'സുന്ദരിയേ..'; ലുക്മാന്റെ 'അതിഭീകര കാമുകൻ' ചിത്രത്തിലെ ഗാനം റിലീസ് ചെയ്തു; പാട്ട് പുറത്തിറക്കി തമിഴ് നടൻ ജീവ; കാത്തിരുന്നതെന്ന് ആരാധകർ
യുവനടൻ ലുക്മാൻ പ്രധാന വേഷത്തിലെത്തുന്ന 'അതിഭീകര കാമുകൻ' എന്ന ചിത്രത്തിന്റെ പുതിയ ഗാനം തമിഴ് നടൻ ജീവ പുറത്തിറക്കി. 'സുന്ദരിയേ...' എന്ന് തുടങ്ങുന്ന പ്രണയഗാനം നവംബർ 14ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ആകാംഷ വർദ്ധിപ്പിച്ചിട്ടുണ്ട്. ലുക്മാൻ അർജുൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ, ദൃശ്യ രഘുനാഥ് നായിക അനുവിനെ അവതരിപ്പിക്കുന്നു.
ബിബിൻ അശോക് ഈണം നൽകി, വൈശാഖ് സുഗുണൻ വരികളെഴുതി, രഖൂ ആലപിച്ച ഈ ഗാനം ചിത്രത്തിന്റെ റൊമാൻ്റിക് കോമഡി സ്വഭാവത്തെ അടിവരയിടുന്നു. കുടുംബബന്ധങ്ങൾ, മധുരമൂറുന്ന പ്രണയം, രസകരമായ മുഹൂർത്തങ്ങൾ എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു. അമ്മ വേഷത്തിൽ മനോഹരി ജോയിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
നേരത്തെ പുറത്തിറങ്ങിയ 'പ്രേമവതി..' എന്ന ഗാനം സിദ്ധ് ശ്രീറാം ആലപിച്ചതും, ഫെജോ പാടിയ 'ഡെലൂലു ഡെലൂലു...!' എന്ന ഗാനവും ഇതിനോടകം ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൻ്റെ സംഗീത അവകാശങ്ങൾ സരിഗമ സ്വന്തമാക്കിയിട്ടുണ്ട്.
പാലക്കാട്, കൊടൈക്കനാൽ, നെല്ലിയാമ്പതി എന്നിവിടങ്ങളിൽ ചിത്രീകരണം പൂർത്തിയായ 'അതിഭീകര കാമുകൻ' പിങ്ക് ബൈസൺ സ്റ്റുഡിയോസ്, എറ്റ്‍സെറ്റ്‍ട്ര എന്‍റർടെയ്ൻമെന്‍റ്സ് ബാനറുകളിൽ ദീപ്തി ഗൗതം, ഗൗതം താനിയിൽ, വി.മതിയലകൻ, സാം ജോർജ്ജ് എന്നിവർ നിർമ്മിക്കുന്നു. സിസി നിഥിനും ഗൗതം താനിയിലും ചേർന്നാണ് സംവിധാനം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.