിടി റിലീസിലൂടെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.

Tags:    

Similar News